അധിക തസ്തിക: ഖാദര്‍ കമ്മിഷന്‍ ശുപാര്‍ശ പ്രകാരം ഉയർന്ന ക്ലാസിൽ സർക്കാരിന് നഷ്ടം; പ്രൈമറിയിൽ ലാഭം

#ജി. രാജേഷ് കുമാർ
ചിത്രീകരണം: എന്‍.എന്‍. സജീവന്‍
ചിത്രീകരണം: എന്‍.എന്‍. സജീവന്‍

തൃശ്ശൂർ: ഖാദർ കമ്മിഷൻ ശുപാർശകളിലെ തസ്തികനിർണയ രീതികൾ നടപ്പാക്കുമ്പോൾ ഒമ്പതാംക്ലാസ് മുതൽ സർക്കാരിന് ചെലവു കൂടും. ഒന്നു മുതൽ ഏഴു വരെ ലാഭവും. 2020-ൽ തോമസ് ഐസക്‌ അവതരിപ്പിച്ച ബജറ്റിലെ നിർദേശത്തോട് അടുത്തു നിൽക്കുന്നതാണ് പ്രൈമറി തലത്തിലെ ശുപാർശകൾ.

അധിക തസ്തികകൾ വഴിയുള്ള അധ്യാപക നിയമനത്തിലൂടെയാണ് ഈ ലാഭനഷ്ടക്കണക്ക്. കമ്മിഷൻ ശുപാർശകളിൽ ഹൈസ്കൂൾ വിഭാഗത്തിലേത് നടപ്പാക്കാൻ നിലവിലെ സംസ്ഥാന ധനഃസ്ഥിതി കണക്കിലെടുത്ത് ധനവകുപ്പ് അനുമതി നൽകാനും സാധ്യതയില്ല.

കൂടുന്നതിങ്ങനെ

കമ്മിഷന്റെ ശുപാർശകൾ പ്രകാരം എട്ടു മുതൽ 12 വരെയുള്ള ക്ലാസുകളെ ഒരു ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ഹയർസെക്കൻഡറിയിൽ കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചല്ല തസ്തികകൾ. എന്നാൽ, ശുപാർശപ്രകാരം 11,12 ക്ലാസുകളിലും കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള അധ്യാപക തസ്തികകൾ വരും. എട്ടു മുതൽ 12 വരെയുള്ള ക്ലാസുകളിൽ ഒരു ഡിവിഷനിൽ 35 കുട്ടികൾ എന്ന നിർദേശമാണുള്ളത്. പരമാവധി 45 എന്നും പറയുന്നു. 46-ാമത്തെ കുട്ടി വന്നാൽ രണ്ടാമതൊരു ഡിവിഷൻ വരും.

നിലവിലെ സംവിധാനത്തിൽ 11,12 ക്ലാസുകളിൽ ഒരു ക്ലാസിൽ 50 കുട്ടികളാണ്. ശുപാർശപ്രകാരം നിലവിലെ ഒരു ക്ലാസ് രണ്ടായി മാറും. അതിനസരിച്ചുള്ള അധ്യാപകരെയും നിയമിക്കേണ്ടി വരും. ഇപ്പോൾ ഒമ്പത്, 10 ക്ലാസുകളിൽ കെ.ഇ.ആർ. പ്രകാരം 45 കുട്ടികൾക്കാണ് ഒരു അധ്യാപകൻ. 51-ാമത്തെ കുട്ടിക്കാണ് രണ്ടാമത്തെ ഡിവിഷൻ കിട്ടുക.

എട്ടാംക്ലാസിൽ നിലവിൽ 1:35 എന്ന അനുപാതമാണുള്ളത്. അപ്പോൾ 36-ാമത്തെ കുട്ടി വരുമ്പോൾ എട്ടാംക്ലാസിൽ രണ്ടാം ഡിവിഷൻ സാധ്യമായിരുന്നു. ശുപാർശ പ്രകാരം 46-ാമത്തെ കുട്ടി വരുമ്പോഴായിരിക്കും രണ്ടാം ഡിവിഷൻ ഉണ്ടാവുക. ഫലത്തിൽ എട്ടാംക്ലാസിന്റെ കാര്യത്തിലുള്ള ശുപാർശ സർക്കാരിന് വലിയ ബാധ്യത ഉണ്ടാക്കില്ല.

ഐസക്‌ തന്ത്രം

2020-ലെ ബജറ്റിൽ ധനമന്ത്രി പ്രൈമറി സ്കൂളുകളിലെ തസ്തികനിർണയരീതി മാറ്റാൻ നിർദേശം വെച്ചിരുന്നു. ഒന്നു മുതൽ അഞ്ചു വരെ അനുപാതം 1:30 ആണെങ്കിലും 31-ാമത്തെ കുട്ടിക്ക് രണ്ടാം ഡിവിഷൻ അനുവദിക്കുന്നത് നിർത്തണമെന്നായിരുന്നു നിർദേശം. ആറ്, ഏഴ് ക്ലാസുകളിൽ ഇത് 1: 35. രണ്ടാം ഡിവിഷൻ 36-ാം കുട്ടി വരുമ്പോഴും.

ശുപാർശയിൽ ഒന്ന്, രണ്ട് ക്ലാസുകളിൽ 1:25 ആണ്. പരമാവധി 36. അതായത് ഇപ്പോൾ 31-ാമത്തെ കുട്ടിക്ക് രണ്ടാം ഡിവിഷൻ നൽകിക്കൊണ്ടിരുന്ന സ്ഥാനത്ത് 37-ാം കുട്ടിക്ക് മതിയാകും. മൂന്ന്, നാല് ക്ലാസുകളിൽ രണ്ടാം ഡിവിഷൻ 41-ാം കുട്ടിക്കും. അഞ്ചു മുതൽ ഏഴു വരെ അധിക ഡിവിഷന് 20 കുട്ടികളെങ്കിലും ഉണ്ടാവുകയും വേണം.

Content Highlights: khader committee report