ലഹരി ചോദ്യംചെയ്ത അനിയത്തിയുടെ കഴുത്തിൽ കയറുമുറുക്കി 16-കാരൻ; തടയാൻ ചെന്ന വയോധികൻ കുത്തേറ്റു മരിച്ചു

#ന്യൂസ് ഡെസ്ക്
സുലൈമാൻ
സുലൈമാൻ

ആലത്തൂർ: കാവശ്ശേരി ചുണ്ടക്കാട്ട് കൗമാരക്കാരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന വാഴക്കച്ചിറയിൽ സുലൈമാൻ (75) ശനിയാഴ്ച പുലർച്ചെ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സുലൈമാന്റെ അടുത്ത ബന്ധുവായ പ്ലസ് വൺ വിദ്യാർഥിയെ കോടതിനിർദേശമനുസരിച്ച് എറണാകുളത്തെ ജുവനൈൽ ഹോമിലേക്ക് മാറ്റി.

ഒക്ടോബർ 20-നാണ് സുലൈമാന് കുത്തേറ്റത്. പ്ലസ് വൺ വിദ്യാർഥിയായ 16-കാരൻ ലഹരിവസ്തു ഉപയോഗിക്കുന്നതുകണ്ട ഇളയസഹോദരി ഇക്കാര്യം വീട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞതിന്റെ ദേഷ്യത്തിൽ സഹോദരിയുടെ കഴുത്തിൽ കയറുമുറുക്കുന്നത് തടയാൻ ചെന്നപ്പോഴാണ് സുലൈമാന് കുത്തേറ്റതെന്ന് പോലീസ് പറയുന്നു.

സുലൈമാനെ ആദ്യം ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽകോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പെൺകുട്ടി കഴുത്തിലേറ്റ പരിക്കുമായി തൃശ്ശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവശേഷം രക്ഷപ്പെടാൻ ശ്രമിച്ച 16-കാരനെ അന്നുതന്നെ ആലത്തൂർപോലീസ് കോയമ്പത്തൂരിൽനിന്ന് പിടികൂടി കോടതിയിൽ ഹാജരാക്കിയശേഷം എറണാകുളത്തെ ജുവനൈൽ ഹോമിലേക്ക് മാറ്റി. മയക്കുമരുന്ന് വിമുക്തി കേന്ദ്രത്തിൽ ചികിത്സ തേടിയിട്ടുള്ളയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. സുലൈമാന്റെ ഭാര്യ നസീറ. മക്കൾ: അബൂബക്കർസിദ്ദിഖ് (സൗദി), സുമൈറ, സുനീറ, സുഹറാബി, ആബിദാബി. മരുമക്കൾ: സഫിയ, ഫൈസൽ, ഹസൈനാർ, ഷറഫുദ്ദീൻ, നൗഫൽ.