ഐഐടിയിൽനിന്ന് കാമ്പസ് റിക്രൂട്ട്മെന്റിലൂടെ ജപ്പാനിൽ ജോലി, ശമ്പളം വെളിപ്പെടുത്തി യുവാവ്

#Career desk
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ഹിമാചലിലെ ഐഐടി മണ്ഡിയിൽനിന്നും ബിരുദം നേടി ജപ്പാനിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരൻ തന്റെ ശമ്പളം വെളിപ്പെടുത്തുന്ന വീഡിയോ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുകയാണ്.

ടെക് മൈൻഡ്‌സ് ജപ്പാൻ എന്ന ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ ആണ് മെഷീൻ ലേണിങ് എൻജിനീയറായ പാർശ്വ ജെയ്ൻ എന്ന യുവാവ് സംസാരിച്ചത്. എത്രയാണ് താൻ സമ്പാദിക്കുന്നത് എന്ന ചോദ്യത്തിന് പ്രതിവർഷം ഏകദേശം ആറ് മുതൽ 6.5 ദശലക്ഷം യെൻ (ഏകദേശം 35-38 ലക്ഷം രൂപ) സമ്പാദിക്കുന്നുവെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) മണ്ഡിയിൽ നിന്ന് ഡാറ്റാ സയൻസ് ആൻഡ് എൻജിനിയറിങ്ങിൽ ബിടെക് ബിരുദം നേടിയ ശേഷം കാമ്പസ് പ്ലേസ്മെന്റിലൂടെയാണ് തനിക്ക് ജോലി ലഭിച്ചതെന്ന് ജെയിൻ പറയുന്നു. തന്റെ കരിയറിനെക്കുറിച്ചും ഐടിയിലെ പുതിയ ട്രെൻഡുകളെക്കുറിച്ചും വീഡിയോയിൽ യുവാവ് വിശദീകരിക്കുന്നുണ്ട്.

'ഇപ്പോഴത്തെ ട്രെൻഡുകൾ മിക്കവാറും AI യുമായി ബന്ധപ്പെട്ടതാണ്, അതിന്റെ അനുബന്ധ ഇൻഫ്രാസ്ട്രക്ചറിന്റെ കുറവുമൂലം ഹാർഡ്വെയറിലേക്കും മാറിക്കൊണ്ടിരിക്കുകയാണെന്ന് ഞാൻ കരുതുന്നു. ഞാൻ ഡാറ്റാ സയൻസ്, മെഷീൻ ലേണിങ് എന്നിവയിലാണ് ബിരുദം നേടിയത്. മെഷീൻ ലേണിങ് ഫീൽഡിൽ ഒരു ജോലി നേടണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു,' യുവാവ് പറഞ്ഞു.

ജപ്പാനിൽ കരിയർ ലക്ഷ്യമിടുന്ന പ്രൊഫഷണലുകൾക്ക് ചില ഉപദേശങ്ങളും യുവാവ് പങ്കുവെച്ചു. ബിരുദം കഴിഞ്ഞിറങ്ങിയ ഒരാൾക്ക് ലാറ്ററൽ ഹയറിങ്ങിലൂടെ ജോലി നേടാൻ പ്രയാസമാണെന്നും എന്നാൽ പരിചയസമ്പത്തോടെ കാര്യങ്ങൾ എളുപ്പമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

'ആളുകളിൽ നിന്ന് കേട്ടറിഞ്ഞത് വെച്ച്, ഒരു ബിരുദധാരി എന്ന നിലയിൽ ജപ്പാനിൽ ലാറ്ററൽ ഹയറിങ് വഴി ജോലി നേടുന്നത് അത്ര എളുപ്പമല്ല. എന്നാൽ മിഡ്-കരിയർ, സീനിയർ പൊസിഷനുകൾക്ക് നിങ്ങൾക്ക് ജോലികൾ കണ്ടെത്താനും റഫറലുകൾ തേടാനും കഴിയുമെന്നാണ് തോന്നുന്നത്. ജപ്പാനിൽ വിസ സ്‌പോൺസർഷിപ്പ് നൽകുകയും റീലൊക്കേഷൻ സപ്പോർട്ട് നൽകുകയും ചെയ്യുന്ന, വിദേശത്തുനിന്നുള്ള ഉദ്യോഗാർഥികളെ കൊണ്ടുവരാൻ കഴിയുള്ള ധാരാളം കമ്പനികളുണ്ട്. ഭാഷയുടെ കാര്യത്തിൽ, ജാപ്പനീസ് നിർബന്ധമല്ലെങ്കിലും, അത് അറിയുന്നത് വളരെ സഹായകമാകും, ജെയിൻ കൂട്ടിച്ചേർത്തു.

Content Highlights: IIT Mandi graduate Parshva Jain secures an impressive ¥6-6.5M salary in Japan through campus placements. L