രണ്ടര വർഷം കൊണ്ട് 15,000-ൽ നിന്ന് 25 ലക്ഷത്തിലേക്ക് ! ; ടെക്കിയുടെ കരിയർ വളർച്ച പങ്കുവെച്ച് സുഹൃത്ത്

#Career desk
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

രണ്ടര വർഷം കൊണ്ട് ഒരാൾക്ക് ശമ്പളം എത്ര മടങ്ങ് വർദ്ധിപ്പിക്കാൻ കഴിയും? സിംഗപ്പൂർ ആസ്ഥാനമായുള്ള കമ്പനിയിൽ നിന്ന് 25 ലക്ഷത്തിന്റെ പാക്കേജ് സ്വന്തമാക്കിയ ഇന്ത്യൻ ടെക്കിയുടെ കരിയർ ഗ്രാഫ്, കരിയറിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായാൽ ഉണ്ടാകുന്ന ഗുണങ്ങളുടെ ഉദാഹരണമായി മാറുകയാണ്.

ഇൻ്റേൺഷിപ്പിൽ നിന്നാണ് യാത്ര തുടങ്ങിയത്. മാസശമ്പളം വെറും 15,000 രൂപ. എന്നാൽ ആറ് മാസം തികയും മുൻപേ കഠിനാധ്വാനം വഴി അത് ഏഴ് ലക്ഷത്തിന്റെ ഫുൾ ടൈം റോളായി മാറി. അവിടെയും അവസാനിച്ചില്ല; കൃത്യമായ ഇടവേളകളിൽ ലഭിച്ച അപ്രൈസലുകൾ ശമ്പളം ഒമ്പത് ലക്ഷത്തിലേക്കും പിന്നീട് 14 ലക്ഷത്തിലേക്കുമെത്തിച്ചു.  14 ലക്ഷത്തിന്റെ ഓഫർ മറ്റൊരു കമ്പനിയിൽ നിന്ന് ലഭിച്ചപ്പോൾ, അദ്ദേഹത്തെ നിലനിർത്താൻ നിലവിലെ കമ്പനി തന്നെ കൂടുതൽ ശമ്പളം നൽകുകയായിരുന്നു. ഒടുവിൽ 25 ലക്ഷം എൽ.പി.എ എന്ന ലക്ഷ്യത്തിലേക്ക് എത്തിയതാകട്ടെ സിംഗപ്പൂർ ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തിലൂടെയാണ്.

സഹപാഠിയുടെ 'റിയാലിറ്റി ചെക്ക്'

ഇയാളുടെ സഹപാഠിയായ ഋതുജയാണ് എക്സിലൂടെ സുഹൃത്തിന്റെ കരിയർ ഗ്രാഫ് പങ്കുവെച്ചത്. ജാവ ഡെവലപ്പറായ സുഹൃത്തിന്റെ നേട്ടങ്ങൾ പറയുന്ന പോസ്റ്റിൽ ജീവിതത്തിൽ താരമ്യങ്ങൾ ചെയ്യുന്നതിൽ അർഥമില്ലെന്നും പറയുന്നു. അന്ന് കോഡിങ് വിട്ടില്ലായിരുന്നെങ്കിൽ തനിക്കും നേട്ടങ്ങളിലേക്ക് എത്താൻ കഴിയുമായിരുന്നോ എന്ന് പറയുന്നുണ്ട്. എന്നാൽ അത്തരത്തിലൊരു സംശയത്തിന് പ്രസക്തിയില്ലെന്നും അവർ തന്നെ പറയുന്നു.  മറ്റുള്ളവരുടെ വളർച്ച കണ്ട് സ്വയം താരതമ്യം ചെയ്യുന്നതിന് പകരം, അതിന് പിന്നിലെ അധ്വാനത്തെ തിരിച്ചറിയണമെന്നാണ് ഇതിനോടുള്ള പ്രതികരണം.

'ജോബ് ഹോപ്പിങ്' 

ഓരോ തവണയും ഉയർന്ന പാക്കേജുകൾക്ക് പിന്നാലെ പായുന്നത് എപ്പോഴും ഗുണകരമാകണമെന്നില്ല എന്നൊരു വശം കൂടി ഈ ചർച്ചകളിലുണ്ട്. ഓരോ പുതിയ സ്വിച്ചിങ്ങും പുതിയ ടീം, പുതിയ പ്രതീക്ഷകൾ, ജോലിയിലെ മറ്റു സമ്മർദങ്ങൾ എന്നിവ കൊണ്ടുവരുന്നു. അതുകൊണ്ട് തന്നെ കേവലം പണത്തിന് വേണ്ടി മാത്രം ജോലി മാറാതെ, പ്രൊഫഷണൽ വളർച്ചയും എക്സ്പോഷറും കൂടി മുന്നിൽ കണ്ട് വേണം ഇത്തരം തീരുമാനങ്ങൾ എടുക്കേണ്ടതെന്നാണ് ഇതിലെ 'പ്രോ' ടിപ്പ്.

എല്ലാവരുടെയും യാത്രകൾ വ്യത്യസ്തമാണെന്നും, കൃത്യമായ സ്കിൽ ഡെവലപ്‌മെന്റും വ്യക്തമായ പ്ലാനിങ്ങും  ഉണ്ടെങ്കിൽ ചുരുങ്ങിയ കാലം കൊണ്ട് വലിയ പാക്കേജുകൾ സ്വപ്നം കാണാമെന്നും ടെക്കിയുടെ അനുഭവം വ്യക്തമാക്കുന്നു.

Content Highlights: An Indian techie's remarkable career progression—growing from a ₹15,000 monthly internship to a ₹25 lakh annual package at a Singapore-based firm in just two and a half years—has gone viral, sparking debates on strategic job switching and skill development.