3 വര്‍ഷം എക്‌സ്പീരിയന്‍സ്, 45 ലക്ഷം രൂപയുടെ ഓഫര്‍, നിരാശപ്പെട്ട് യുവാവ്; വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

പ്രതീകാത്മക ചിത്രം | Photo: AI Generated
പ്രതീകാത്മക ചിത്രം | Photo: AI Generated

45 ലക്ഷം വാര്‍ഷിക ശമ്പളമുള്ള ഓഫര്‍ നിരസിച്ചതിനെ കുറിച്ച് ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാകുന്നു.  ഈ ഓഫര്‍ നിരാശാജനകമാണെന്നും എന്താണ് നിങ്ങളുടെ അഭിപ്രായമെന്നും ചോദിച്ച് ഗ്രേപ്പ്‌വൈന്‍ എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്. ടെക്‌നിക്കല്‍ സ്റ്റാഫ് (എംടിഎസ്) ആയിട്ടുള്ള ഈ ജോലിക്ക് 30 ലക്ഷം രൂപയാണ് അടിസ്ഥാന ശമ്പളം. ഇതിനൊപ്പം മൂന്ന് ലക്ഷം രൂപ ബോണസും നാല് വര്‍ഷത്തിനുള്ളില്‍ കൈയിലെത്തുന്ന 52000 ഡോളര്‍ മൂല്യമുള്ള ഓഹരികളും ഉള്‍പ്പെടുന്നു. 

എന്നാല്‍ ഈ ഓഫര്‍ തന്റെ നിലവിലുള്ള ശമ്പളത്തില്‍നിന്ന് ഒരു രൂപ പോലും കൂടുതലില്ലെന്നും യുവാവ് പറയുന്നു. സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് മറ്റ് ഓഫറുകളും വരുന്നുണ്ടെന്നും എന്നാല്‍ ആ കമ്പനികളിലൊന്നും ചേരാന്‍ താത്പര്യമില്ലെന്നും യുവാവ് കൂട്ടിച്ചേര്‍ക്കുന്നു. 'ഞാന്‍ ഇത് സ്വീകരിക്കണോ? നിങ്ങള്‍ക്ക് സാധാരണയായി ലഭിക്കുന്ന ശമ്പളം എത്രയാണ്? എന്റെ സുഹൃത്തുക്കള്‍ക്ക് 6-8 മാസം മുന്‍പ് 50+ ശമ്പളം ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ പറയുന്നത് നിലവിലെ സാഹചര്യത്തില്‍ ഇതിനേക്കാള്‍ മികച്ചത് ലഭിക്കാന്‍ സാധ്യതയില്ല എന്നാണ്.'-യുവാവ് കുറിച്ചു.

ഇതിന് താഴെ ഒട്ടേറെപ്പേരാണ് യുവാവിനെ അനുകൂലിച്ചും വിമര്‍ശിച്ചും പ്രതികരിച്ചത്. മൂന്ന് വര്‍ഷം മാത്രം പ്രവൃത്തി പരിചയമുള്ള ഒരാള്‍ക്ക് ഇത്രയധികം ശമ്പളം ലഭിക്കുമോയെന്ന് ചിലര്‍ ആശ്ചര്യം പ്രകടിപ്പിച്ചു. പ്രതിമാസം നാല് ലക്ഷത്തിന് അടുത്ത് ശമ്പളം ലഭിക്കില്ലേയെന്നും ഈ ഓഫര്‍ മികച്ചതാണെന്നുമായിരുന്നു ഒരു ഉപയോക്താവ് കുറിച്ചു. ഇപ്പോള്‍ പൊതുവെ ശമ്പളം കുറവാണെന്നും അതിനാല്‍ ഇത് സ്വീകരിക്കണമെന്നുമായിരുന്നു ഒരാളുടെ കമന്റ്. തനിക്ക് രണ്ട് വര്‍ഷത്തെ പരിചയമുണ്ടായിട്ടും അഞ്ച് ലക്ഷമാണ് വാര്‍ഷിക ശമ്പളമെന്നും ഈ ഓഫറില്‍ എന്തിന് നിരാശപ്പെടണമെന്നുമായിരുന്നു ഒരു ഉപയോക്താവ് പ്രതികരിച്ചത്. നിലവിലെ സാമ്പത്തിക മാന്ദ്യം കണക്കിലെടുക്കുമ്പോള്‍ ഈ വാഗ്ദാനം ന്യായമാണെന്ന് ചിലര്‍ കരുതുന്നുണ്ടെങ്കിലും പരിചയസമ്പന്നരായ പ്രൊഫഷണലുകള്‍ക്ക് ഇതിനേക്കാള്‍ മികച്ച ശമ്പളം ലഭിക്കണമെന്ന് മറ്റ് ചിലര്‍ കരുതുന്നു.
 

Content Highlights: techie with three years experience disappointed with 45 lpa offer