പണവും സമുദായവും മാനദണ്ഡം, പട്ടികജാതി സംവരണം പാലിക്കുന്നില്ല; റാങ്ക് ലിസ്റ്റിലെ ഒന്നാമനും പുറത്ത്!

ആലപ്പുഴ: അൻപതുകാരനായ ചേർത്തല സ്വദേശി പി.എ. ലവേഷിനു കാഴ്ചപരിമിതിയുണ്ട്. പട്ടികജാതിക്കാരനുമാണ്. പി.എസ്.സി. 2023-ൽ പ്രസിദ്ധീകരിച്ച അസിസ്റ്റന്റ് പ്രൊഫസർ-മലയാളം റാങ്കുപട്ടികയിൽ ഭിന്നശേഷി വിഭാഗത്തിൽ ഒന്നാമൻ. സർക്കാർ, എയ്ഡഡ് കോളേജുകളിൽ അധ്യാപകരുടെ ഒഴിവുകളുണ്ടായിട്ടും ലവേഷിന് താത്കാലിക നിയമനംപോലും കിട്ടിയില്ല. ഭിന്നശേഷി, പട്ടികജാതി സംവരണം പാലിക്കാത്തതാണ് ലവേഷിനെപ്പോലുള്ളവരുടെ ജീവിതാഭിലാഷങ്ങൾക്കു തിരിച്ചടിയാകുന്നത്.
സർക്കാർ കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർ-മലയാളം തസ്തികയിൽ നിയമിച്ചത് 14 പേരെ മാത്രം. എയ്ഡഡ് കോളേജുകളിലെയും സ്കൂളുകളിലെയും നിയമനത്തിൽ നാലുശതമാനം ഭിന്നശേഷിക്കാർക്ക് സംവരണം നൽകണമെന്ന് സുപ്രീംകോടതി വിധിയുണ്ട്.
ഇതിന്റെയടിസ്ഥാനത്തിൽ പ്രബലസമുദായങ്ങളുടെ കോളേജുകളിലെല്ലാം അപേക്ഷിച്ചു. അഭിമുഖത്തിനു ക്ഷണിക്കുകയും ചെയ്തു. വിദ്യാഭ്യാസയോഗ്യതയും 10 വർഷത്തിലേറെയുള്ള പ്രവൃത്തിപരിചയവുമൊന്നും അധ്യാപകനാകുന്നതിനു സഹായകമായില്ല.
മതഭേദമെന്യേ മാനേജ്മെന്റുകൾ ജോലി നൽകാൻ ചോദിച്ചത് ലക്ഷങ്ങളാണെന്ന് ലവേഷ് പറയുന്നു. ആറു കോളേജുകളിൽ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അവസാനശ്രമം നടത്തിയ ഒരു കോളേജിൽ നിയമനം നടന്നത് 1.2 കോടി രൂപ കോഴ വാങ്ങിയാണെന്ന് ലവേഷ് പറഞ്ഞു.
താങ്ങാനാകാത്ത തുക നൽകി ജോലി നേടാൻ നിവൃത്തിയില്ലാത്തതിനാൽ ലവേഷ് ഗസ്റ്റ് ലക്ചറർ ആകാൻ നാലു കോളേജുകളിൽ അപേക്ഷിച്ചു. നിയമനം കിട്ടിയില്ല. പി.എസ്.സി. റാങ്കു പട്ടികയിലുള്ളവർക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിനു മുൻഗണന നൽകണമെന്ന കേരള സർവകലാശാലാ വി.സി. ഡോ. മോഹനൻ കുന്നുമ്മേലിന്റെ നിർദേശത്തിൽ പ്രതീക്ഷയർപ്പിച്ചാണ് അപേക്ഷിച്ചത്.
ഗസ്റ്റ് അധ്യാപകന് 45,000 രൂപവരെ ശമ്പളം കിട്ടും. ഭാര്യ സി.ബി.എസ്.ഇ. സ്കൂളിൽ അധ്യാപികയാണ്. വരുമാനം തുച്ഛം. സാമ്പത്തികപ്രയാസം കാരണമാണ് ഗസ്റ്റ് ലക്ചററാകാൻ തീരുമാനിച്ചത്.
എയ്‌ഡഡ് കോളേജുകളിൽ അഭിമുഖത്തിനു ചെന്നപ്പോഴാണ് ലവേഷിന് ഒരു കാര്യം മനസ്സിലായത്. നിയമനം പി.എസ്.സി. റാങ്കു പട്ടികയുടെ അടിസ്ഥാനത്തിലല്ല, സമുദായം നോക്കിയാണെന്ന്. സ്വന്തം സമുദായത്തിനായി വേണ്ടത്ര കോളേജുമില്ല.
സംസ്ഥാനത്ത് ആയിരക്കണക്കിനു താത്കാലിക അധ്യാപകനിയമനങ്ങളാണ് ഓരോ വർഷവും നടക്കുന്നത്. പലയിടങ്ങളിലും പട്ടികജാതി, ഭിന്നശേഷി സംവരണം പാലിക്കാത്തതാണ് ലവേഷിനെപ്പോലെയുള്ളവർക്കു തിരിച്ചടിയാകുന്നത്.
Content Highlights: Despite ranking first in the visually impaired category of the 2023 Kerala PSC Assistant Professor (Malayalam) list and having over 10 years of experience, Cherthala native P.A. Lavesh has been denied even temporary employment as aided colleges allegedly demand crores in bribes while bypassing reservation rules.