ഇന്‍ഫോസിസില്‍ ജോലിക്ക് ശ്രമിക്കുകയാണോ? ശ്രദ്ധിക്കുക, ഇനി ഓഫര്‍ ലെറ്റര്‍ ഇ-മെയിലില്‍ അയക്കില്ല

പ്രതീകാത്മക ചിത്രം | Photo: Reuters
പ്രതീകാത്മക ചിത്രം | Photo: Reuters

ന്ത്യയിലെ ഏറ്റവും വലിയ ഐ.ടി. കമ്പനികളിലൊന്നാണ് ഇന്‍ഫോസിസ്. ഏകദേശം മൂന്ന് ലക്ഷത്തിലേറെ ജീവനക്കാരാണ് വിവിധയിടങ്ങളിലായി ഇന്‍ഫോസിസിനുള്ളത്. എന്നാല്‍, ഇപ്പോള്‍ റിക്രൂട്ട്‌മെന്റ് നടപടികളില്‍ ചില മാറ്റംവരുത്തിയിരിക്കുകയാണ് ഇന്‍ഫി. ജോലിക്കായി തിരഞ്ഞെടുക്കുന്നവര്‍ക്ക് ഇനിമുതല്‍ ഇ-മെയില്‍ വഴി ഓഫര്‍ലെറ്ററുകള്‍ അയക്കില്ലെന്നാണ് കമ്പനിയുടെ അറിയിപ്പ്. ഫ്രഷേഴ്‌സും പരിചയസമ്പന്നരും അടക്കമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഇനിമുതല്‍ കമ്പനിയുടെ വെബ്‌സൈറ്റ് വഴി മാത്രമേ ഓഫര്‍ലെറ്ററും അനുബന്ധരേഖകളും ലഭിക്കുകയുള്ളൂവെന്നും കമ്പനി പറയുന്നു. 

www.infosys.com/careers എന്ന വെബ്‌സൈറ്റില്‍ പുതിയ തീരുമാനത്തെ സംബന്ധിച്ചുള്ള അറിയിപ്പും കമ്പനി നല്‍കിയിട്ടുണ്ട്. ലോഗിന്‍ ക്രെഡന്‍ഷ്യല്‍സ് ഉപയോഗിച്ച് ഉദ്യോഗാര്‍ഥികള്‍ കമ്പനി വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്താല്‍ ഇതുംസബന്ധിച്ച വിവരങ്ങള്‍ കിട്ടും. ഇനിമുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഇ-മെയില്‍ വഴി ഓഫര്‍ ലെറ്റര്‍ അയക്കില്ലെന്നും ഓഫര്‍ ലെറ്റര്‍ സംബന്ധിച്ച് സംശയങ്ങളുണ്ടെങ്കില്‍ career.infosys.com/offerValidation എന്ന ലിങ്ക് വഴി പരിശോധിക്കാമെന്നും കമ്പനി വ്യക്തമാക്കുന്നു. 

ഇന്‍ഫോസിസിന്റെ പേരില്‍ ഒട്ടേറെ വ്യാജ റിക്രൂട്ട്‌മെന്റുകള്‍ നടക്കുന്നതിനാലും ഉദ്യോഗാര്‍ഥികളെ തട്ടിപ്പിനിരയാക്കുന്നതിനാലുമാണ് കമ്പനി പുതിയ രീതി അവലംബിച്ചതെന്നാണ് റിപ്പോര്‍ട്ട്. വ്യാജ റിക്രൂട്ട്‌മെന്റുകളില്‍ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്നും കമ്പനി വെബ്‌സൈറ്റില്‍ അറിയിപ്പായി നല്‍കിയിട്ടുണ്ട്. അതേസമയം, പുതിയ രീതിയിലൂടെ ജോലി തട്ടിപ്പുകള്‍ തടയുക മാത്രമല്ല കമ്പനിയുടെ ലക്ഷ്യമെന്നും ഇതിനൊപ്പം ഉദ്യോഗാര്‍ഥികള്‍ക്ക് മികച്ച ഹയറിങ് അനുഭവം നല്‍കുകയും കടലാസ് രഹിത നിയമനനടപടികള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നതും കമ്പനി ലക്ഷ്യമിടുന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

Content Highlights: infosys hiring updates infosys no longer send offer letters over email