'സ്വപ്നങ്ങള്‍ക്ക് പിറകേ ഓടിയവള്‍, നന്നായി പരിശ്രമിച്ചു'; ഹൃദയം പിടയുന്ന വാക്കുകളുമായി അന്നയുടെ അമ്മ

അന്ന സെബാസ്റ്റിയന്‍
അന്ന സെബാസ്റ്റിയന്‍

ജോലി സമ്മര്‍ദ്ദം മൂലം മരിച്ച അന്നയുടെ സംസ്‌കാരച്ചടങ്ങിനിടെ അമ്മ അനിത അഗസ്റ്റിന്‍ നല്‍കിയ വിടവാങ്ങല്‍ പ്രസംഗം ശ്രദ്ധേയമാകുന്നു. സംസ്‌കാരച്ചടങ്ങുകള്‍ക്കിടെയായിരുന്നു അമ്മയുടെ വൈകാരിക പ്രസംഗം. 

സ്വപ്‌നങ്ങള്‍ക്ക് പിറകേ ഓടിയവളാണ് അന്നയെന്ന് അമ്മ അനിത നടത്തിയ പ്രസംഗത്തില്‍ പറയുന്നു. പഠനകാലത്ത് അന്ന അച്ഛനും അമ്മയ്ക്കുമൊപ്പം ഗ്രാജ്വേഷന്‍ ക്യാപ്പുമായി നില്‍ക്കുന്ന പടം വരയ്ക്കുമായിരുന്നുവെന്നും എല്ലാദിവസവും പഠിക്കാന്‍ ഇരിക്കുന്നതിന് മുന്‍പ് അന്ന ഈ പടം നോക്കിയിരുന്നുവെന്നും    അമ്മ ഓര്‍ത്തെടുക്കുന്നു. 

 "നിന്റെ എല്ലാ സുഹൃത്തുകള്‍ ഇവിടെ ഒത്തുകൂടിയിട്ടുണ്ട്. നിന്നെ സ്‌നേഹിക്കുന്ന എല്ലാ സുഹൃത്തുകളും ഇവിടെയുണ്ട്. നിന്റെ ബന്ധുക്കളും ഇവിടെയുണ്ട്", അമ്മ അനിത അഗസ്റ്റിന്‍ പറഞ്ഞു.

"നിന്റെ ആഗ്രഹങ്ങളെല്ലാം സഫലമായി. നല്ലൊരു കമ്പനിയില്‍ നിനക്ക് ജോലി ലഭിച്ചു. ഓഡിറ്റിങ് നല്ല രീതിയില്‍ നീ പൂര്‍ത്തിയാക്കി. ജോലിയുടെ ഓരോ ഘട്ടത്തിലും നീ നന്നായി പരിശ്രമിച്ചു. നിന്റെ സുഹൃത്തുകള്‍ പറയുന്നത് ഞാന്‍ ഒരിക്കലും കരയരുതെന്നാണ്. നിന്നെ പോലൊരാളെ മകളായി ലഭിക്കാന്‍ ഞാന്‍ ഭാഗ്യം ചെയ്യണമെന്നും അവര്‍ പറയുന്നു", അന്നയുടെ അമ്മ തുടര്‍ന്നു. 

ഏണസ്റ്റ് ആന്‍ഡ് യങ്ങിലെ ആരും സംസ്‌കാര ചടങ്ങുകള്‍ക്ക് പങ്കെടുത്തില്ലെന്ന അന്നയുടെ അമ്മ അനിത ഏണസ്റ്റ് ആന്‍ഡ് യങ്ങ് ഇന്ത്യാ ചെയര്‍മാന്‍ രാജീവിന് എഴുതിയ കത്തില്‍ പറയുന്നു. മകളുടെ മരണത്തോടെ അമ്മ എഴുതിയ കത്തും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 

അന്നയുടെ മരണം വിവാദങ്ങള്‍ക്ക് വഴിവെച്ചതോടെ ലിങ്ക്ഡ്ഇന്നില്‍ മാപ്പ് അപേക്ഷയുമായി രാജീവ് എത്തിയിരുന്നു. അന്നയുടെ മരണത്തില്‍ തീര്‍ത്തും ദുഃഖിതനാണെന്നാണ് രാജീവ് പ്രതികരിച്ചത്. സിഎ പരീക്ഷ 2023-ല്‍ പൂര്‍ത്തിയാക്കി ഏണസ്റ്റ് ആന്‍ഡ യങ്ങിന്റെ പുണെ ഓഫീസില്‍ നാലുമാസം അന്ന ജോലി ചെയ്തിരുന്നു. 

Content Highlights: speech of annas mother ey employee