സ്വകാര്യ ജെറ്റില്‍ യാത്ര, ശമ്പളം ഒരു കോടി, ജോലി കുഞ്ഞുങ്ങളെ നോക്കല്‍; 60 ലക്ഷം ശമ്പളമുള്ള ജോലി ഉപേക്ഷിച്ചത് വെറുതെയായില്ലെന്ന് യുവതി

ശൈത്യകാലം ആസ്പനിലും വേനല്‍ക്കാലം ഹാംപ്ടണ്സിലും ചെലവഴിക്കുക, ഇതിനൊപ്പം പ്യൂര്‍ട്ടോറിക്ക, ഇന്ത്യ, മാലദ്വീപ്, ദുബായ് തുടങ്ങിയ രാജ്യങ്ങളിലേക്ക് സ്വകാര്യ ജെറ്റില്‍ യാത്രയും. പലര്‍ക്കും സങ്കല്പിക്കാന്പോലും പറ്റാത്ത ഈ ജീവിതം ആസ്വദിക്കുകയാണ് 28-കാരിയായ കാസിഡി ഓഹാഗന്. അതും തൊഴിലിന്റെ ഭാഗമായാണ് ഈ സ്വപ്ന യാത്രകളെല്ലാം അവരെ തേടിയെത്തിയത് എന്നതാണ് കൗതുകകരം.
ഒരു ശതകോടീശ്വര കുടുംബത്തിലെ കുട്ടികളെ നോക്കുന്ന ജോലിയാണ് കൊളറാഡോ സ്വദേശിയായ കാസിഡി ചെയ്യുന്നത്. ലോകം ചുറ്റിക്കാണാന്‍ അവസരം ലഭിക്കുന്നതിന് പുറമെ അവര്‍ക്ക് മറ്റ് നിരവധി ആനുകൂല്യങ്ങളും ലഭിക്കുന്നു. സ്വകാര്യ പാചകക്കാരന് തയ്യാറാക്കുന്ന ഭക്ഷണം, ശമ്പളത്തോടുകൂടിയ അവധി, സ്വന്തമായി 'നാനി വാര്‍ഡ്രോബ്', ആരോഗ്യ പരിരക്ഷാ ആനൂകുല്യങ്ങള്‍ എന്നിവയെല്ലാം ജോലിയുടെ ഭാഗമാണ്.
വൈറ്റ് കോളര്‍ ജോലികളേക്കാള്‍ കോടീശ്വരന്മാര്ക്കായി ഇങ്ങനെയുള്ള ജോലികള്‍ ചെയ്യുന്നതാണ് നല്ലതെന്ന് വിശ്വസിക്കുന്ന ജെന്‍ സിയില്‍ ഉള്‍പ്പെട്ട ഒരാളാണ് കാസിഡിയെന്ന് ബിസിനസ് ഇന്‍സൈഡറിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2019-ല്‍ 22-ാമത്തെ വയസില്‍ MCAT-ന് തയ്യാറെടുക്കുന്നതിനിടയിലാണ് എന്തെങ്കിലും വരുമാനം കണ്ടെത്താനായി അവര്‍ സമ്പന്ന കുടുംബത്തില്‍ ജോലിക്ക് ശ്രമിച്ചത്. നാനിയായി ജോലി ലഭിച്ചെങ്കിലും 2021-ല്‍ അതുപേക്ഷിച്ച് കോര്‍പറേറ്റ് ജോലിക്ക് അപേക്ഷിച്ചു.
ഒരു വലിയ കമ്പനിയില്‍ മെഡിക്കല്‍ സെയില്‍സ് ജോലി ലഭിക്കുകയും ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് താമസം മാറുകയും ചെയ്തു. 65,000 ഡോളര്‍ (ഏകദേശം 60 ലക്ഷം രൂപ) ആയിരുന്നു ഓരോ വര്‍ഷവും അവര്‍ക്ക് ലഭിച്ചത്. എന്നാല്‍ ഈ ജോലി പെട്ടെന്നുതന്നെ മടുത്തു. ഒരു വര്‍ഷത്തിനുള്ളില്‍, അവര്‍ തന്റെ മെഡിക്കല്‍ സെയില്‍സ് ജോലി ഉപേക്ഷിച്ച് പഴയ ജോലിയിലേക്ക് തിരിച്ചുവന്നു. ഈ മാറ്റം നാല് വര്‍ഷത്തിനുള്ളില്‍ ശമ്പളം ഇരട്ടിയിലധികമാക്കാന്‍ സഹായിച്ചു.
നിലവിലെ ശമ്പളം 150,000 ഡോളറിനും 250,000 ഡോളറിനും ഇടയിലാണ്. അതായത് വര്‍ഷത്തില്‍ 1.3 കോടിയിലധികം രൂപ അവര്‍ക്ക് ശമ്പളമായി മാത്രം ലഭിക്കുന്നുണ്ട്.
Content Highlights: she quit 60 lpa job now earns over 1 crore as nanny to billionaire kids