ഐഐടി ഹൈദരാബാദിന്റെ ചരിത്രത്തിലെ റെക്കോഡ്; 2.5 കോടി രൂപയുടെ ശമ്പള പാക്കേജ് സ്വന്തമാക്കി 21-കാരൻ

ഐഐടി ഹൈദരാബാദിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ശമ്പള പാക്കേജ് സ്വന്തമാക്കി 21-കാരനായ വിദ്യാർഥി. അവസാന വർഷ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ് വിദ്യാർഥിയായ എഡ്വേർഡ് നഥാൻ വർഗീസിനാണ് പ്രതിവർഷം 2.5 കോടി രൂപയുടെ റെക്കോർഡ് പാക്കേജ് ലഭിച്ചത്.
തൊഴിൽ വിപണിയിലെ കടുത്ത വെല്ലുവിളികൾക്കിടയിലും നെതർലൻഡ്‌സ് ആസ്ഥാനമായുള്ള ആഗോള ട്രേഡിംഗ് കമ്പനിയായ ഒപ്റ്റിവറാ(optiver) ണ് ഇത്രയും ഭീമമായ ശമ്പളം നൽകി എഡ്വേർഡിനെ ജോലിക്കെടുത്തത്. ജൂലൈയിൽ നെതർലൻഡ്‌സിലെ ഓഫീസിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ചുമതലയേൽക്കും.
2008-ൽ ഐഐടി സ്ഥാപിതമായതിനുശേഷം ഒരു വിദ്യാർഥിക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയുടെ പാക്കേജാണിത്. 2017-ൽ ഒരു വിദ്യാർഥിക്ക് 1.1 കോടി രൂപയുടെ പാക്കേജ് ലഭിച്ചിരുന്നു. എഡ്വേർഡ് ഒപ്റ്റിവറിൽ രണ്ട് മാസത്തെ സമ്മർ ഇന്റേൺഷിപ്പ് ചെയ്തിരുന്നു. ഇതിലെ മികച്ച പ്രകടനമാണ് പ്രീ-പ്ലേസ്‌മെന്റ് ഓഫർ നേടിക്കൊടുത്തത്. ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ രണ്ട് പേരിൽ എഡ്വേർഡിനെ മാത്രമാണ് കമ്പനി തിരഞ്ഞെടുത്തത്.
ഹൈദരാബാദിൽ ജനിച്ചുവളർന്ന എഡ്വേർഡ് 12-ാം ക്ലാസ് വരെ ബെംഗളൂരുവിലാണ് പഠിച്ചത്. എഡ്വേർഡിന്റെ മാതാപിതാക്കളും എഞ്ചിനീയർമാരാണ്. ജെ.ഇ.ഇ മെയിനിൽ 1100-ാം റാങ്കും അഡ്വാൻസ്ഡിൽ 558-ാം റാങ്കും നേടിയാണ് എഡ്വേർഡ് ഐഐടിയിൽ പ്രവേശനം നേടിയത്.
Content Highlights: iit hyderabad student edward nathan varghese bags rs 2.5 crore offer