കാനഡയില്‍ ആറ് വര്‍ഷം താമസിച്ചശേഷം ഇന്ത്യയിലേക്ക് മടങ്ങി, പൊരുത്തപ്പെടാന്‍ വയ്യ; പോസ്റ്റ്

കാനഡയിലെ ആറ് വര്‍ഷത്തെ ചിട്ടയായ ജീവിതം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങിയ യുവാവ് നേരിടേണ്ടി വന്ന വെകാരികവും പ്രായോഗികവുമായ ബുദ്ധിമുട്ടുകളെ കുറിച്ചുള്ള അനുഭവ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 31കാരനായ ഡല്‍ഹി യുവാവാണ് തന്റെ അനുഭവം റെഡ്ഡിറ്റില്‍ പങ്കുവെച്ചത്.
'കാനഡയില്‍ ആറ് വര്‍ഷം താമസിച്ച ശേഷം ഇന്ത്യയിലേക്ക് മടങ്ങി. പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുന്നു. ഇവിടെ ജീവിത നിലവാരം എങ്ങനെ മെച്ചപ്പെടുത്താം?' എന്ന തലക്കെട്ടോടെയുള്ള ഈ പോസ്റ്റിന് താഴെ നിരവധി പേര്‍ സ്വന്തം അഭിപ്രായം രേഖപ്പെടുത്തി.
വ്യക്തിപരമായ കാരണങ്ങളാലും കുടുംബത്തോട് അടുത്തിരിക്കാനുമാണ് താന്‍ മടങ്ങിയതെന്ന് യുവാവ് പറയുന്നു. മാതാപിതാക്കളോടൊപ്പമുള്ള സമയത്തിന് അദ്ദേഹം വില കല്‍പ്പിച്ചു. ഭക്ഷണത്തിന്റെ രുചിക്ക് തുല്യമായി മറ്റൊന്നില്ലെന്ന് സമ്മതിച്ചെങ്കിലും, മറ്റെല്ലാം താളം തെറ്റിയതായി അദ്ദേഹം പറയുന്നു.
'ഞാന്‍ 31 വയസ്സുള്ള ഒരു പുരുഷനാണ്, ഡല്‍ഹി സ്വദേശിയാണ്. ഏകദേശം 6 വര്‍ഷം കാനഡയില്‍ ജോലി/പഠന ആവശ്യങ്ങള്‍ക്കായി താമസിച്ചു. കഴിഞ്ഞ വര്‍ഷം ചില വ്യക്തിപരമായ കാരണങ്ങളാല്‍ കുടുംബത്തോട് അടുത്തിരിക്കാന്‍ ഞാന്‍ ഇന്ത്യയിലേക്ക് മടങ്ങി. ഇപ്പോള്‍ ദെഹ്‌റാദൂണില്‍ മാതാപിതാക്കളോടൊപ്പം താമസിക്കുന്നു. കുടുംബത്തോട് വീണ്ടും അടുത്തിരിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുന്നു. തീര്‍ച്ചയായും ഭക്ഷണം ആസ്വദിക്കുന്നുമുണ്ട്. എന്നാല്‍ മറ്റെല്ലാം എന്തോ ശരിയല്ല എന്ന് തോന്നുന്നു- യുവാവ് കുറിപ്പില്‍ പറയുന്നു.
സാമൂഹിക ബന്ധങ്ങള്‍ ഇല്ലാത്തത് മുതല്‍ തന്റെ കഴിവുകള്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ ഇല്ലാത്തത് വരെയുള്ള അദ്ദേഹത്തിന്റെ പരാതികളുടെ പട്ടിക വ്യക്തവും കൃത്യവുമായിരുന്നു.
'എന്റെ മിക്ക സുഹൃത്തുക്കളും വിദേശത്താണ്. നല്ല ശമ്പളമുള്ളതും തൃപ്തികരവുമായ ജോലി കണ്ടെത്താന്‍ ഞാന്‍ പാടുപെടുന്നു. ജീവിതശൈലി, കാലാവസ്ഥ, ദൈനംദിന തിരക്ക് എന്നിവ കാരണം പ്രചോദിതനായിരിക്കാന്‍ ബുദ്ധിമുട്ടാണ്. രണ്ട് ലോകങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായും പലപ്പോഴും വിഭജിക്കപ്പെട്ടതായും തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കാനഡ കൂടുതല്‍ ഏകാന്തമായിരുന്നെങ്കിലും ഘടന, സ്വാതന്ത്ര്യം, മികച്ച സംവിധാനങ്ങള്‍ എന്നിവ നല്‍കി. സാമൂഹികമായും തൊഴില്‍പരമായും വ്യക്തിപരമായും ഇവിടെ എങ്ങനെ വീണ്ടും നല്ല ജീവിതം കെട്ടിപ്പടുക്കാം? യുവാവ് പോസ്റ്റില്‍ ചോദിക്കുന്നു.
യുവാവിനെ അനുകൂലിച്ചു കൊണ്ട് നിരവധി പേര്‍ പോസ്റ്റിന് താഴെ കമന്റുമായി എത്തി. യുഎസില്‍ നിന്ന് തിരികെ എത്തിയ താന്‍ ഇന്ത്യയില്‍ പൊരുത്തപ്പെടാന്‍ ഒരുവര്‍ഷമെടുത്തുവെന്ന് ഒരാള്‍ കമന്റ് ചെയ്തു.
'കുറച്ചു മാസങ്ങള്‍ വിദേശത്ത് പോയി ഉന്മേഷം വീണ്ടെടുക്കുക, തിരക്കുകളിലേക്ക് മടങ്ങുക, ഞാന്‍ കണ്ടെത്തിയ ഏക ബാലന്‍സ് അതാണ്- വേറൊരാള്‍ കമന്റ് ചെയ്തു.
'പൊതുബോധവും സ്വാതന്ത്ര്യവും ഞാന്‍ മിസ് ചെയ്യുന്നു. കാലാവസ്ഥ അസഹനീയമാണ്, സുഹൃദ് വലയം പുനര്‍നിര്‍മ്മിക്കുന്നത് എളുപ്പമല്ല'- വേറൊരാള്‍ കമന്റ് ചെയ്തു.
Content Highlights: A 31-year-old shares his challenges readjusting to life in Dehradun after 6 years in Canada