സെമിത്തേരിയിൽ അതിക്രമിച്ചുകയറി റീൽസ് ചിത്രീകരണം; ഇരട്ടസഹോദരങ്ങളടക്കം മൂന്നുപേർ അറസ്റ്റിൽ

#സ്വന്തം ലേഖകന്‍

ആലപ്പുഴ: സാമൂഹികമാധ്യമങ്ങളിൽ വൈറലാകാൻ സെമിത്തേരിയിൽ റീൽസ് ചീത്രികരിച്ച സംഭവത്തിൽ മൂന്നുയുവാക്കൾ അറസ്റ്റിൽ. പൂന്തോപ്പ് സ്വദേശികളും ഇരട്ട സഹോദരങ്ങളുമായ സച്ചിൻ, സഞ്ജയ്, ഇവരുടെ സുഹൃത്തും കൊമ്മാടി സ്വദേശിയുമായ അൻസിൽ എന്നിവരെയാണ് ആലപ്പുഴ നോർത്ത് പോലീസ് പിടികൂടിയത്. സംഭവത്തിൽ ഒരാൾക്കൂടി പിടിയിലാകാനുണ്ട്.

കഴിഞ്ഞദിവസം പുലർച്ചെ 2.30-നായിരുന്നു സംഭവം. പൂന്തോപ്പ് സെയിന്റ് ഫ്രാൻസീസ് പള്ളിയുടെ സെമിത്തേരി മതിൽ ചാടിക്കടന്നാണ് യുവാക്കൾ സാഹസം കാട്ടിയത്. ശവക്കല്ലറയ്ക്ക് മുകളിലിരുന്ന് ലഹരി വസ്തുക്കൾ ഉപയോഗിക്കുകയും ആടിപ്പാടി റീൽസ് ഉണ്ടാക്കി ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തു.

മതിൽചാടികടന്ന് യുവാക്കൾ ചെയ്ത പ്രവൃത്തികൾ പള്ളി സ്ഥാപിച്ച സി.സി.ടി.വിയിൽ വ്യക്തമായിരുന്നു. തുടർന്ന് പള്ളി ഭാരവാഹികൾ ആലപ്പുഴ നോർത്ത് പോലീസിൽ പരാതി നൽകി.

സമൂഹത്തിൽ സ്പർദ്ദയുണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് നോർത്ത് പോലീസ് യുവാക്കൾക്കെതിരേ കേസെടുത്തത്. അതേസമയം, റീൽസിലെ രംഗങ്ങളിൽനിന്ന് എല്ലാവരും തിരിച്ചറിയുകയും പരാതി ഉയരുകയും ചെയ്ത കാര്യം മനസിലാക്കിയ യുവാക്കൾ വീട്ടിൽനിന്ന് മുങ്ങി. ഒടുവിൽ പോലീസ് നടത്തിയ അന്വേഷണത്തിലൊടുവിലാണ് മൂന്നു പ്രതികളെ ഇ.എം.എസ്. സ്റ്റേഡിയത്തിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽനിന്ന് പിടികൂടിയത്.

പ്രതികളെ ആലപ്പുഴ ഡി.വൈ.എസ്.പിയുടെയും നോർത്ത് എസ്.ഐയുടെയും നേതൃത്വത്തിൽ പള്ളിയിലെ സെമിത്തേരിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. നാലാമത്തെ പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി നോർത്ത് പോലീസ് പറഞ്ഞു.

Content Highlights: Three suspects arrested for trespassing and desecrating a cemetery in Alappuzha., The accused filmed Instagram reels while consuming drugs on graves., Police acted based on CCTV footage provided by church authorities., Suspects charged under non-bailable sections for disturbing social harmony.