ഗർഭം മറച്ചുവച്ചു; കൊന്ന് കുഴിച്ചുമൂടിയ ചോരക്കുഞ്ഞിനെ പുറത്തെടുത്ത് കത്തിക്കാനും ശ്രമിച്ചു

ചേർത്തല: ജനിച്ച് അഞ്ചുദിവസമായ കുഞ്ഞിനെ കൊന്ന് യുവതിയുടെ കാമുകന്റെ വീട്ടുവളപ്പിൽ കുഴിച്ചിട്ടു. പ്രസവിച്ച സ്ത്രീയെയും കാമുകനെയും പോലീസ് അറസ്റ്റുചെയ്തു. ചേന്നംപള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് 17-ാം വാർഡ് പല്ലുവേലി കായിപ്പുറം വീട്ടിൽ ആശ(35), കാമുകൻ പല്ലുവേലി പണിക്കാശ്ശേരി റോഡിൽ രാജേഷ് ഭവനത്തിൽ രതീഷ്(38) എന്നിവരാണ് അറസ്റ്റിലായത്.
ഓഗസ്റ്റ് 26-നു ജനിച്ച കുഞ്ഞിനെ 31-ന് ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം ആറോടെ രതീഷിന്റെ വീട്ടിനുള്ളിലെ ശൗചാലയത്തിൽനിന്ന് കണ്ടെടുത്തു. ആദ്യം ഇയാളുടെ വീട്ടുവളപ്പിൽ കുഴിച്ചിടുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ തിങ്കളാഴ്ച ഉച്ചയോടെ പുറത്തെടുത്ത് ശൗചാലയത്തിൽ കത്തിക്കാൻ രതീഷ് ശ്രമിച്ചെങ്കിലും നടന്നില്ല.
അറസ്റ്റിലായ ഇരുവരും വിവാഹിതരാണ്. ആശയ്ക്കു രണ്ടു മക്കളും രതീഷിന് ഒരു കുട്ടിയുമുണ്ട്. കല്ലറ മുണ്ടാർ സ്വദേശിനിയായ ആശയുടെ ഭർത്താവ് പല്ലുവേലി സ്വദേശിയാണ്. ആശയുടെ അകന്ന ബന്ധുവാണ് രതീഷ്.
ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കുഞ്ഞു ജനിച്ചത്. 25-നാണ് സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 26-ന് ശസ്ത്രക്രിയയിലൂടെ ആൺകുഞ്ഞിനു ജന്മം നൽകി. ഇവിടെ മനോജ് എന്ന പേരു നൽകി രതീഷാണ് കൂടെ നിന്നത്. 31-നു രാവിലെ വിടുതൽ ചെയ്തു. അപ്പോൾ കുട്ടി ആരോഗ്യവാനായിരുന്നു. രാത്രി എട്ടരയ്ക്കാണ് പള്ളിപ്പുറത്തുവെച്ച് ഇരുവരും പിരിഞ്ഞത്. ബിഗ്ഷോപ്പറിലാണ് കുട്ടിയെ രതീഷ് കൊണ്ടുപോയത്. അതുവരെ ജീവനുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഭർത്തൃവീട്ടിലായിരുന്ന ആശ എട്ടാംമാസം മുതൽ ആരോഗ്യ പ്രവർത്തകരുടെയും ആശമാരുടെയും നിരീക്ഷണത്തിലായിരുന്നു. എന്നാൽ, ഗർഭിണിയാണെന്ന് ദമ്പതിമാർ സമ്മതിച്ചിരുന്നില്ല. പ്രസവിച്ചതറിഞ്ഞ് കുട്ടിയെ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തായത്.
കുട്ടിയെ വളർത്താൻ ശേഷിയില്ലാത്തതിനാൽ വേറെ ദമ്പതിമാർക്കു നൽകിയെന്നാണ് ആദ്യം പറഞ്ഞത്. ഒറ്റപ്പുന്നയിൽ പൂക്കടനടത്തുകയായിരുന്നു രതീഷ്.
സംശയമുയർന്നതോടെ ആശ പ്രവർത്തകർ ഗ്രാമപ്പഞ്ചായത്തു ഭാരവാഹികളെ അറിയിച്ചു. അവർ പോലീസിൽ അറിയിക്കുകയായിരുന്നു. ആശയുടെ ഫോണിൽനിന്ന് പോലീസ് രതീഷിനെ വീട്ടിലേക്കു വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്.
ചേർത്തല ഡിവൈ.എസ്.പി. കെ.വി. ബെന്നി, ഇൻസ്പെക്ടർ ജി. അരുൺ, എസ്.ഐ. കെ.പി. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. കുഞ്ഞിന്റെ മൃതദ്ദേഹം ചൊവ്വാഴ്ച ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. കുഞ്ഞിന് 3.200 കിലോഗ്രാംതൂക്കമുണ്ട്.
ആശയുടെ കള്ളമൊഴി പൊളിഞ്ഞത് ആശ പ്രവർത്തകയുടെ ജാഗ്രതയിൽ
ചോരക്കുഞ്ഞിനെ അമ്മയും കാമുകനും ചേർന്നു കൊന്നുതള്ളിയ സംഭവം പുറത്തെത്തിയത് പ്രദേശത്തെ ആശ പ്രവർത്തകരുടെ ജാഗ്രതയിൽ. ഗർഭിണിയാണെന്നു പുറത്തറിഞ്ഞപ്പോൾ മുതൽ ആരോഗ്യ കേന്ദ്രത്തിൽനിന്നുള്ള നിർദേശപ്രകാരം ആശ, ആശ പ്രവർത്തകരുടെ നിരീക്ഷണത്തിലായിരുന്നു. എന്നാൽ, ആശ പ്രവർത്തകയായ പി.കെ. തൃപുരേശ്വരിയുടെ ആവർത്തിച്ചുള്ള ഇടപെടലുണ്ടായിട്ടും ഗർഭിണിയാണെന്ന വിവരം ആശയും ഭർത്താവ് മനോജും സമ്മതിച്ചില്ലത്രേ. ഭർത്താവിന്റെ വീട്ടിൽ അപ്പോഴൊന്നും ഒരു സംശയത്തിനും ഇടനൽകാത്ത തരത്തിലായിരുന്നു പെരുമാറ്റം.
പ്രസവത്തിനായി ചേർത്തലയിലേക്കു പോയതും തിരികെയെത്തിയതും ആശ തനിച്ചായിരുന്നു. വീട്ടിലെത്തിയശേഷം ആശ പ്രവർത്തകേരോടും പരസ്പരവിരുദ്ധമായ മറുപടിയാണു നൽകിയത്. ആദ്യം ഗർഭച്ഛിദ്രം നടത്തിയെന്നും പിന്നീട് കുട്ടിയെ കുട്ടികളില്ലാത്ത ദമ്പതിമാർക്ക് വളർത്താൻ നൽകിയെന്നും പറഞ്ഞു. ഇനിയും കുട്ടിയെ വളർത്താൻ കഴിവില്ലാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്നും പറഞ്ഞു. എന്നാൽ, ആശയുടെ മറുപടികളിൽ സംശയം തോന്നിയ ആശ പ്രവർത്തക തൃപുരേശ്വരി വിവരം പഞ്ചായത്ത് പ്രസിഡന്റിനെയും വാർഡുമെമ്പർ കൂടിയായ വൈസ് പ്രസിഡന്റിനെയും അറിയിച്ച് വിവരം പോലീസിനു കൈമാറുകയായിരുന്നു.
പോലീസെത്തി ചോദ്യംചെയ്തപ്പോഴും ആദ്യമാദ്യം തെറ്റിദ്ധരിപ്പിക്കുന്ന മൊഴിനൽകിയെങ്കിലും പിന്നീട് നടന്ന സംഭവങ്ങൾ പറയുകയായിരുന്നു. ഇതോടെ കസ്റ്റഡിയിലെടുത്ത് ആശയുടെ ഫോണിൽനിന്നു രതീഷിനെയും വിളിച്ചുവരുത്തി ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്ത് അറസ്റ്റുചെയ്യുകയായിരുന്നു.
ആശുപത്രിയിൽ പ്രവേശിച്ചതു മുതൽ ആശയ്ക്കൊപ്പം രതീഷാണുണ്ടായിരുന്നതെന്നു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഗർഭകാല ചികിത്സയ്ക്ക് ഇവർ ഇതേ ആശുപത്രിയിൽ തന്നെയായിരുന്നു ചികിത്സതേടിയിരുന്നത്.
അടിമുടി ദുരൂഹത...
ചോരക്കുഞ്ഞിനെ കൊന്നുകുഴിച്ചിട്ട സംഭവത്തിൽ അടിമുടി ദുരൂഹത. ഇവർ ഗർഭിണിയാണെന്ന സംശയമുണ്ടായപ്പോൾ പോലും അക്കാര്യം സമ്മതിക്കാതെ ചെറുത്തിരുന്നു. അപ്പോഴെല്ലാം ഭർത്താവിനൊപ്പമാണ് കഴിഞ്ഞിരുന്നത്.
ആശ പ്രവർത്തകർ ഭർത്താവിനെയും ഗർഭവിവരം അറിയിച്ചെങ്കിലും അദ്ദേഹവും സമ്മതിച്ചില്ല. 25-ന് പ്രസവത്തിനായി ആശുപത്രിയിലേക്കു പോയതും ആറുദിവസത്തിനു ശേഷം മടങ്ങിയെത്തിയതും ആശ തനിച്ചായിരുന്നു. 31-ന് ഇരുവരും ചേർന്നാണ് കുട്ടിയുമായി ആശുപത്രിയിൽ നിന്നിറങ്ങിയതെന്നാണ് ആശുപത്രിയിൽനിന്നുള്ള വിവരം. രാത്രി 8.30നാണ് ഇവർ പള്ളിപ്പുറത്തുനിന്നു പിരിഞ്ഞത്. ആശ കുട്ടിയെ ജീവനോടെയാണ് രതീഷിനു കൈമാറിയെതെന്നും ഇതിനു ശേഷമാണ് കൊലപാതകമെന്ന സംശയവും ഉയർന്നിട്ടുണ്ട്. കുട്ടിയെ അനാഥാലത്തിൽ നൽകുമെന്ന് രതീഷ് പറഞ്ഞതായാണ് ആശയുടെ മൊഴി. തിങ്കളാഴ്ച ഉച്ചയോടെമാത്രമാണ് തൊട്ടടുത്ത വീടുകളിലെ ആളുകൾ പോലും കുട്ടിയെ കൊന്നവിവരം അറിയുന്നത്. തീർത്തും ഒറ്റപ്പെട്ടതാണ് പ്രദേശം. കുട്ടിയെ പുറത്തെടുക്കാൻ വൻ പോലീസ് സന്നാഹവും അനുബന്ധ സന്നാഹങ്ങളുമെത്തിയതോടെ പ്രദേശത്തേക്ക് വിവിധയിടങ്ങളിൽനിന്ന് ആളുകളെത്തി.
പോലീസ് ഉണർന്നു മണിക്കൂറുകൾക്കുള്ളിൽ പ്രതികൾ വലയിൽ
കൊലപാതകവിവരം പുറത്തറിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ കുടുക്കി ചേർത്തല പോലീസ്. ഞായറാഴ്ച സ്വകാര്യ ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ച ശേഷമാണ് പോലീസ് ആശയുടെ വീട്ടിലെത്തി ചോദ്യംചെയ്തത്. ചോദ്യംചെയ്യലിൽ മിനിറ്റുകൾക്കുള്ളിൽ കള്ളങ്ങൾ പൊളിഞ്ഞു. ഉടനടിതന്നെ ഇയാളെയും ആശയുടെ ഫോണിൽ നിന്നു വിളിച്ചുവരുത്തി. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തതോടെ കഥകളുടെ ചുരുളഴിഞ്ഞു. സ്‌റ്റേഷനിലെത്തിച്ച് നടപടികൾ പൂർത്തിയാക്കി വൈകീട്ടോടെ രതീഷിനെ വീട്ടിലെത്തിച്ച് മൃതദേഹം പുറത്തെത്തിക്കുകയായിരുന്നു.
ചേർത്തല ഡിവൈ.എസ്.പി. കെ.വി. ബെന്നി, സ്റ്റേഷൻ ഇൻസ്പക്ടർ ജി. അരുൺ, എസ്.ഐ. കെ.പി. അനിൽകുമാർ, എം. ശ്രീജിത്ത്, ആരതി, ധൻരാജ് ഡി. പണിക്കർ എന്നിവർ ചേർന്നാണ് അറസ്റ്റുചെയ്തത്.
ഞെട്ടൽ ഒഴിയാതെ പാണാവള്ളി
പൂച്ചാക്കൽ: പാണാവള്ളിയിൽ ചോരക്കുഞ്ഞിനെ അമ്മയുടെ കാമുകനും ഇയാളുടെ കൂട്ടുകാരനും ചേർന്ന് കുഴിച്ചുമൂടിയ സംഭവം നടന്ന് ഒരുമാസം തികയുന്നതിനുമുൻപുതന്നെ പള്ളിപ്പുറം പഞ്ചായത്തിലും സമാനരീതിയിലുണ്ടായ സംഭവത്തിൽ നാട് ഞെട്ടലിൽ.
പള്ളിപ്പുറം പഞ്ചായത്ത് 17-ാം വാർഡിലാണ് ചോരക്കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ട സംഭവം തിങ്കളാഴ്ച പുറത്തറിയുന്നത്. കുഞ്ഞിന്റെ അമ്മ പള്ളിപ്പുറം പഞ്ചായത്ത് കായിപ്പുറം ആശയും ആശയുടെ കാമുകൻ രാജേഷ് ഭവനത്തിൽ രതീഷും പോലീസിന്റെ പിടിയിലായി.
രതീഷിന്റെ വീടിന്റെ ശൗചാലയത്തിനുസമീപം കുഴിച്ചിട്ട നിലയിലായിരുന്നു. രതീഷാണ് കുഞ്ഞിനെ കുഴിച്ചിട്ടതെന്ന് പോലീസിനോടു സമ്മതിച്ചിട്ടുണ്ട്. ഇയാളാദ്യം കുഞ്ഞിനെ മണ്ണിൽ കുഴിച്ചിട്ടശേഷം പിന്നീട് മാന്തിയെടുത്ത് ശൗചാലയത്തിൽ കൊണ്ടിടുകയായിരുന്നു. തെളിവില്ലാതാക്കാൻ കത്തിക്കാനും ശ്രമിച്ചതായി വിവരമുണ്ട്. ആശ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. വിവാഹിതനായ രതീഷിനും ഒരു കുട്ടിയുണ്ട്.
പാണാവള്ളിയിൽ മൂന്നാഴ്ച മുൻപ് ചോരക്കുഞ്ഞിനെ കുഴിച്ചിട്ട സംഭവത്തിൽ പ്രതികളായ കുഞ്ഞിന്റെ അമ്മ പാണാവള്ളി പഞ്ചായത്ത് 13-ാം വാർഡ് ആനമൂട്ടിച്ചിറ ഡോണാ ജോജി (22), കുഞ്ഞിന്റെ അച്ഛൻ തകഴി വിരുപ്പാല രണ്ടുപറ പുത്തൻപറമ്പ് തോമസ് ജോസഫ് (24), ഇയാളുടെ കൂട്ടുകാരൻ തകഴി കുന്നുമ്മ ജോസഫ് സദനത്തിൽ അശോക് ജോസഫ് (30) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. തകഴി കുന്നുമ്മ പാടശേഖരത്തിന്റെ പുറംബണ്ടിൽ കുഴിച്ചിട്ട നിലയിലായിരുന്നു കണ്ടെടുത്തത്.
Content Highlights: 5-Day-Old Infant Murdered By Mother, Boyfriend