കൊച്ചിയില്‍ ഭാര്യയെ കുത്തിയശേഷം ഭർത്താവ് സ്വയം കഴുത്തറത്തു

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കൊച്ചി: ഭാര്യയെ കത്തികൊണ്ട് കുത്തിയ ശേഷം ഭർത്താവ് കഴുത്തറത്ത് ആത്മഹത്യക്കു ശ്രമിച്ചു. മഞ്ഞുമ്മൽ പള്ളിക്കുസമീപം ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. ഭർത്താവായ ഹാരീസാണ് ഭാര്യ ഫസീനയെ ആക്രമിച്ചത്. ഫസീനയുടെ കൈക്കാണ് കുത്തേറ്റത്. പിന്നീട് ഹാരിസ് സ്വയം കഴുത്തറക്കുകയായിരുന്നു. 

മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫസീനയുടെ പരിക്ക് ​ഗുരുതരമല്ല. അതേസമയം, ഹാരിസ് അതീവ ​ഗുരുതരാവസ്ഥയിൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുടുംബ വഴക്കാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് വിവരം. 

ഏറെ നാളായി ക്യാൻസർ രോ​ഗിയാണ് ഹാരീസ്. ചികിത്സയിലായിരുന്നതിനാൽ ജോലിക്കും പോകാൻ സാധിച്ചിരുന്നില്ല. ഫസീന ചെറിയ ജോലികൾ ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. നാട്ടുകാരുടെ സഹായവും ലഭിച്ചിരുന്നു. മഞ്ഞുമ്മലിലെ വാടക വീട്ടിൽ താമസിച്ചിരുന്ന ഇരുവരും തമ്മിൽ വഴക്കുകൾ പതിവാണെന്നാണ് വാർഡ് കൗൺസിലർ അടക്കം പറയുന്നത്. 

Content Highlights: After stabbing wife and husband cut his own throat