‘എന്റെയുള്ളിലെ ഭീരുവിനെ ഞെട്ടിച്ചുകൊണ്ട് കൈ ചെകിടത്ത് ആഞ്ഞുപതിച്ചു, അവൾക്കെന്റെ മകളുടെ പ്രായമാണ് !’

ബസ് ഇപ്പോള്‍ പുഴക്കാട്ടീരി അങ്ങാടിയിലെത്തി കിതപ്പാറ്റുകയാണ്. വിദ്യാര്‍ഥികളും മറ്റു യാത്രക്കാരും ഇടമില്ലാത്ത ബസ്സിലേക്ക് ഇടമുണ്ടാക്കി തള്ളിക്കയറുകയാണ്. ഇവിടെ ആളിറങ്ങാനുള്ളത് കൊണ്ടാണ് ബസ് നിര്‍ത്തിയത്. ഇല്ലെങ്കില്‍ വിദ്യാര്‍ഥികളെ കയറ്റാന്‍ മടിച്ച് നിര്‍ത്താതെ പോവുമായിരുന്നു. ഓരോ ബസ് യാത്രയിലും വിദ്യാര്‍ഥികളെ കയറ്റാന്‍ മടിച്ച് ബസ് നിര്‍ത്താതെ മുമ്പോട്ടു പോവുമ്പോള്‍ ഞാനെന്റെ മക്കളെ ഓര്‍ക്കും. അവരില്‍ രണ്ടു പേര്‍ ഇപ്പഴും ബസ്സില്‍ തന്നെയാണ് സ്‌കൂളിലേക്കും കോളേജിലേക്കും പോവുന്നത്. മൂത്ത ആള്‍ ഹോസ്റ്റലിലായതിനാല്‍ അവളെക്കുറിച്ച് ആ ബേജാറില്ല. നിര്‍ത്താതെ പോവുന്ന ബസ്സിനെ നോക്കി സ്റ്റോപ്പില്‍ അന്തംവിട്ട് നില്‍ക്കുന്ന മകളെ ഞാന്‍ ഓര്‍ക്കും. പൊതുവേ ഉള്ളിലേക്ക് വലിയുന്നവളും ഭയങ്കര വൃത്തിക്കാരിയുമായ അവള്‍ തിരക്കുള്ള ബസ്സില്‍ തിക്കിത്തിരക്കി കയറാറില്ല. മകന്‍ കിട്ടുന്ന ബസ്സില്‍ ചാടിക്കയറും. മൂത്തവളും അങ്ങനെ തന്നെ. പക്ഷേ, നടുവിലത്തെ ആള്‍ എന്നും വൈകിയാണ് വീട്ടിലെത്തുന്നത്. മുഴുവന്‍ കാശ് കൊടുത്തിട്ടായാലും ബസ്സില്‍ കയറണമെന്ന് എത്ര പറഞ്ഞാലും അവള്‍ തിരക്കില്‍ നിന്ന് മാറി നില്‍ക്കും. തിരക്കൊഴിഞ്ഞ് നില്‍ക്കാനുള്ള ഇടമേ ഉള്ളൂവെങ്കിലും ചിലപ്പോള്‍ ബസ്സുകള്‍ സ്റ്റോപ്പില്‍ നിര്‍ത്താതെ പോവും.
എന്നിട്ട് ഒരുവിധം അവള്‍ വീടെത്തിച്ചേരുമ്പോള്‍ നേരം ഒരുപാട് വൈകിയിട്ടുണ്ടാവും. അത്തരത്തില്‍ എത്രയെത്ര കുട്ടികളുണ്ടാവും നമ്മുടെ കേരളത്തില്‍ ബസ് കാത്തുനില്‍ക്കുന്നവരായിട്ട്. വരാന്‍ വൈകുമ്പോള്‍ ഈ കെട്ടകാലത്ത് മക്കളെ ഓര്‍ത്ത് വേവലാതിപ്പെടുന്ന എത്രയെത്ര അച്ഛനമ്മമാര്‍ ഉണ്ടാവും? നില്‍ക്കാനുള്ള ഇടമുണ്ടായിട്ടും അവളുടെ മുമ്പില്‍ നിര്‍ത്താതെ പോയ ബസ്സിനെ നോക്കി അവള്‍ അന്തം വിട്ടുനില്‍ക്കുന്നത് എനിക്കിപ്പോഴും കാണാം. ആ സമയങ്ങളില്‍ ഫോണ്‍ ചെയ്തിട്ടും കാര്യമില്ല. അവള്‍ ഫോണെടുക്കില്ല. വീടെത്തിച്ചേരാനുള്ള വേവലാതി അവളും അവള്‍ വൈകുന്നതിന്റെ വേവലാതി ഞങ്ങളും ഒരേ പോലെ അനുഭവിക്കും. 'ഓള് ചെറിയ കുട്ട്യല്ലല്ലോ ഇങ്ങട്ട് വരും മനുഷ്യാ..' എന്ന് ഭാര്യ പറയുമ്പോള്‍ ഞാന്‍ ഓര്‍ക്കും. ചെറിയ കുട്ടിയായിരുന്നപ്പോള്‍ അവളെയോര്‍ത്ത് ഞാനിത്ര ബേജാറായിട്ടില്ലല്ലോ എന്ന്.
Content Highlights: Writer Muhammed Abbas writes about his memories of a bus travel. read the exciting journey in mathrubhumi yathram gamaya column