അധ്യാപകരെ പഠിപ്പിക്കാന്‍ ദിവ്യടീച്ചറുടെ 'ഗ്രൂപ്പിസം'; 23 ഗ്രൂപ്പുകള്‍ 23,000 അധ്യാപകര്‍

തൃശ്ശൂര്‍: അധ്യാപകര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ ആരോടുചോദിക്കുമെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് വിവേകോദയം സ്‌കൂളിലെ മലയാളം അധ്യാപിക എം. ദിവ്യ ഒരുക്കിയ വാട്സാപ്പ് ഗ്രൂപ്പുകള്‍. എല്‍.പി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ പല ക്ലാസുകളില്‍ പല വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കായി 23 ഗ്രൂപ്പുകള്‍. ഇതിലെല്ലാംകൂടി എല്ലാ ജില്ലകളില്‍നിന്നുമായി 23,000-ത്തോളം അധ്യാപകര്‍. ഇവര്‍ക്കെല്ലാമുണ്ടാകുന്ന പാഠ്യഭാഗങ്ങളുമായുള്ള സംശയങ്ങള്‍ പരിഹരിക്കുന്നത് ഈ ഗ്രൂപ്പുകളിലൂടെയാണ്.
തീര്‍ത്തും സൗജന്യമായാണ് 'ദിവ്യനാദം' എന്നപേരുള്ള പഠനഗ്രൂപ്പുകളുടെ പ്രവര്‍ത്തനം. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് പ്രമുഖരുമായുള്ള ഗൂഗിള്‍ മീറ്റും മാസത്തില്‍ രണ്ടുതവണ ഇതില്‍ നടക്കും. പഠിപ്പിക്കുക എന്നതിലുപരി പരസ്പരം സംശയങ്ങള്‍ തീര്‍ക്കുക എന്നരീതിയിലാണ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം.
ടീച്ചേഴ്സ് നോട്ട് തയ്യാറാക്കല്‍, ഓരോ പാഠഭാഗങ്ങളും എങ്ങനെ പഠിപ്പിക്കണമെന്ന ചര്‍ച്ചകള്‍, പരീക്ഷാതയ്യാറെടുപ്പുകള്‍, ഏതൊക്കെ പുസ്തകങ്ങള്‍ റഫര്‍ചെയ്യണം എന്നിങ്ങനെയാണ് ഗ്രൂപ്പുകളിലെ ചര്‍ച്ചകള്‍. 2024 ജൂലായില്‍ യു.എസ്.എസ് പരീക്ഷ ഒരുക്കത്തിനുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനായാണ് ആദ്യമായി ഗ്രൂപ്പുകള്‍ തുടങ്ങിയത്. ദിവ്യയെക്കൂടാതെ പത്തിലേറെ അധ്യാപകരും ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പാട്ടുപ്രേമികള്‍ക്കായി 'ദിവ്യരാഗം', ഹ്രസ്വചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള 'ദിവ്യദൃഷ്ടി', വായനയ്ക്കായി 'ദിവ്യസഞ്ചാരം', വാര്‍ത്തകള്‍ ഉള്‍പ്പെടുത്തി 'ദിവ്യജാലകം' തുടങ്ങി ഒട്ടേറെ ഗ്രൂപ്പുകള്‍ വേറെയുമുണ്ട്.
Content Highlights: Explore `Divyanadam` WhatsApp groups, a free initiative by M. Divya, helping over 23,000 teachers from LP to Higher Secondary solve curriculum doubts, share notes, and prepare for exams.