72% ഇന്ത്യക്കാർക്ക് ജോലി മാറ്റം വേണം, സാധ്യത ഏറെ ഈ ജോലികൾക്ക്: ലിങ്ക്ഡ്ഇൻ റിപ്പോർട്ട്

ഇന്ത്യയിലെ തൊഴിൽ വിപണിയിൽ 2026-ൽ വലിയ മാറ്റങ്ങൾ പ്രകടമാകുന്നുവെന്ന് ലിങ്ക്ഡ്ഇൻ പുറത്തുവിട്ട പുതിയ പഠനം വ്യക്തമാക്കുന്നു. കൂടുതൽ മികച്ച അവസരങ്ങൾ തേടി ഇന്ത്യയിലെ 72 ശതമാനം പ്രൊഫഷണലുകളും ജോലി മാറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും, അതിനായി തങ്ങൾ പൂർണ്ണ സജ്ജരാണെന്ന് വിശ്വസിക്കുന്നത് വെറും 16 ശതമാനം പേർ മാത്രമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നുകയറ്റവും മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ നൈപുണ്യങ്ങളും ഈ ആത്മവിശ്വാസക്കുറവിന് പ്രധാന കാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
2022-ന്റെ തുടക്കത്തെ അപേക്ഷിച്ച് ഓരോ തൊഴിൽ അവസരത്തിനും അപേക്ഷിക്കുന്നവരുടെ എണ്ണം ഇരട്ടിയിലധികമായി വർധിച്ചിട്ടുണ്ട്.
ഇന്റർവ്യൂ പ്രക്രിയകൾ ദൈർഘ്യമേറിയതാകുന്നതും എഐ ഉപയോഗിച്ചുള്ള സ്ക്രീനിങ് രീതികളും ഉദ്യോഗാർത്ഥികളിൽ ആശങ്കയുണ്ടാക്കുന്നു. 94 ശതമാനം തൊഴിലന്വേഷകരും ഇന്റർവ്യൂ തയ്യാറെടുപ്പിനും മറ്റുമായി എഐ ടൂളുകളെ തന്നെ ആശ്രയിക്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.
2026-ൽ ഡിമാൻഡ് ഏറുന്ന തസ്തികകൾ
ലിങ്ക്ഡ്ഇൻ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ വരും വർഷങ്ങളിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ ലഭിക്കാൻ സാധ്യതയുള്ള ചില പ്രധാന തസ്തികകൾ ഇവയാണ്:
പ്രോംപ്റ്റ് എഞ്ചിനീയർ (Prompt Engineer)
എഐ എഞ്ചിനീയർ (AI Engineer)
സോഫ്റ്റ്വെയർ എഞ്ചിനീയർ
സൈബർ സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ്
സോളാർ കൺസൾട്ടന്റ്
ബിഹേവിയറൽ തെറാപ്പിസ്റ്റ്
ബ്രാൻഡ് സ്ട്രാറ്റജിസ്റ്റ്
സെൻസസ്വൈഡ് എന്ന ഏജൻസിയുടെ സഹകരണത്തോടെ 2025 നവംബറിലാണ് പഠനം നടത്തിയത്. ഇന്ത്യ, യുഎസ്, യുകെ, സിംഗപ്പൂർ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ 18-നും 79-നും ഇടയിൽ പ്രായമുള്ള 19,113 തൊഴിലന്വേഷകരെയും 6,554 എച്ച്.ആർ പ്രൊഫഷണലുകളെയും സർവ്വേയിൽ ഉൾപ്പെടുത്തിയിരുന്നു.
2023 ജനുവരി മുതൽ 2025 ജൂലൈ വരെയുള്ള കാലയളവിൽ ലിങ്ക്ഡ്ഇൻ അംഗങ്ങൾക്കിടയിൽ ഉണ്ടായ ദശലക്ഷക്കണക്കിന് തൊഴിൽ മാറ്റങ്ങൾ വിശകലനം ചെയ്താണ് ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ള ജോലികൾ ഏതൊക്കെയാണെന്ന് കണ്ടെത്തിയത്. കൃത്യമായ വളർച്ചാ നിരക്കുള്ള സ്ഥിരം തൊഴിലുകളെ മാത്രമാണ് ഈ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇന്റേൺഷിപ്പുകൾ, വൊളന്റിയർ ജോലികൾ എന്നിവ ഇതിൽ ഉൾപ്പെട്ടിട്ടില്ല.
Content Highlights: LinkedIn study reveals significant job market shifts in India by 2026, driven by AI. Discover in-demand roles and the skills gap.