മംദാനിയില്‍ നിന്ന് പഠിക്കാനുണ്ട്; ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ ബാക്കി പത്രം| വഴിപോക്കന്

ബിഹാറിലെ സുനാമിയിൽ ചിരിക്കുന്നത് നരേന്ദ്ര മോദിയും നിതിഷ് കുമാറും മാത്രമല്ല തിരഞ്ഞെടുപ്പ് കമ്മീഷൻ കൂടിയാണെന്ന നിരീക്ഷണം ഉയരുന്നുണ്ട്. മഹാ സഖ്യത്തിനേറ്റ തിരിച്ചടിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പങ്ക് കുറച്ചു കാണാനാവില്ലെങ്കിലും കോൺഗ്രസും ആർജെഡിയും വിശദമായ ആത്മപരിശോധന നടത്തണമെന്നാണ് ഇവർക്കൊപ്പം നിലയുറപ്പിച്ചിട്ടുള്ള സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ് പറയുന്നത്. 2010 ൽ 22 സീറ്റിലേക്ക് ഒതുങ്ങിയ ചരിത്രം ആർജെഡിക്കുണ്ട്. അതുകൊണ്ടുതന്നെ 2025 ഒന്നിന്റെയും അവസാനമാവുന്നില്ല എന്നായിരിക്കും തേജസ്വി യാദവ് പറയുക. പക്ഷേ, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തോൽവി തോൽവി തന്നെയാണ്. വിജയം പോലെ മധുരിക്കുന്ന മറ്റൊന്നില്ല താനും.
ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് ബിഹാറിലെ വിജയം നിർണ്ണായകമായിരുന്നു. ഉത്തരേന്ത്യയിൽ , ഹിന്ദി ഹൃദയ ഭൂമിയിൽ ബിജെപിക്ക് സമ്പൂർണ്ണ ആധിപത്യം ഇല്ലാത്ത ഒരേയൊരു സംസ്ഥാനമാണ് ബിഹാർ. യുപിയിലും ഒഡിഷയിലും ഉത്തരാഖണ്ഡിലും മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ഹരിയാനയിലും ബിജെപിക്ക് എന്ത് കളിയും കളിക്കാം. പക്ഷേ, ബിഹാറിൽ ആ നിലയിലേക്ക് ബിജെപി ഇനിയും എത്തിയിട്ടില്ല. നിതിഷ് കുമാർ കളത്തിൽ നിന്ന് നിഷ്ക്രമിക്കുന്നതോടെ ബിഹാറും കൈപ്പിടിയിലാക്കാനാവും എന്ന കണക്കുകൂട്ടലിലാണ് ബിജെപി കരുക്കൾ നീക്കുന്നത്. ആ വലിയ ലക്ഷ്യത്തിലേക്കുള്ള വലിയ മുന്നേറ്റമായാണ് ഈ തിരഞ്ഞെടുപ്പ് വിജയം ബിജെപി കാണുന്നത്.