ജോബ് ഓഫറില്ലാതെ യുകെയിൽ 2വർഷം താമസിക്കാം, ജോലി ചെയ്യാം: ഇന്ത്യ യങ് പ്രൊഫഷണൽസ് സ്കീം അപേക്ഷ ക്ഷണിച്ചു

#Career desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

ഇന്ത്യൻ പൗരന്മാർക്ക് യുകെയിൽ ജോലി ചെയ്യാനും താമസിക്കാനും അവസരമൊരുക്കുന്ന ഇന്ത്യ യങ് പ്രൊഫഷണൽസ് സ്കീം (ഐ.വി.പി.എസ്) 2026-ന്റെ രണ്ടാമത്തെയും അവസാനത്തെയും ബാലറ്റ് ഘട്ടം ആരംഭിച്ചു. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി  ജൂലൈ 23 ഉച്ചയ്ക്ക് ഇന്ത്യൻ സമയം ഒന്നര വരയാണ്. 

പ്രധാന വിവരങ്ങൾ:

  • ഒഴിവുകൾ: 2026-ലേക്കുള്ള 3,000 വിസകളിൽ അവശേഷിക്കുന്ന ഒഴിവുകളിലേക്കാണ് ജൂലൈ മാസത്തിലെ ബാലറ്റ് വഴി അപേക്ഷ ക്ഷണിക്കുന്നത് (ആദ്യ ബാലറ്റ് ഫെബ്രുവരിയിൽ നടന്നിരുന്നു).

  • വിസയ്ക്ക് അപേക്ഷിക്കാൻ യുകെയിലെ തൊഴിലുടമയുടെ സ്പോൺസർഷിപ്പോ ജോബ് ഓഫറോ ആവശ്യമില്ല. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 24 മാസം (രണ്ട് വർഷം) യുകെയിൽ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും സാധിക്കും.

  • ബാലറ്റ് ഫീസ്: ബാലറ്റിൽ പങ്കെടുക്കുന്നത് തികച്ചും സൗജന്യമാണ്. തെരഞ്ഞെടുക്കപ്പെടുന്നവർ പിന്നീട് 340 പൌണ്ട് ( ഏകദേശം 37,499.28 രൂപ) അപേക്ഷാ ഫീസും ഇമിഗ്രേഷൻ ഹെൽത്ത് സർചാർജും അടയ്ക്കേണ്ടതുണ്ട്.

യോഗ്യതാ മാനദണ്ഡങ്ങൾ:

  • ഇന്ത്യൻ പൗരനായിരിക്കണം.

  • പ്രായപരിധി: 18 നും 30 നും ഇടയിൽ.

  • ബാച്ചിലേഴ്സ് ബിരുദമോ അതിന് തുല്യമായ യോഗ്യതയോ ഉണ്ടായിരിക്കണം.

  • സാമ്പത്തിക ഭദ്രത തെളിയിക്കാൻ അക്കൗണ്ടിൽ കുറഞ്ഞത് 2,530 പൗണ്ട്‌സ്‌ (ഏകദേശം 2.7 ലക്ഷം രൂപ) സമ്പാദ്യം ഉണ്ടായിരിക്കണം.

  • 18 വയസ്സിൽ താഴെയുള്ള ആശ്രിതരായ കുട്ടികൾ ഉണ്ടാകരുത്.

അപേക്ഷിക്കേണ്ട വിധം:

യു.കെ സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ജൂലൈ 23 ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുൻപായി ബാലറ്റിൽ പേര് രജിസ്റ്റർ ചെയ്യാം. പേര്, ജനനത്തീയതി, പാസ്‌പോർട്ട് വിവരങ്ങൾ, ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവ നൽകിയാണ് അപേക്ഷിക്കേണ്ടത്.

ബാലറ്റ് കഴിഞ്ഞ് രണ്ട് ആഴ്ചയ്ക്കുള്ളിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഇമെയിൽ വഴി അറിയിപ്പ് ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിസ നടപടികൾ പൂർത്തിയാക്കാൻ 90 ദിവസത്തെ സമയം ലഭിക്കും.

Content Highlights: The final ballot phase for the UK India Young Professionals Scheme 2026 is officially open, allowing eligible Indian citizens aged 18–30 to live, work, and study in the UK for up to two years without needing a job sponsorship, with applications closing on July 23.