'ഗൾഫ് മേഖലകളിൽനിന്ന് സ്കിൽഡ് പ്രൊഫഷണലുകൾ സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്നു'

പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

കൊച്ചി: തൊഴിൽ എടുക്കുന്നവരുടെ എണ്ണത്തിൽ കേരളം മുന്നേറിയെന്നും അടിസ്ഥാന വൈദഗ്ധ്യത്തിനപ്പുറം നൈപുണ്യം കൈവരിക്കേണ്ട കാലമാണ് വരുന്നതെന്നും ലിങ്ക്ഡ്ഇൻ ടാലന്റ് ഇൻസൈറ്റ്സ് റിപ്പോർട്ട്. കേരളത്തിന്റെ തൊഴിലാളി ശക്തിയിൽ വളർച്ചയുണ്ടായെന്നു പറയുന്ന റിപ്പോർട്ട്, അഞ്ചുവർഷത്തിനിടെ സംസ്ഥാനത്തെ പ്രൊഫഷണൽ ടാലന്റ് പൂൾ 172 ശതമാനം വളർച്ച നേടി എന്ന് വ്യക്തമാക്കുന്നു. ഇതോടെ കേരളം രാജ്യത്തെ ഒൻപതാമത്തെ വലിയ തൊഴിലാളി ശക്തിയുള്ള സംസ്ഥാനമായി മാറി. എന്നാൽ, 2030-ഓടെ അടിസ്ഥാന വൈദഗ്ധ്യം വേണ്ട തൊഴിൽ മേഖലകളിൽ 30 ശതമാനം വരെ മാറ്റംവരുകയോ അപ്രസക്തമാകുകയോ ചെയ്യുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

നൈപുണ്യകേരളം ആഗോള ഉച്ചകോടിയിൽ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം കേരളത്തിലെ തൊഴിലാളി ശക്തിയുടെ 40 ശതമാനവും കൊച്ചി, തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ്. കൂടുതൽ പ്രൊഫഷണലുകളും സോഫ്റ്റ്‌വേർ എൻജിനിയർ, അക്കൗണ്ടന്റ്, അധ്യാപനം എന്നീ മേഖലകളിലാണ്. കേരളത്തിന്റെ തൊഴിലാളി ശക്തിയിൽ 37% വനിതകളാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ദേശീയ ശരാശരി 30 ശതമാനമാണ്.

വിദേശ രാജ്യങ്ങളിൽനിന്ന്, പ്രധാനമായും ഗൾഫ് മേഖലകളിൽനിന്ന് സ്കിൽഡ് പ്രൊഫഷണലുകൾ സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്നുവെന്നാണ് റിപ്പോർട്ടിലെ മറ്റൊരു പ്രധാന കണ്ടെത്തൽ. യുഎഇയിൽ നിന്നുമാത്രം 52 ശതമാനം പേർ തിരിച്ചെത്തി. ബിസിനസ് ഓപ്പറേഷൻസ്, ഫിനാൻസ്, സംരംഭകത്വം എന്നീ മേഖലകളിൽ ജോലിയെടുത്ത് പരിചയമുള്ളവരാണ് ഇവർ.

കേരള ഡിവലപ്മെന്റ് ആൻഡ് ഇനവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്‌), നോളജ് ഇക്കണോമി മിഷൻ തുടങ്ങിയ പദ്ധതികളിലൂടെ സംസ്ഥാനത്ത് നൈപുണി വികസനത്തിന് ഊന്നൽ ലഭിച്ചു.

രണ്ടുവർഷത്തിനിടെ നിർമിതബുദ്ധി, ഡേറ്റാ അനാലിസിസ്, ഫിനാൻഷ്യൽ പ്ലാനിങ് തുടങ്ങിയ മേഖലകളിൽ ഡിജിറ്റൽ, പ്രൊഫഷണൽ പരിശീലനത്തിൽ പങ്കാളിത്തം ഇരട്ടിയായി. ഐടി സർവീസ്, ഫിനാൻസ്, ആരോഗ്യമേഖല എന്നീ മേഖലകളിൽ കേരളം ദേശീയതലത്തിലെ നിയമന പാറ്റേണുമായി ചേർന്നുപോകുന്നുവെങ്കിലും ബയോ ടെക്നോളജി, ഓട്ടോമേഷൻ, അഡ്വാൻസ്ഡ് അനലിറ്റിക്സ് മേഖലകളിൽ സംസ്ഥാനത്തിന് ഇനിയും വളരാനുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

Content Highlights: Kerala`s professional talent pool grew 172% in 5 years, making it the 9th largest workforce in India