ഭക്ഷണ വിതരണത്തില്‍ നിന്ന് വ്യോമയാത്രയിലേക്ക്; എഞ്ചിനീയർമാരെ തേടി സൊമാറ്റോ സ്ഥാപകൻ്റെ സഹസ്ഥാപനം

ദീപിന്ദര്‍ ഗോയല്‍ | Image courtesy: https://www.instagram.com/p/Cm1dL0eSgQZ/
ദീപിന്ദര്‍ ഗോയല്‍ | Image courtesy: https://www.instagram.com/p/Cm1dL0eSgQZ/

ക്ഷണ വിതരണ രംഗത്തെ പ്രമുഖ കമ്പനിയായ സൊമാറ്റോയുടെ സ്ഥാപകനും സിഇഒയുമായ ദീപിന്ദര്‍ ഗോയല്‍ വ്യോമയാന മേഖലയിലേക്ക് ചുവടുവെക്കുന്നുവെന്ന വാർത്തകൾ ഇക്കഴിഞ്ഞ മാർച്ചിൽ പുറത്തുവന്നിരുന്നു. സൊമാറ്റോ മുന്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ആയിരുന്ന സുരോഭി ദാസിനൊപ്പം ചേർന്ന് LAT എയ്റോസ്പേസ് എന്ന പുതിയ സ്റ്റാര്‍ട്ടപ്പില്‍ 20 മില്യണ്‍ ഡോളര്‍ (ഏകദേശം 167 കോടി രൂപ) ഗോയല്‍ നിക്ഷേപിച്ചുവെന്ന വിവരമാണ് അന്ന് പുറത്തുവന്നത്. പുതിയ സ്റ്റാർട്ടപ്പിലേക്കുള്ള റിക്രൂട്ടിങ്ങുമായി ബന്ധപ്പെട്ട് സുരോഭി ഇപ്പോൾ ലിങ്ക്ഡിൻ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്.

LAT എയ്റോസ്പേസ് നിലവില്‍ സ്റ്റെല്‍ത്ത് മോഡിലാണ് പ്രവര്‍ത്തിക്കുന്നത്. 50 മില്യണ്‍ ഡോളറിന്റെ സീഡ് ഫണ്ടിംഗ് സമാഹരിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എയ്റോഡൈനാമിക്സ്, മെറ്റീരിയല്‍ സയന്‍സസ്, ഹൈബ്രിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റങ്ങള്‍ എന്നിവയില്‍ വൈദഗ്ധ്യമുള്ള എന്‍ജിനീയര്‍മാരെ റിക്രൂട്ട് ചെയ്യാനും കമ്പനി പദ്ധതിയിടുന്നതായി സുരോഭി ദാസ് പങ്കുവെച്ച ലിങ്ക്ഡിന്‍ പോസ്റ്റ് വ്യക്തമാക്കുന്നു. 

കുറഞ്ഞ ചെലവില്‍ 12 മുതല്‍ 24 വരെ സീറ്റുകളുള്ള ഷോര്‍ട്ട് ടേക്ക്-ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് (STOL) വിമാനങ്ങള്‍ വികസിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രാദേശിക വ്യോമയാത്രകള്‍ക്ക് ഊന്നല്‍ നല്‍കുന്ന സ്റ്റാര്‍ട്ടപ്പ്, ഇന്ത്യയിലെ ചെറിയ നഗരങ്ങളെ വലിയ നഗരങ്ങളുമായി ബന്ധിപ്പിക്കാന്‍ 'എയര്‍-സ്റ്റോപ്പുകള്‍' എന്ന ആശയം മുന്നോട്ടുവെക്കുന്നു. ഇതിനായി പാര്‍ക്കിംഗ് ലോട്ടിന്റെ വലുപ്പത്തില്‍ ചെറിയ ലാന്‍ഡിംഗ് ഏരിയകള്‍ സൃഷ്ടിക്കാനാണ് പദ്ധതി.

സുരോഭി ദാസ് LAT എയ്റോസ്പേസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍, ഗോയല്‍ നോണ്‍-എക്സിക്യൂട്ടീവ് സഹസ്ഥാപകനായി നിക്ഷേപത്തിനും മാര്‍ഗനിര്‍ദേശത്തിനും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് സൂചന. 2023 നവംബറില്‍ സൊമാറ്റോനിന്ന് പടിയിറങ്ങിയ ദാസ്, 12 വര്‍ഷത്തോളം കമ്പനിയില്‍ വിവിധ ഉയര്‍ന്ന തസ്തികകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഇന്ത്യയിലെ പ്രാദേശിക വിമാനക്കമ്പനികളായ ഇന്‍ഡിഗോ, സ്പൈസ്ജെറ്റ് എന്നിവ ഉപയോഗിക്കുന്ന ATR, ബോംബാര്‍ഡിയര്‍ എന്നീ വിമാന നിര്‍മാതാക്കളുമായി മത്സരിക്കാനാണ് LAT എയ്റോസ്പേസിന്റെ ലക്ഷ്യം. 

2009-ല്‍ റസ്റ്ററന്റ് ലിസ്റ്റിങ് വെബ്സൈറ്റായി ആരംഭിച്ച സൊമാറ്റോ 2015-ഓടെയാണ് ഫുഡ് ഡെലിവറി സര്‍വീസ് ഇന്ത്യയില്‍ ആരംഭിക്കുന്നത്.


 

Content Highlights: Zomato Founder Deepinder Goyal Invests New Aerospace, co founder seeks engineers