ഡൽഹിയിൽ 17-കാരി കൂട്ടബലാത്സംഗത്തിനിരയായി; അക്രമികളെത്തിയത് പോലീസുകാരെന്ന വ്യാജേന

ന്യൂഡൽഹി: പോലീസുകാരാണെന്ന് അവകാശപ്പെട്ടെത്തിയ മൂന്നംഗസംഘം പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സൗത്ത് ഡൽഹിയിലെ കൽകാജി ക്ഷേത്രത്തിന് സമീപത്തെ പാർക്കിൽ തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം.
പതിനേഴുകാരനായ ആൺസുഹൃത്തിനൊപ്പം കൽകാജി ക്ഷേത്രത്തിലെത്തിയതായിരുന്നു പെൺകുട്ടി. പ്രാർഥനയ്ക്ക് ശേഷം ഇരുവരും ഏഴരയോടെ സമീപത്തെ പാർക്കിലെത്തി. ഇവിടെവെച്ചായിരുന്നു പെൺകുട്ടി ആക്രമിക്കപ്പെട്ടത്. പ്രതികളിലൊരാൾ പിടിയിലായിട്ടുണ്ട്.
പാർക്കിലെത്തിയ പെൺകുട്ടിയുടെയും ആൺസുഹൃത്തിന്റെയും അരികിലേക്ക് 25-നും 30-നും ഇടയിൽ പ്രായമുള്ള മൂന്ന് പുരുഷന്മാർ എത്തി. പോലീസുകാരാണെന്ന് അവകാശപ്പെട്ട ഇവർ പെൺകുട്ടിയെയും സുഹൃത്തിനെയും ഭീഷണിപ്പെടുത്തുകയും തുടർന്ന് പതിനേഴുകാരിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. പ്രതികളിലൊരാൾ കത്തിയും തോക്കും കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പോലീസിന് നൽകിയ പരാതിയിൽ പറയുന്നുണ്ട്.
രാത്രി എട്ടേമുക്കാലോടെയാണ് അക്രമത്തെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. തുടർന്ന് ഉടൻ പോലീസ് സ്ഥലത്തെത്തി. ഡൽഹി സ്വദേശിയാണ് പെൺകുട്ടിയെന്നും കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയെന്നും പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ മൊഴിയെടുത്ത ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Content Highlights: A group of three men, claiming to be police officers, allegedly gang-raped a 17-year-old girl near Kalkaji Temple in South Delhi.