ആലുവയില്‍ ട്രെയിന്‍ വേഗം കുറയ്ക്കുമ്പോള്‍ യാത്രക്കാരെ വടികൊണ്ട് അടിക്കും, കവര്‍ച്ച; ആറംഗസംഘം പിടിയിൽ

യാത്രക്കാരെ വടികൊണ്ട് ആക്രമിച്ച് കവർച്ച നടത്തിയതിന് പിടികൂടിയവരുമായി റെയിൽവേ പോലീസ് സംഘം
യാത്രക്കാരെ വടികൊണ്ട് ആക്രമിച്ച് കവർച്ച നടത്തിയതിന് പിടികൂടിയവരുമായി റെയിൽവേ പോലീസ് സംഘം

ആലുവ: ട്രെയിനില്‍ സഞ്ചരിക്കുന്ന യാത്രക്കാരെ വടി കൊണ്ട് ആക്രമിച്ച് കവര്‍ച്ച നടത്തുന്ന സംഘം പിടിയില്‍. ആറുപേരെയാണ് റെയില്‍വേ പോലീസ് പിടികൂടിയത്. ആലുവ സൗത്ത് വാഴക്കുളം ഷെഫിന്‍ (18), പെരുമ്പാവൂര്‍ സ്വദേശികളായ മാറമ്പിള്ളി കെ.എ. ആഷിക് (21), അല്ലപ്ര എം. സിറാജ് (26), റയോണ്‍സ് ജോസ്വിന്‍ എല്‍ദോ (18), മുടിക്കല്‍ മുഹമ്മദ് ഫസല്‍ (18), പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരാണ് പിടിയിലായത്.

ആലുവ റെയില്‍വേ സ്റ്റേഷനു സമീപമുള്ള പെരിയാര്‍ പാലത്തില്‍ തീവണ്ടി പോകുമ്പോള്‍ വേഗം കുറച്ചാണ് പോകുന്നത്. ഈ അവസരം മുതലാക്കിയാണ് കവര്‍ച്ച നടത്തുന്നത്.

മേല്‍പ്പാലത്തിനും റെയില്‍വേ സ്റ്റേഷനും ഇടയിലുള്ള ഭാഗത്താണ് കവര്‍ച്ചസംഘം നിലയുറപ്പിക്കുന്നത്. തീവണ്ടിയെത്തുമ്പോള്‍ വാതിലിന് അടുത്തു നില്‍ക്കുന്നവരെ നീളന്‍ വടികൊണ്ട് ആക്രമിക്കും. കൈയില്‍നിന്ന് താഴേക്ക് വീഴുന്ന വസ്തുക്കള്‍ കൈക്കലാക്കും. അടികൊണ്ട് ആളടക്കം താഴേക്ക് വീണാല്‍ മൊത്തം സാധനങ്ങളുമായി സംഘം കടന്നു കളയും.

ഇത്തരം മോഷണശ്രമത്തിനിടെ ഒരു യുവാവിന് പരിക്കുപറ്റിയിരുന്നു. ഞായറാഴ്ച രാത്രി മലബാര്‍ എക്‌സ്പ്രസില്‍ എറണാകുളത്തുനിന്ന് ഷൊര്‍ണൂര്‍ക്ക് പോയ അമ്പലപ്പുഴ സ്വദേശിക്കാണ് സംഘത്തിന്റെ അടിയേറ്റത്. താഴെ വീണ് ഇയാള്‍ക്ക് പരിക്കേറ്റു. 75,000 രൂപയുടെ മൊബൈല്‍ ഫോണും 1500 രൂപയുടെ ഇയര്‍ ഫോണും 700 രൂപയും സംഘം മോഷ്ടിച്ചു. തുടര്‍ന്ന് യുവാവ് നല്‍കിയ പരാതിയിലാണ് എറണാകുളം റെയില്‍വേ പോലീസ് പ്രതികളെ പിടികൂടിയത്. മോഷണ മുതലുകള്‍ പിടിയിലായവരില്‍നിന്ന് കണ്ടെത്തി.

Content Highlights: 6-member gang targeting train passengers with sticks and stealing Arresyed in Aluva