നടിയുടെ പരാതിയിൽ ബോബി ചെമ്മണൂരിനെതിരേ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: ബോബി ചെമ്മണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ദ്വയാർത്ഥ പ്രയോഗത്തിലൂടെ അപമാനിച്ചെന്ന് കാണിച്ച് നടി നൽകിയ പരാതിയിൽ എടുത്ത കേസിലാണ് എറണാകുളം സെൻട്രൽ പോലീസ് കുറ്റപത്രം സമർപ്പിച്ചത്.
ബോബി ചെമ്മണൂരിനെതിരെ ജനുവരി എട്ടിനാണ് സെൻട്രൽ പോലീസ് കേസ് എടുത്തത്. ബിഎൻഎസ് 75 / ഐടി ആക്ട് 67-ന് പുറമേ പിന്തുടർന്ന് ശല്യം ചെയ്തതിന്റെ വകുപ്പും ചുമത്തിയിട്ടുണ്ട്. ബോബി ചെമ്മണൂർ സ്ഥിരമായി ദ്വയാഥാർത്ഥ പ്രയോഗം നടത്തുന്നയാളാണെന്ന് കുറ്റപത്രത്തിൽ പരാമർശമുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെ പലർക്കുമെതിരേ നടത്തിയ ലൈംഗികാധിക്ഷേപത്തിന്റെ തെളിവുകളും ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയത്. കേസിൽ നടിയുടെ രഹസ്യമൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഇതും ബോബി ചെമ്മണൂർ നൽകിയ അഭിമുഖങ്ങളുടെ വീഡിയോ ക്ലിപ്പുകളും സാക്ഷി മൊഴികളും കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്.
കേസിൽ അഞ്ചു ദിവസം ജയിലിൽ കഴിഞ്ഞ ബോബി ചെമ്മണൂർ ഹൈക്കോടതി അനുവദിച്ച ജാമ്യത്തിലാണ് പുറത്തിറങ്ങിയത്. ജയിൽ മോചിതനായ ശേഷം പരസ്യമായി മാപ്പ് ചോദിച്ച് ബോബി ചെമ്മണൂർ രംഗത്തെത്തിയിരുന്നു.
Content Highlights: Kerala police file chargesheet against businessman Boby Chemmanur