വീടിനുപിന്നിലെ മുറിയിൽ തുടക്കം; ഇന്ന് മൂന്നുജില്ലകളിലായി 4 സ്ഥാപനങ്ങളും 55-ലധികം ജീവനക്കാരും

ഇലക്‌ട്രോണിക്സ് പഠിച്ചിറങ്ങിയവർ സോഫ്റ്റ്‌വേറിന്റെ സാധ്യതകൾകൂടി പ്രയോജനപ്പെടുത്താനിറങ്ങിയപ്പോൾ അതിനൊരു പേരിട്ടു-‘സോഫ്ട്രോണിക്സ്’. എന്ത് കോഴ്സ് പഠിച്ചിറങ്ങിയാലും, പിന്നീട് എന്തുചെയ്യണമെന്നറിയാത്തവരുടെ എണ്ണം കൂടുതലുള്ള നാടാണ് നമ്മുടേത്. അങ്ങനെയുള്ളവരെ, എന്തുചെയ്യണമെന്ന് പഠിപ്പിച്ചെടുക്കുകയാണ് വിജിതയുടെ ‘സോഫ്ട്രോണിക്സ്’ എന്ന സ്ഥാപനം.
പാലക്കാട്ടെ വീടിന്റെപിന്നിലെ മുറിയിൽ തുടങ്ങിയ സോഫ്ട്രോണിക്സ് ഇപ്പോൾ മൂന്നുജില്ലകളിലായി നാല് സ്ഥാപനങ്ങളും അൻപത്തിയഞ്ചിലകം ജീവനക്കാരുമായി വളർന്നുകഴിഞ്ഞു. വിജിത സ്വന്തമായി തുടങ്ങിയ ആനിമേഷൻ അക്കാദമിയും ഇക്കൂട്ടത്തിൽ തിളങ്ങിനിൽക്കുന്നു.
കോഴിക്കോട് പുതിയങ്ങാടി സ്വദേശിയായ ടി. വിജിത എംഎസ്‌സി ഇലക്‌ട്രോണിക്സ് പൂർത്തിയാക്കിയ ഉടനെ കോഴിക്കോട് ഐഎച്ച്ആർഡിയിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലിയിൽ പ്രവേശിച്ചു. അഞ്ചുവർഷത്തിനുശേഷം 2010-ലായിരുന്നു പാലക്കാട് വടക്കന്തറ സ്വദേശിയായ പി. മണികണ്ഠനുമായുള്ള വിവാഹം. എംഎസ്‌സി അപ്ലൈഡ് ഇലക്‌ട്രോണിക്സ് കഴിഞ്ഞ മണികണ്ഠൻ ഐടി മേഖലയിലായിരുന്നു. പാലക്കാട്ടെത്തിയതോടെ ചുള്ളിമട വിവി കോളേജിൽ അധ്യാപികയായി.
അധ്യാപികയിൽനിന്ന് സംരംഭകയിലേക്ക്
പഠനസമയത്ത് ഈ മേഖലയിലെ സാധ്യതകളെക്കുറിച്ചും എന്തുപഠിക്കണം എന്നതിനെക്കുറിച്ചും മറ്റും കൃത്യമായ ഒരു ഗൈഡൻസ് കിട്ടാത്തതിനാൽ പലബുദ്ധിമുട്ടുകളും ഇരുവരും നേരിട്ടിരുന്നു. സാധാരണകുടുംബങ്ങളിലെ വിദ്യാർഥികളെല്ലാം നേരിടുന്ന ഈ പ്രശ്നത്തെക്കുറിച്ചെല്ലാം രണ്ടുപേരും എപ്പോഴും സംസാരിക്കാറുണ്ടായിരുന്നു. അതുപോലെ നമ്മുടെനാട്ടിൽ നല്ലമാർക്കോടെ ഒരു കോഴ്സ് കഴിഞ്ഞിറങ്ങുന്ന വിദ്യാർഥിയായാൽപ്പോലും പഠിച്ചത് പ്രാവർത്തികമാക്കേണ്ടിവരുമ്പോൾ കൈകാലിട്ടടിക്കുന്ന സ്ഥിതിയുണ്ട്. പഠിച്ചതായിരിക്കില്ല പലപ്പോഴും ജോലിയിൽക്കയറുമ്പോൾ പ്രയോഗിക്കേണ്ടിവരുന്നത്. ഇതെല്ലാം പരിഹരിക്കുന്നരീതിയിൽ കുട്ടികൾക്ക് സഹായംനൽകി ജോലിസാധ്യതകൾ തുറന്നിടുന്ന ഒരു സ്ഥാപനംതുടങ്ങിയാലോ എന്ന ചിന്തയായി പിന്നെ.
അങ്ങനെയാണ് മണികണ്ഠനൊപ്പം അദ്ദേഹത്തിന്റെ വീടിനുപിന്നിലെ മുറിയിൽ സോഫ്ട്രോണിക്സ് തുടങ്ങിയത്. വിവിധ കോളേജ് അധികൃതരെക്കണ്ട് അവിടത്തെ കുട്ടികളുമായി സംവദിക്കാൻ അല്പം സമയംചോദിക്കുകയായിരുന്നു ആദ്യം ചെയ്തത്. കാര്യങ്ങൾ പറഞ്ഞപ്പോൾ അധ്യാപകർക്കും താത്പര്യമായി.
ഐടി, ഇലക്‌ട്രോണിക്സ്, കംപ്യൂട്ടർ സയൻസ് തുടങ്ങിയ കോഴ്സുകൾ കഴിയുമ്പോൾ അതുമായി ബന്ധപ്പെട്ട പ്രോജക്ടുകളുണ്ടാവും. പഠിച്ചതെല്ലാം പ്രായോഗികതലത്തിൽ കൊണ്ടുവരേണ്ടിവരുമ്പോൾ മിക്കകുട്ടികൾക്കും അതിനുകഴിയാറില്ല. മറ്റുപലരും ചെയ്ത പ്രോജക്ടുകൾ വാങ്ങിയാണ് കുട്ടികൾ ഈ കടമ്പ കടക്കുന്നത്. ഇതിനുപകരം കുട്ടികളെ സ്വന്തമായി അവരുടെ പ്രോജക്ടുകൾ ചെയ്യാൻ പ്രാപ്തരാക്കുകയായിരുന്നു സോഫ്ട്രോണിക്സ് ആദ്യം ചെയ്തത്. അതിനുള്ള മാർഗനിർദേശവും സഹായവും കുട്ടികൾക്കുനൽകും. സ്വയം പ്രോജക്ടുകൾചെയ്യുന്നതോടെ കുട്ടികൾക്ക് കൂടുതൽക്കാര്യങ്ങൾ പഠിക്കാനാവുകയും ആത്മവിശ്വാസം വർധിക്കുകയും ചെയ്യും. ആദ്യം ഒരു എൻജിനിയറിങ് കോളേജിലെ കുട്ടികളാണ് പ്രോജക്ടുകൾ ചെയ്യാനെത്തിയത്.
“ആദ്യം ഞങ്ങൾ രണ്ടുപേർ മാത്രമായിരുന്നു മെന്റർമാർ. കുട്ടികൾ കൂടിയതോടെ കൂടുതൽ മെന്റർമാരെ നിയമിച്ചു. പാലക്കാട് ടൗണിലേക്ക് സ്ഥാപനത്തിന്റെ പ്രവർത്തനം മാറ്റി”-വിജിത കയറിയ പടികൾ ഓർത്തെടുക്കുന്നു. ഐടി പഠിച്ചിട്ടില്ലെങ്കിലും ആ മേഖലയിൽ തൊഴിൽചെയ്യാൻ താത്പര്യമുള്ളവരുണ്ടായിരുന്നു. അങ്ങനെ മറ്റുകോഴ്സുകൾ പഠിച്ചവർക്കുവേണ്ട കോഴ്സുകൾ പ്രത്യേകമായി തയ്യാറാക്കാൻതുടങ്ങി. ഇപ്പോൾ ഇങ്ങനെ തയ്യാറാക്കിയ പതിനഞ്ചോളം കോഴ്സുകളുണ്ട്. ഇൻഡസ്ട്രിയിൽനിന്നുള്ള പ്രോജക്ടുകൾ ചെയ്തുകൊടുക്കുന്നുമുണ്ട് -വിജിത പറയുന്നു.
സിഒഒ ആൻഡ് ഡയറക്ടർ
കുട്ടികൾ കൂടിയതോടെ അഡ്മിനിസ്ട്രേറ്റീവ് പോസ്റ്റുകളിൽ ആളുകളെയെടുത്തു. എല്ലാത്തിന്റെയും മേൽനോട്ടത്തിന് മാനേജർമാരെയും നിയമിച്ചു. കോഴിക്കോട്ടും പെരിന്തൽമണ്ണയിലും ബ്രാഞ്ചുകൾ തുടങ്ങി. ആനിമേഷൻ മേഖലയിലെ സാധ്യതകൾ മനസ്സിലായതോടെ വിജിത മുൻകൈയെടുത്ത് കോഴിക്കോട്ട് ആനിമേഷൻ അക്കാദമിക്കും തുടക്കമിട്ടു. മഞ്ചേരിയിലും എറണാകുളത്തും തൃശ്ശൂരിലും ഉടൻ ബ്രാഞ്ചുകൾ ആരംഭിക്കുകയാണ് അടുത്തലക്ഷ്യം.
സോഫ്ട്രോണിക്സിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറും ഡയറക്ടറുമാണ് വിജിത. മണികണ്ഠൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസറും. പുതിയങ്ങാടി പാവങ്ങാട് ‘സരിത്തി’ൽ വിജയന്റെയും ഉഷയുടെയും മകളാണ്. പാവങ്ങാട്ടെ വീട്ടിലാണ് താമസം. സ്കൂൾവിദ്യാർഥികളായ ശ്രാവണും ശ്രീതയുമാണ് മക്കൾ.
Content Highlights: Softronics helps electronics graduates bridge the gap between academia and industry