മികച്ച ഗവേഷണ കരിയർ ആഗ്രഹിക്കുന്നവർക്ക് ഐഐഐടി കോട്ടയത്ത് പഠിക്കാം, അപേക്ഷിക്കേണ്ടവിധം...

#അജീഷ് പ്രഭാകരൻ ajeeshpp@mpp.co.in
ഐഐഐടി കോട്ടയം | Photo: മാതൃഭൂമി
ഐഐഐടി കോട്ടയം | Photo: മാതൃഭൂമി

വിദേശരാജ്യങ്ങളിലെ സർവകലാശാലകളുമായുള്ള സഹകരണത്തിലൂടെയും ഇന്റർ ഡിസിപ്ലിനറി പഠനത്തിലൂടെയും മികച്ച ഗവേഷണ കരിയർ ആഗ്രഹിക്കുന്നവർക്കായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (ഐ.ഐ.ഐ.ടി.) കോട്ടയം വിവിധ ഗവേഷണപ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു.

കംപ്യൂട്ടർ സയൻസിലും അതിന്റെ അനുബന്ധമേഖലകളിലും ലോകോത്തര നിലവാരത്തിലുള്ള ഗവേഷണത്തിന് സ്ഥാപനം അവസരം നൽകുന്നു. സ്കോളർഷിപ്പ്, സ്പോൺസേഡ്‌, സെൽഫ്-ഫിനാൻസിങ്, എക്സ്‌ടേണൽ രജിസ്‌ട്രേഷൻ എന്നീ വിഭാഗങ്ങളിലായാണ് പ്രവേശനം.

ഫാക്കൽറ്റികൾ വിദേശത്തെയും ഇന്ത്യയിലെയും സ്ഥാപനങ്ങളുമായി നടത്തുന്ന ഗവേഷണപ്രോജക്ടുകളിൽ പങ്കാളികളാകാൻ കഴിയും. വിദേശ സർവകലാശാലകളുമായുള്ള വിദ്യാർഥി സഹകരണത്തിലൂടെ ഗവേഷണത്തിന്റെ നൂതനമേഖലകൾ മനസ്സിലാക്കാം. പ്രവേശനപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.

മേഖലകൾ

• കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്: കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇൻഫർമേഷൻ ടെക്‌നോളജി, കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ഇ.സി.ഇ. തത്തുല്യമേഖലകളിൽ 60 ശതമാനം മാർക്കോടെയുള്ള മാസ്റ്റർ ബിരുദം.

• ഐ.ഐ.ടി., എൻ.ഐ.ടി., ഐ.ഐ.ഐ.ടി. എന്നിവിടങ്ങളിൽനിന്നോ ദേശീയപ്രാധാന്യമുള്ള സ്ഥാപനങ്ങളിൽനിന്നോ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇൻഫർമേഷൻ ടെക്‌നോളജി, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് മേഖലകളിൽ 75 ശതമാനം മാർക്കോടെ നേടിയ നാലുവർഷ ബിരുദം. ഇങ്ങനെ ചേരുന്ന വിദ്യാർഥികൾക്ക് പ്രോഗ്രാം പൂർത്തിയാകുമ്പോൾ എക്സിറ്റ് ഓപ്ഷൻ ഇല്ലാതെ എം.എസ്.-പിഎച്ച്.ഡി. ബിരുദം നൽകും.

• ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്: ഇ.സി.ഇ., ഇ.ഇ.ഇ. എന്നിവയിലോ അനുബന്ധമേഖലകളിലോ 60 ശതമാനം മാർക്കോടെയുള്ള മാസ്റ്റർബിരുദം. ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്‌ട്രിക്കൽ എൻജിനിയറിങ് ബ്രാഞ്ചുകളിൽ ഐ.ഐ.ടി., എൻ.ഐ.ടി., ഐ.ഐ.ഐ.ടി. എന്നിവിടങ്ങളിൽനിന്നോ ദേശീയപ്രാധാന്യമുള്ള മറ്റുസ്ഥാപനങ്ങളിൽനിന്നോ ഉള്ള നാലുവർഷ ബിരുദം. ഇവർക്ക് എക്സിറ്റ് ഓപ്ഷൻ ഇല്ലാതെ പ്രോഗ്രാം കഴിയുമ്പോൾ എം.എസ്.-പിഎച്ച്.ഡി. നൽകും

• കംപ്യൂട്ടേഷണൽ മാത്തമാറ്റിക്സ്: മാത്തമാറ്റിക്സ്, മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിങ്, അപ്ലൈഡ് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്‌ അല്ലെങ്കിൽ അനുബന്ധമേഖലയിൽനിന്നുള്ള രണ്ടുവർഷ എം.എസ്‌സി. അല്ലെങ്കിൽ ഇന്റഗ്രേറ്റഡ് എം.എസ്‌സി.

അപേക്ഷ

phd.iiitkottayam.ac.in വഴി നവംബർ 30 വരെ അപേക്ഷിക്കാം. ഓരോമേഖലയ്ക്കും പ്രത്യേകം അപേക്ഷ നൽകണം.

കംപ്യൂട്ടർ സയൻസിന്റെ എല്ലാമേഖലകളിലും സ്പെഷ്യലൈസേഷനോടെയുള്ള ഇന്റർ ഡിസിപ്ലിനറി പ്രോഗ്രാമുകളാണ് ഇവിടെയുള്ളത്. വിദേശസർവകലാശാലകളുമായുള്ള സഹകരണത്തിലൂടെ ഗവേഷകർക്ക് അവിടെപ്പോയി ഗവേഷണം നടത്താനും അവിടത്തെ ലാബ്, ലൈബ്രറി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉപയോഗിക്കാനും കഴിയും.

-ഡോ. കെ. രാധാകൃഷ്ണൻ
രജിസ്ട്രാർ, ഐ.ഐ.ഐ.ടി. കോട്ടയം

ഇന്റർ ഡിസിപ്ലിനറി ഗവേഷണത്തിനും വിദേശസർവകലാശാലകളുമായുള്ള സഹകരണത്തിനും ഐ.ഐ.ഐ.ടി. കോട്ടയം പ്രാധാന്യം നൽകുന്നത് എന്റെ ഗവേഷണത്തിന് സഹായകമായി. സെർബ് ഓവർസീസ് വിസിറ്റിങ് ഡോക്ടറൽ ഫെലോഷിപ്പിലൂടെ പർഡ്യൂ സർവകലാശാലയിലാണ് ഇപ്പോഴുള്ളത്. ഒരു ഗണിതശാസ്ത്രപശ്ചാത്തലത്തിൽനിന്ന് വരുന്ന ഞാൻ ഇപ്പോൾ നെറ്റ്‌വർക്ക് സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, ഗ്രാഫ് തിയറി, ന്യൂറോസയൻസ് എന്നിവയുടെ സമന്വയമായ നെറ്റ്‌വർക്ക് ന്യൂറോസയൻസ് മേഖലയിലേക്ക് കടക്കുകയാണ്. പർഡ്യൂവിലെ ഈ ഫെലോഷിപ്പ് ഗവേഷണത്തെക്കുറിച്ചുള്ള പ്രായോഗികവും ക്ലിനിക്കൽ ഉൾക്കാഴ്ചകളും നൽകി.

-ജൂലി സാറ ബെന്നി
ഇൻസ്പയർ ഫെലോ, ഡിപ്പാർട്ട്‌മെന്റ് ഓഫ് കംപ്യൂട്ടേഷണൽ സയൻസ് ആൻഡ് ഹ്യുമാനിറ്റീസ്, ഐ.ഐ.ഐ.ടി. കോട്ടയം. ഇപ്പോൾ യു.എസിലെ പർഡ്യൂ സർവകലാശാലയിൽ

Content Highlights: indian institute of information technology kottayam research program apply