വിജ്ഞാപനങ്ങളിൽ PSC-യ്ക്ക് റെക്കോഡ്; 2025-ൽ 36,813 പേർക്ക് നിയമനശുപാർശ

#ആർ. ജയപ്രസാദ്
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

തിരുവനന്തപുരം: തൊഴിൽനിയമന വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിൽ 2025-ൽ പിഎസ്‌സി റെക്കോഡിട്ടു. ആകെ 902 വിജ്ഞാപനങ്ങളാണ് കഴിഞ്ഞവർഷം പുറത്തിറക്കിയത്. ഇതിനുമുൻപ്‌ ഏറ്റവും കൂടുതൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചത് 2022-ൽ, 816 എണ്ണം.

2025-ൽ ആകെയുണ്ടായ 902 വിജ്ഞാപനങ്ങളിൽ 294 എണ്ണവും ഡിസംബർ 30, 31 തീയതികളിൽ പ്രസിദ്ധീകരിച്ചത്. 2024-ൽ ആകെ 812 വിജ്ഞാപനങ്ങളുണ്ടായിരുന്നു. അതിനേക്കാൾ 90 എണ്ണം 2025-ൽ കൂടി. കെഎഎസിന്റേതായിരുന്നു ഈ വർഷത്തെ ആദ്യ വിജ്ഞാപനം.

നിയമനശുപാർശകളുടെ കാര്യത്തിലും കഴിഞ്ഞവർഷത്തെക്കാൾ വർധനയുണ്ടായി. 2025-ൽ ആകെ 36,813 പേർക്ക് നിയമനശുപാർശ അയച്ചു. 2024-ൽ അയച്ചതിനെക്കാൾ 2619 എണ്ണം കൂടുതൽ. ആ വർഷം ആകെ 34,194 പേർക്കാണ് നിയമനശുപാർശ അയച്ചത്. 2023 മുതൽ തുടർച്ചയായി മൂന്നുവർഷം 30,000-ത്തിലധികം നിയമനശുപാർശ അയക്കാൻ പിഎസ്‌സിക്ക് കഴിഞ്ഞു. 2016 മുതലുള്ള കണക്കെടുത്താൽ ഇടതുസർക്കാർ അധികാരത്തിൽവന്നശേഷമുള്ള മൊത്തം നിയമനശുപാർശ മൂന്നുലക്ഷം പിന്നിട്ടു. പിഎസ്‌സിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിയമനശുപാർശ 2010-ലാണ്. ആ വർഷം ആകെ 44,272 പേർക്ക് നിയമനശുപാർശ അയച്ചു. ‌

2025-ൽ മൊത്തം 1130 തസ്തികകളുടെ റാങ്ക്പട്ടിക പിഎസ്‌സി പ്രസിദ്ധീകരിച്ചു. 1276 തസ്തികകൾക്ക് ചുരുക്കപ്പട്ടികയും പ്രസിദ്ധീകരിക്കാനായി. 1405 തസ്തികകളുടെ പരീക്ഷയും 2025-ൽ പിഎസ്‌സി നടത്തി. കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് രണ്ടാമത്തെ ബാച്ചിന്റെ നിയമനനടപടി പൂർത്തിയാക്കുകയും ചെയ്തു. റാങ്ക്പട്ടിക ഫെബ്രുവരിയിൽ വരും.

Content Highlights: Kerala PSC sets a new record in 2025 by publishing 902 recruitment notifications.