സര്‍ക്കാര്‍ ജോലിയിലേക്ക് എളുപ്പവഴി, ഒറ്റപ്പരിശീലനത്തിലൂടെ മൂന്ന് പി.എസ്.സി. പരീക്ഷ ജയിക്കാം

സര്‍ക്കാര്‍ മേഖലയില്‍ ബിരുദധാരികള്‍ക്ക് ഏറ്റവുംകൂടുതല്‍ നിയമനം ലഭിക്കുന്ന തസ്തികയാണ് കമ്പനി/ കോര്‍പ്പറേഷന്‍ അസിസ്റ്റന്റ്. സംസ്ഥാന സര്‍ക്കാരിനുകീഴിലെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലാണ് നിയമനം. നിലവിലെ ലിസ്റ്റില്‍നിന്ന് 2500-ലേറെ നിയമനങ്ങള്‍ ഇതിനകം നടന്നിട്ടുണ്ട്. ലിസ്റ്റിന്റെ കാലാവധി ഇനിയും ഒരുവര്‍ഷത്തോളം ബാക്കിയുമുണ്ട്. അപ്പോഴേക്കും നിയമന ശുപാര്‍ശ 3500-ലേറെയാവാനാണ് സാധ്യത.
പുതിയ റാങ്ക് ലിസ്റ്റ് തയ്യാറാക്കാനായുള്ള പരീക്ഷയ്ക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
പി.എസ്.സി. വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ വഴി നവംബര്‍ 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ബിരുദമാണ് യോഗ്യത. രണ്ട് കാറ്റഗറികളുണ്ട്. രണ്ടിലേക്കും വെവ്വേറെ അപേക്ഷിക്കണം. വിശദമായ വിജ്ഞാപനം മാതൃഭൂമി തൊഴില്‍വാര്‍ത്തയുടെ ഒക്ടോബര്‍ 25-ന്റെ ലക്കത്തിലുണ്ട്.
ബിരുദധാരികള്‍ക്ക് വലിയതോതില്‍ നിയമനംലഭിക്കുന്ന സര്‍വകലാശാല അസിസ്റ്റന്റ് തസ്തികയിലേക്കുള്ള വിജ്ഞാപനവും പി.എസ്.സി.യില്‍ തയ്യാറായി വരികയാണ്. നവംബറിലോ ഡിസംബറിലോ പ്രസിദ്ധീകരിക്കുമെന്നാണ് അറിയുന്നത്. സര്‍ക്കാര്‍ ജോലി ലക്ഷ്യമിടുന്നവര്‍ക്കെല്ലാം ഇതൊരു സുവര്‍ണാവസരമാണ്.
ബിരുദം യോഗ്യതയായ മേല്‍പ്പറഞ്ഞ മൂന്ന് കാറ്റഗറികള്‍ക്കും പൊതുവായി ഒറ്റ പ്രാഥമിക പരീക്ഷയും തുടര്‍ന്ന് വെവ്വേറെ മുഖ്യപരീക്ഷയും നടത്താനാണ് സാധ്യത. ഇവയെല്ലാം ഒറ്റ സിലബസില്‍ത്തന്നെയായിരിക്കുമെന്നാണ് ബന്ധപ്പെട്ട പി.എസ്.സി. കേന്ദ്രങ്ങളില്‍നിന്ന് ലഭിക്കുന്ന സൂചന. ഒറ്റത്തയ്യാറെടുപ്പിലൂടെ എല്ലാപരീക്ഷയും ജയിക്കാനുള്ള വഴിയാണ് തെളിഞ്ഞുവരുന്നതെന്നര്‍ഥം.
മൂന്ന് കാറ്റഗറികളിലെ പരീക്ഷകള്‍ക്കുമായി വിദഗ്ധര്‍ തയ്യാറാക്കിയ സമഗ്ര പരിശീലനം മാതൃഭൂമി തൊഴില്‍വാര്‍ത്തയില്‍ ആരംഭിച്ചു. പ്രാഥമിക പരീക്ഷയ്ക്കും മുഖ്യപരീക്ഷയ്ക്കും ഒന്നിച്ച് തയ്യാറെടുക്കാവുന്ന വിധമാണ് പരിശീലനം. സിലബസിന്റെ സമ്പൂര്‍ണ കവറേജിലൂടെ ഏത് നിലവാരത്തിലുള്ള ചോദ്യവും നേരിടാന്‍ ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. മുന്‍ പരീക്ഷകളുടെ ചോദ്യ വിശകലനം, പാഠപുസ്തകങ്ങളിലെ വേറിട്ട വിവരങ്ങള്‍, മാതൃകാ ചോദ്യങ്ങള്‍ എന്നിവയാണ് തുടക്കത്തില്‍ ഉള്‍പ്പെടുത്തുന്നത്. കൂടാതെ പാഠഭാഗങ്ങള്‍ വേഗത്തില്‍ പഠിക്കാന്‍ Highspeed GK, എളുപ്പം പഠിക്കാന്‍ GK Pic തുടങ്ങിയ വേറിട്ടപംക്തികളുമുണ്ട്. അടുത്തഘട്ടത്തില്‍ എഴുതിപ്പരിശീലിക്കാവുന്ന മാതൃകാ പരീക്ഷകളുമുണ്ടാവും.
ഇംഗ്ലീഷ് ചോദ്യപ്പേപ്പര്‍ ഉപയോഗിച്ച് പരീക്ഷയെഴുതുന്നവരെക്കൂടി ഉള്‍ക്കൊള്ളുന്നു എന്നതാണ് പരിശീലനത്തിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. അസിസ്റ്റന്റ് പരീക്ഷാസിലബസിലെ പാഠഭാഗങ്ങള്‍ ഹരിശ്രീയില്‍, ഇംഗ്ലീഷില്‍ പ്രത്യേകം അവതരിപ്പിക്കുന്നു. ബിരുദതല പരീക്ഷകള്‍ക്ക് മലയാളത്തില്‍ ചോദ്യപ്പേപ്പര്‍ ലഭ്യമാണെങ്കിലും വികലമായ പരിഭാഷ ഉദ്യോഗാര്‍ഥികള്‍ക്ക് വലിയ വെല്ലുവിളിയായിട്ടുണ്ട്. അതുകൊണ്ടുതന്നെ മലയാള ചോദ്യപ്പേപ്പര്‍ ഉപയോഗിക്കുന്നവര്‍ക്കും ഇംഗ്ലീഷിലുള്ള പഠനം പ്രയോജനപ്പെടുമെന്നുറപ്പാണ്.
Content Highlights: PSC announces University Assistant recruitment for graduates in government sector.