ഇണചേർന്ന് ഇണയെ തിന്നുന്നവൾ, യുദ്ധം ജയിച്ച് പ്രലോഭിക്കുന്നവൻ.. ലൈംഗികതയുടെ അത്ഭുതലോകം

ലൈംഗികച്ചുവയുള്ള എന്തെങ്കിലും കേൾക്കുകയോ കാണുകയോ ചെയ്യുമ്പോഴേക്ക് മനുഷ്യരോളം ഉന്മത്തരാവുന്ന മറ്റേതെങ്കിലും ജീവികൾ ഉണ്ടാവാൻ ഇടയില്ല. കാരണം ലൈംഗികത എന്നത് മനുഷ്യർക്ക് പ്രത്യുത്പാദന പ്രക്രിയമാത്രമല്ല, ആനന്ദകരവും ആസ്വാദ്യവുമായ അനുഭവം കൂടിയാണ്. അതുകൊണ്ടാണല്ലോ അതിനെ ഒരു ശാസ്ത്രമായി വികസിപ്പിച്ച് 'കാമശാസ്ത്രം' വരെ എഴുതിക്കളഞ്ഞത്. എന്നാൽ മറ്റുപല ജീവികളിലും അതല്ല സ്ഥിതി. പുതിയ തലമുറയെ ഉത്പാദിപ്പിക്കാനുള്ള ഈ ജൈവികതന്ത്രം ചില ജീവികൾക്കെങ്കിലും 'ജീവൻമരണ പോരാട്ട' മാണ്. കാരണം ആ പ്രക്രിയ കഴിയുന്നതോടെ ചിലപ്പോൾ ജീവഹാനിയുണ്ടാകും. പുതിയ തലമുറയ്ക്ക് ജന്മം കൊടുക്കുന്നതോടെ ഇഹലോകവാസം വെടിയുന്ന ജീവികൾ, ലൈംഗികതക്ക് 'വലിയ വില' കൊടുക്കേണ്ടിവരുന്ന വേറേ ചില ജീവികൾ, വിചിത്രമായ ഇണചേരൽ സ്വഭാവങ്ങൾ കാണിക്കുന്ന കുറേജീവികൾ... ഇങ്ങനെ ജീവജാലങ്ങളുടെ ലൈംഗികജീവിതം അത്ഭുതകരമായ ഒന്നാണ്. ആ അത്ഭുതമാണെങ്കിൽ പരിണാമപരമായി മാത്രം വിശദീകരിക്കാവുന്നതുമാണ്.
ആ വിഷയത്തിലേക്ക് കടക്കുന്നതിന് മുൻപ് ലൈംഗികതയുടെ ചരിത്രം ചെറുതായെങ്കിലും ഒന്ന് പറയേണ്ടിവരും. ആദ്യകാല ജീവികളിൽ പലതിലും ലൈംഗികപ്രജനനമായിരുന്നില്ല ഉണ്ടായിരുന്നത് എന്നറിയാമല്ലോ. ഒരു ജീവിതന്നെ വിഘടിച്ചും പിളർന്നും പലതാവുന്നതായിരുന്നു(binary fission) രീതി. എന്നാൽ ഇതിനൊരു പ്രശ്നമുണ്ട്, ഒരേ ജനിതകമാണ് പുതിയ തലമുറയിലേക്ക് പങ്കുവെക്കപ്പെടുന്നത്. അത് അതിജീവന സാധ്യത കുറയ്ക്കും. വേഗം രോഗങ്ങൾ പിടിപെടും. കൂട്ടനാശത്തിനും കാരണമാവാം. ഈ സാഹചര്യത്തിലാണ് വ്യത്യസ്ത ജനിതകങ്ങൾ പങ്കിടുന്ന ലൈംഗിക പ്രത്യുത്പാദനം പ്രസക്തമാവുന്നത്. വ്യത്യസ്തജീവികൾ തമ്മിൽ ഇണചേരുമ്പോഴുണ്ടാകുന്ന ജനിതകവൈവിധ്യം തലമുറകളെ കൂടുതൽ ശക്തവും പ്രതിരോധശേഷിയുള്ളതുമാക്കും. ലൈംഗിക പ്രതുത്പാദനം എന്ന അവസ്ഥയിലാണ് 'തിരഞ്ഞെടുപ്പ്' എന്ന മത്സരം വേണ്ടിവരുന്നത്. പലപ്പോഴും മികച്ച ജനിതകഘടനയുള്ള ജീവിയാകും ഇണയായി തിരഞ്ഞെടുക്കപ്പെടുക. അപ്പോൾ ലൈംഗിക പ്രജനനത്തിന് സമയവും ഊർജവും കൂടുതൽ വേണം, ഇണയെ കണ്ടെത്തണം, അതിനുള്ള മത്സരങ്ങളെ അതിജീവിക്കണം. ഇത്തരം സാഹസികതയൊക്കെ വേണ്ടിവന്നിട്ടും ഈ രീതിതന്നെ ഇന്ന് കൂടുതൽ ജീവികളിൽ കാണുന്നതിന് കാരണം ജനിതകവൈവിധ്യം നൽകുന്ന അതിജീവനസാധ്യതതന്നെയാണ്. ലൈംഗിക പ്രജനനം നടക്കുന്ന ജീവികളിൽത്തന്നെ ആണില്ലാത്തതും ആണും പെണ്ണും ഒരേ ജീവിയിൽത്തന്നെ ഉള്ളതുമുണ്ട്. ലിംഗം മാറ്റാൻ കഴിയുന്ന ജീവികൾ വേറേയുമുണ്ട്.
Content Highlights: Evolutionary necessity of sexual reproduction for genetic diversity., Bizarre mating behaviors including self-sacrifice and cannibalism., Adaptations like sex-changing organisms and complex courtship rituals., The role of natural selection in ensuring species survival in 2026.