ആദ്യ എഐ ഇനവേഷൻ സെൻ്റർ കോഴിക്കോട്ട് വരുന്നു; കൂടുതൽ തൊഴിൽസാധ്യതകൾക്ക് വഴിയൊരുക്കും

കോഴിക്കോട്: കേരളത്തിലെ ആദ്യത്തെ എഐ ഇനവേഷൻ സെന്റർ കോഴിക്കോട് സൈബർപാർക്കിൽ വരുന്നു. അബുദാബി ആസ്ഥാനമായുള്ള കാലിനോവ എന്ന കമ്പനി ഇതിനായി സർക്കാർ സൈബർപാർക്കിൽ 3.5 ഏക്കർ സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്. 90 വർഷത്തേക്ക് ഭൂമി പാട്ടത്തിനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഐടി ഇനവേഷൻ ഹബ്ബും ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുള്ള ഡേറ്റാസെന്ററുമാണ് സ്ഥാപിക്കുന്നത്. 10 ലക്ഷം ചതുരശ്രയടിയുടെ കെട്ടിടമാണ് നിർമിക്കുന്നത്. ജർമനി, യുഎസ് എന്നിവിടങ്ങളിൽനിന്നുൾപ്പെടെയുള്ള ആറ് കമ്പനികൾ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
മലബാറിന്റെ ഐടി വളർച്ചയിൽ ഇതൊരു നാഴികക്കല്ലായി മാറും. വൻകിട കമ്പനികൾ കോഴിക്കോട്ടേക്ക് വരാനും കൂടുതൽ തൊഴിൽസാധ്യതകൾക്കും വഴിയൊരുക്കും.
ഇനവേഷൻ ഹബ്ബിലേക്ക് നിലവിൽ ബെംഗളൂരുവിലെ ഐടി കമ്പനികളിൽനിന്നടക്കം ഐടി െപ്രാഫഷണലുകളെ റിക്രൂട്ട് ചെയ്തുതുടങ്ങിയിട്ടുണ്ട്. കെട്ടിടം നിർമിക്കാനുള്ള ആർക്കിടെക്ടിനെയും പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റിനെയും നിയോഗിച്ചിട്ടുണ്ട്. സർക്കാരിന്റെ ഭാഗത്തുനിന്നാണ് ഇനി കാര്യങ്ങൾ വേഗത്തിലാക്കേണ്ടത്.
ഇതോടൊപ്പംതന്നെ യുഎൽ സൈബർപാർക്കിലും സർക്കാർ സൈബർപാർക്കിലുമായി സ്വകാര്യനിക്ഷേപത്തോടെ നാല് പുതിയ ഐടി കെട്ടിടങ്ങൾ പണിയുന്നുണ്ട്. കോഴിക്കോട്ടെ പ്രമുഖ ബിൽഡറായ ഹൈലൈറ്റ് 7.5 ലക്ഷം ചതുരശ്ര അടിയിലാണ് സർക്കാർ സൈബർപാർക്കിൽ പുതിയ കെട്ടിടം നിർമിക്കുന്നത്. സൈബർപാർക്കിൽ ചൊവ്വാഴ്ച ഹൈലൈറ്റിന് സ്ഥലം അനുവദിച്ചു. ഇതിലും പാട്ടക്കാലാവധിയിൽ സർക്കാരിന്റെ തീരുമാനം വരണം.
150 കോടിയുടെ നിേക്ഷപ പദ്ധതിയുമായി ഗുഡ് എർത്ത് ഒന്നരക്കൊല്ലമായി സർക്കാർ തീരുമാനത്തിനായി കാത്തിരിക്കുകയാണ്.
അതിൽ പാട്ടക്കാലാവധിയുടെ കാര്യത്തിൽ അടുത്തമാസത്തോടെ തീരുമാനമുണ്ടാവുമെന്നാണ് ലഭിക്കുന്ന വിവരം. ഫയൽ ഐടി സെക്രട്ടറിയുടെ പരിഗണനയിലാണ്.
യുഎൽ സൈബർപാർക്കിൽ ഒരേസമയം നാലായിരം പേർക്ക് ജോലിചെയ്യാവുന്നതരത്തിലുള്ള അഞ്ചുലക്ഷം ചതുരശ്ര അടിയുള്ള രണ്ടാമത്തെ ഐടി കെട്ടിടം പണിയാൻ തീരുമാനിച്ചിട്ടുണ്ട്.
യുഎൽസിസിഎസ് തന്നെയാണ് കെട്ടിടം പണിയുന്നത്. 2029-ന് മുന്നോടിയായി നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായുള്ള സാൻഡ് ബോക്സിന്റെ മിനി ടെക്പാർക്ക് സർക്കാർ സൈബർപാർക്കിൽ ഉടൻ നിർമാണം തുടങ്ങും. അതിന്റെ എല്ലാനടപടികളും പൂർത്തിയായിരിക്കുകയാണ്. നിലവിൽ 80 ഐടി കന്പനികളാണ് കോഴിക്കോട്ട് പ്രവർത്തനം തുടങ്ങാൻ താത്പര്യമറിയിച്ച് അപേക്ഷ നൽകി കാത്തിരിക്കുന്നത്. കെട്ടിടസൗകര്യമില്ലാത്തതാണ് കാരണം. നാലുലക്ഷം ചതുരശ്ര അടിയിൽ പുതിയ കെട്ടിടം പണിയാൻ സൈബർപാർക്ക് 190 കോടിയുടെ പദ്ധതി സമർപ്പിച്ചിട്ടുണ്ട്. അതിനും അനുമതി ലഭിക്കേണ്ടതുണ്ട്.