സംരംഭകത്വ ആവാസവ്യവസ്ഥ പ്രോത്സാഹിപ്പിക്കാന്‍ കേരള സര്‍ക്കാരും EDII-യും കൈകോര്‍ക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സംരംഭങ്ങളേയും സംരംഭകരേയും പരിപോഷിപ്പിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സംസ്ഥാന സര്‍ക്കാരുമായി എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ഇഡിഐഐ) കൈകോര്‍ക്കുന്നു. കുടുംബശ്രീ, സ്റ്റാര്‍ട്ടപ് മിഷന്‍, യുവജനക്ഷേമ ബോര്‍ഡ് എന്നിവയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചുവന്നിരുന്ന ഇഡിഐഐ ഇനി വ്യവസായ വകുപ്പുമായും കെ-ഡിസ്‌കുമായും വിവിധ കോര്‍പ്പറേറ്റുകളുമായും ചേര്‍ന്ന് സംസ്ഥാനത്തെ സംരംഭകത്വ ആവാസവ്യവസ്ഥയുടെ(Entrepreneurship Ecosystem )വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കും.
സംസ്ഥാനത്ത് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വ്യവസായ വകുപ്പിനു കീഴില്‍ ഫീല്‍ഡ്തല ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കിവരുന്നത് ഇ.ഡി.ഐ.ഐ ആണ്. ഇതിനോടകം 200 ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു. ഒരു ലക്ഷം സംരംഭങ്ങളെന്ന ലക്ഷ്യം സുഗമമാക്കുന്നതിന് 60 റിസോഴ്സ് പേഴ്‌സണ്‍മാരുടെ കേഡറിനും പരിശീലനം നല്‍കും.
എല്ലാ ജില്ലകളിലും നിലവിലുള്ള സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ക്ലസ്റ്ററുകള്‍ തിരിച്ചറിഞ്ഞ് കൈപിടിച്ചുനടത്തുന്നതിനായി കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) നടപ്പാക്കുന്ന 'ഒരു ജില്ല ഒരു ആശയം (ഒഡിഒഐ)' എന്ന നൂതന പദ്ധതിയില്‍ തെരഞ്ഞെടുത്ത ക്ലസ്റ്ററുകളിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ഇഡിഐഐ പങ്കുചേരും. ഇന്ത്യയിലുടനീളം 300-ലധികം ക്ലസ്റ്ററുകള്‍ നടപ്പിലാക്കിയതിന്റെ അനുഭവപരിചയമുള്ള ഇഡിഐഐ, ക്ലസ്റ്ററുകളുടെ സമ്പൂര്‍ണ പുനരുജ്ജീവനത്തിന് സഹായം നല്‍കുന്ന പ്രൊഫഷണല്‍ ടെക്നിക്കല്‍ ഏജന്‍സിയായിരിക്കും.
കേരളത്തില്‍ ഏകദേശം 650 ബിസിനസ്സുകള്‍ സൃഷ്ടിക്കുന്നതിനായി മൈക്രോ സ്‌കില്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമുകള്‍ നടത്താന്‍ പ്രമുഖ സ്ഥാപനങ്ങളുമായും ഇന്‍സ്റ്റിറ്റ്യൂട്ട് കൈകോര്‍ക്കുന്നുണ്ട്. ഇതില്‍ 60 ശതമാനവും സാങ്കേതികവിദ്യയിലധിഷ്ഠിതമായി സ്ത്രീകള്‍ നയിക്കുന്ന ഹരിത ബിസിനസുകളാണ്. കൂടുതല്‍ സ്ത്രീകള്‍ക്ക് സംരംഭകത്വത്തിലേക്ക് ചുവടുവെക്കാന്‍ പ്രചോദനം നല്‍കുന്ന പരിപാടിയാണിത്. കോര്‍പ്പറേറ്റുകളുടെ പിന്തുണയോടെ ഇഡിഐഐ ആരംഭിച്ച ഇന്‍സ്റ്റിറ്റ്യൂട്ടഡ് മൈക്രോ വുമണ്‍ എന്റര്‍പ്രൈസസ് പരിപാടിയില്‍ 500-ലധികം വനിതാ സംരംഭകര്‍ ചേരുകയും ബിസിനസ് പ്രൊമോഷന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
Content Highlights: Kerala's government and EDII collaborate to support the entrepreneurial ecosystem