ബാങ്കിങ് പരീക്ഷകൾ ഓഗസ്റ്റ് മുതൽ; അപേക്ഷാരീതിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

#Career desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

ബാങ്കിങ് മേഖലയിലെ വിവിധ തസ്തികകളിലേക്കുള്ള പരീക്ഷാ കലണ്ടർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ (IBPS) പുറത്തുവിട്ടു. 2026 ഓഗസ്റ്റ് മുതൽ 2027 ജനുവരി വരെയാണ് വിവിധ തസ്തികകളിലേക്കുള്ള ഓൺലൈൻ പരീക്ഷകൾ നടക്കുക.

പ്രധാന പരീക്ഷാ തീയതികൾ

പൊതുമേഖലാ ബാങ്കുകൾ:

  • പ്രൊബേഷണറി ഓഫീസർ (PO/MT): പ്രിലിമിനറി പരീക്ഷ 2026 ഓഗസ്റ്റ് 22, 23, 29 തീയതികളിലും, പ്രധാന പരീക്ഷ ഒക്ടോബർ 4-നും നടക്കും.
  • സ്പെഷ്യലിസ്റ്റ് ഓഫീസർ : പ്രിലിമിനറി ഒക്ടോബർ 10, 11 തീയതികളിലും പ്രധാന പരീക്ഷ നവംബർ 1-നും നടക്കും.
  • കസ്റ്റമർ സർവീസ് അസോസിയേറ്റ് (CSA): പ്രധാന പരീക്ഷ ഡിസംബർ 27-ന് നടക്കും. 

റീജിയണൽ റൂറൽ ബാങ്കുകൾ (RRBs):

  • ഓഫീസർ സ്കെയിൽ I: പ്രിലിമിനറി പരീക്ഷ നവംബർ 21, 22 തീയതികളിൽ നടക്കും.
  • ഓഫീസ് അസിസ്റ്റന്റ്: പ്രിലിമിനറി പരീക്ഷ ഡിസംബർ 6, 12, 13 തീയതികളിലും, പ്രധാന പരീക്ഷ 2027 ജനുവരി 30-നും നടക്കും.
  • ഓഫീസർ സ്കെയിൽ II & III: സിംഗിൾ പരീക്ഷ 2026 ഡിസംബർ 20-ന് നടക്കും.

അപേക്ഷാ രീതിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

അപേക്ഷകൾ ഓൺലൈൻ വഴി മാത്രമാണ് സ്വീകരിക്കുന്നത്. പ്രിലിമിനറി, മെയിൻ പരീക്ഷകൾക്കായി ഒറ്റ രജിസ്ട്രേഷൻ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. അപേക്ഷ സമർപ്പിക്കുമ്പോൾ താഴെ പറയുന്ന രേഖകൾ കരുതണം:

  • ഫോട്ടോ: 20 kb മുതൽ 50 kb വരെ വലിപ്പമുള്ള പാസ്‌പോർട്ട് സൈസ് ഫോട്ടോ.
  • ലൈവ് ഫോട്ടോ: അപേക്ഷാ സമയത്ത് വെബ്ക്യാം അല്ലെങ്കിൽ മൊബൈൽ വഴി തത്സമയ ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യേണ്ടതാണ്.
  • ഒപ്പ്: 10 kb മുതൽ 20 kb വരെ. ഒപ്പ് വലിയ അക്ഷരങ്ങളിൽ (Capital letters) ആയിരിക്കരുത്.
  • വിരലടയാളവും സത്യവാങ്മൂലവും: നിശ്ചിത ഫോർമാറ്റിലുള്ള കൈപ്പടയിലുള്ള സത്യവാങ്മൂലവും (50 kb-100 kb) വിരലടയാളവും (20 kb-50 kb) സമർപ്പിക്കണം.

ഉദ്യോഗാർത്ഥികൾ വിശദമായ വിജ്ഞാപനത്തിനായി www.ibps.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം. 

Content Highlights: IBPS has released the exam calendar for various banking positions for 2026-2027.