കേന്ദ്ര സായുധ പോലീസ് സേന: 20000-ല്‍ അധികം ഒഴിവുകളുടെ വര്‍ധന

ന്യൂഡൽഹി: കേന്ദ്ര സായുധ പോലീസ് സേനകളിലെ കോൺസ്റ്റബിൾ ഒഴിവുകളുടെ എണ്ണം 45,284 ആയി വർധിച്ചു. ഒക്ടോബർ 27-ന് അപേക്ഷ ക്ഷണിച്ചപ്പോൾ 24,369 ഒഴിവുകളാണ് വിജ്ഞാപനം ചെയ്തിരുന്നത്. 20,915 ഒഴിവുകളാണ് വർധിച്ചിരിക്കുന്നത്. വനിതകൾക്കുള്ള ആകെ ഒഴിവുകളുടെ എണ്ണം 2626-ൽനിന്ന് 4835 ആയും വർധിച്ചു. നവംബർ 30 വരെ അപേക്ഷിക്കാൻ സമയമുണ്ട്.
ബി.എസ്.എഫ്., സി.ആർ.പി.എഫ്., സി.ഐ.എസ്.എഫ്., എസ്.എസ്.ബി., ഐ.ടി.ബി.പി., സെക്രട്ടേറിയറ്റ് സെക്യുരിറ്റി ഫോഴ്‌സ് എന്നിവയിൽ കോൺസ്റ്റബിൾ ജനറൽ ഡ്യൂട്ടി തസ്തികയിലും അസം റൈഫിൾസിൽ റൈഫിൾമാൻ ജനറൽ ഡ്യൂട്ടി തസ്തികയിലും നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയിൽ ശിപായി തസ്തികയിലുമാണ് ഒഴിവ്. സ്റ്റാഫ് സെലക്‌ഷൻ കമ്മിഷനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
സി.ഐ.എസ്.എഫിൽ വെറും 100 ഒഴിവുണ്ടായിരുന്നത് 5914 ആയി വർധിച്ചു. ബി.എസ്.എഫിൽ 10,497 ഒഴിവുണ്ടായിരുന്നത് 20,765 ആയും കൂടിയിട്ടുണ്ട്. മറ്റ് സേനകളിലെ ഒഴിവ് ഇപ്രകാരമാണ് (ബ്രാക്കറ്റിൽ പഴയ ഒഴിവ്): സി.ആർ.പി.എഫ്.- 11,169 (8911), എസ്.എസ്.ബി.- 2167 (1284), ഐ.ടി.ബി.പി.- 1787 (1613), എ.ആർ.- 3153 (1697), എസ്.എസ്.എഫ്.- 154 (103), എൻ.സി.ബി.- 175 (164). പത്താംക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത. വനിതകൾക്കും അപേക്ഷിക്കാം.
ശമ്പളം: 21700-69100 രൂപ (പേ ലെവൽ- 3). എൻ.സി.ബി.യിലെ ശിപായി തസ്തികയുടെ ശമ്പളം: 18000- 56900 രൂപ (പേ ലെവൽ- 1). അപേക്ഷ സമർപ്പിക്കേണ്ട വിധം തുടങ്ങി വിശദവിവരങ്ങൾ നവംബർ അഞ്ചിന് പുറത്തിറങ്ങിയ മാതൃഭൂമി തൊഴിൽവാർത്തയിൽ (ലക്കം-01) പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാപനത്തിനും അപേക്ഷിക്കുന്നതിനും www.ssc.nic.in കാണുക.
Content Highlights: vaccancies have been increased in capf