ഏഴുവയസ്സുകാരനെ കാണാതായി, നാടടച്ച് അന്വേഷണം; ഒടുവിൽ കണ്ടു, അയൽവീട്ടിലെ കാറിന്റെ ഡിക്കിയിൽ

പ്രതീകാത്മക ചിത്രം | നിർമ്മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്
പ്രതീകാത്മക ചിത്രം | നിർമ്മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്

ആലപ്പുഴ: ഏഴുവയസ്സുള്ള കുട്ടിയെ വീട്ടിൽനിന്നു കാണാതായി. വീടും പരിസരവും അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്തിയില്ല. പരിഭ്രാന്തിയിലായ വീട്ടുകാർ പോലീസിനെ അറിയിച്ചു. നീണ്ട തിരച്ചിലിനൊടുവിൽ അയൽവീട്ടിലെ കാറിന്റെ ഡിക്കിയിൽനിന്ന്‌ കുട്ടിയെ കിട്ടി. ആലപ്പുഴ പി. ആൻഡ് ടി. ക്വാർട്ടേഴ്സിലായിരുന്നു സംഭവം. വെള്ളിയാഴ്ച രാവിലെയാണ് വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാകുന്നത്.

ക്വാർട്ടേഴ്സിനകത്തും പരിസരത്തും വീട്ടുകാരും നാട്ടുകാരും പരിശോധന നടത്തി. തുടർന്നാണ് 112 എന്ന നമ്പരിലേക്കു വിളിച്ചത്. ഉടൻ സൗത്ത് പോലീസ് ക്വാട്ടേഴ്സിലെത്തി. കുട്ടിയെ കാണാതായ വാർത്ത വയർലസ് വഴി മറ്റു സ്റ്റേഷനുകളിലുമെത്തി. എല്ലാ സ്ഥലങ്ങളിലും പോലീസ് പരിശോധന നടത്തി.

തട്ടിക്കൊണ്ടുപോകൽ സംശയങ്ങൾ ഉൾപ്പെടെ തലപൊക്കി. അതിനാൽ വീട്ടുകാരും ഭയപ്പെട്ടു. ഒരുമണിക്കൂർ പരിശോധനയ്ക്കൊടുവിൽ പി. ആൻഡ് ടി. ക്വാട്ടേഴ്സിലെ ഇവരുടെ അയൽവാസിയുടെ കാറിന്റെ ഡിക്കിയിൽനിന്ന്‌ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കളിക്കിടയിൽ കുട്ടി വണ്ടിയിൽ കയറുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

Content Highlights: 7-year-old boy went missing, found inside neighbour's car's boot after searching