'ഏറ്റവും സന്തോഷമുള്ള രാജ്യം ആകുന്നത് ഇങ്ങനെയാണ്'; നോര്‍വേയിലെ ജോലി സമയത്തെപ്പറ്റി യുവാവ്

നോര്‍വേയിലെ തൊഴില്‍ സംസ്‌കാരം ലോകപ്രശസ്തമാണ്. മത്സരാധിഷ്ഠിതമായ തൊഴിലിടങ്ങളില്‍ ദീര്‍ഘനേരം ജോലിചെയ്യുന്ന മറ്റ് പല രാജ്യങ്ങളിലേയും ആളുകളെ ആകര്‍ഷിക്കുന്ന തൊഴിലിടങ്ങളാണ് നോര്‍വേയിലേത്.
രാജ്യത്തെ ജോലിസമയത്തെക്കുറിച്ചും അത് വര്‍ക്ക്-ലൈഫ് ബാലന്‍സിനെ സ്വാധീനിക്കുന്നതിനെക്കുറിച്ചും വിശദീകരിച്ചുകൊണ്ട് യുവാവ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോ ശ്രദ്ധനേടുകയാണ്.
നോര്‍വേയില്‍ മറൈന്‍ ടെക്കിയായി ജോലിചെയ്തിരുന്ന സച്ചിന്‍ ഡോഗ്രയാണ് രാജ്യത്തെ 7.5 മണിക്കൂര്‍ ഉള്ള പ്രവൃത്തിദിനങ്ങള്‍ വര്‍ക്ക്-ലൈഫ് ബാലന്‍സ് മെച്ചപ്പെടുത്തുന്നത് എങ്ങനെയെന്ന് വ്യക്തമാക്കി വീഡിയോ പോസ്റ്റ് ചെയ്തത്.
''നോര്‍വേയിലെ മിക്ക കമ്പനികളിലും ഏഴര മണിക്കൂറാണ് ആളുകള്‍ ജോലിചെയ്യുന്നത്. കോര്‍ അവേഴ്‌സ് + ഫ്‌ളെക്‌സിബിള്‍ അവേഴ്‌സ് എന്ന ലളിതമായ സംവിധാനമാണ് അതില്‍ പല സ്ഥാപനങ്ങളും പിന്തുടരുന്നത്, പോസ്റ്റിന്റെ അടിക്കുറിപ്പില്‍ സച്ചിന്‍ ഡോഗ്ര പറയുന്നു.
ജോലിസമയം ക്രമീകരിച്ചിരിക്കുന്ന രീതിയാണ് അവിടെ വേറിട്ടു നിര്‍ത്തുന്നത് എന്ന്. നിശ്ചിത സമയക്രമങ്ങള്‍ക്കോ കര്‍ശനമായ ഷെഡ്യൂളുകള്‍ക്കോ പകരം, പല തൊഴിലിടങ്ങളും കോര്‍ അവേഴ്‌സ്, ഫ്‌ളെക്‌സിബിള്‍ അവേഴ്‌സ് എന്ന സംവിധാനമാണ് ഉപയോഗിക്കുന്നത്. ഇത് ജീവനക്കാര്‍ക്ക് അവരുടെ ദിവസത്തില്‍ കൂടുതല്‍ നിയന്ത്രണം നല്‍കുന്നു, അദ്ദേഹം പറയുന്നു.
''മീറ്റിങ്ങുകള്‍, ടീം വര്‍ക്ക്, അത്യാവശ്യ ആശയവിനിമയം എന്നിവയ്ക്കായി ടീമിലെ എല്ലാവരെയും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന സമയമാണ് കോര്‍ അവേഴ്‌സ്. ആളുകള്‍ക്ക് അനുയോജ്യമായ സമയത്ത് ബാക്കിയുള്ള ജോലികള്‍ പൂര്‍ത്തിയാക്കാനുള്ള സമയമാണ് ഫ്‌ളെക്‌സിബിള്‍ അവേഴ്‌സ്,'' ഡോഗ്ര വീഡിയോയില്‍ വിശദീകരിച്ചു.
ഈ സമയപരിധിക്ക് പുറത്ത്, ജീവനക്കാര്‍ക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് അതിരാവിലെയോ, വൈകുന്നേരമോ, അല്ലെങ്കില്‍ കുട്ടികളെ സ്‌കൂളില്‍ കൊണ്ടുപോകുന്നതുപോലുള്ള ദൈനംദിന ഉത്തരവാദിത്തങ്ങള്‍ക്കും വ്യക്തിപരമായ ആക്ടിവിറ്റികള്‍ക്കും ഇടയിലോ ബാക്കിയുള്ള ജോലികള്‍ പൂര്‍ത്തിയാക്കാം.
കര്‍ശനമായ ഓഫീസ് സമയത്തിനനുസരിച്ച് ജീവിതം ക്രമീകരിക്കാന്‍ നിര്‍ബന്ധിക്കുന്നതിനു പകരം, ജീവിതത്തിനനുസരിച്ച് തങ്ങളുടെ ദിവസം രൂപകല്‍പന ചെയ്യാന്‍ ഈ സ്വാതന്ത്ര്യം ആളുകളെ അനുവദിക്കുന്നുവെന്ന് സച്ചിന്‍ ഡോഗ്ര കുറിച്ചു.
''ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളില്‍ ഒന്നായി സ്ഥിരമായി നോര്‍വേ തിരഞ്ഞെടുക്കപ്പെടുന്നതിന്റെ ഒരു പ്രധാന കാരണം ഈ മനോഭാവമാണ്,'' അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
നിരവധിപേരാണ് വീഡിയോക്ക് പ്രതികരണങ്ങളുമായെത്തിയത്. തങ്ങളുടെ ദീര്‍ഘമായ ജോലി സമയവും നോര്‍വെയിലെ തൊഴില്‍ സാഹചര്യവും തമ്മില്‍ പ്രകടമായ വ്യത്യാസമാണ് ഉള്ളതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് അതില്‍ പലരും കമന്റ് ചെയ്തത്.
''14 മണിക്കൂര്‍ ജോലിക്ക് ശേഷം ഇത് കാണുന്നു,'' എന്ന് ഒരു ഉപയോക്താവ് കമന്റ് ചെയ്തപ്പോള്‍ 'യൂറോപ്പിലെ ആളുകള്‍ ജീവിക്കുന്നു... നമ്മള്‍ ഇന്ത്യയില്‍ അതിജീവിക്കുക മാത്രം ചെയ്യുന്നു,'' എന്നാണ് മറ്റൊരു ഉപയോക്താവ് കമന്റ് ചെയ്തത്.
Content Highlights: Discover how Norway`s 7.5-hour workday and flexible hours system improve work-life balance. A young expat shares insights into this employee-friendly work culture.