ഐടി ജോലിയുപേക്ഷിച്ച് ഗോപിക സിവിൽ സർവീസിലേക്ക്

ബി. ഗോപിക | Photo: Mathrubhumi
ബി. ഗോപിക | Photo: Mathrubhumi

തിരുവനന്തപുരം: ഐടി ജോലി തനിക്ക് ചേരുന്നതല്ലെന്ന് മനസ്സിലാക്കിയാണ് ബി. ഗോപിക സിവിൽ സർവീസിലേക്ക് തിരിഞ്ഞത്. ആഗ്രഹം വീട്ടുകാരോടുപറഞ്ഞപ്പോൾ, എത്രയും വേഗം ജോലി രാജിവെച്ച് പഠനം ആരംഭിക്കാനായിരുന്നു അവരും നിർദേശിച്ചത്. പഠിക്കുന്ന സമയത്ത് സിവിൽ സർവീസ് മോഹം മനസ്സിലുണ്ടായിരുന്നെങ്കിലും പഠിക്കാൻ പ്രയാസമാണെന്നുകരുതി വേണ്ടെന്നുവെക്കുകയായിരുന്നു.

ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽനിന്ന് പരിശീലനംനേടിയാണ് പരീക്ഷയെഴുതിയത്. രണ്ടാമത്തെ പരിശ്രമത്തിൽ 185-ാം റാങ്ക് നേടി.

അഭിമുഖത്തിൽ ഭയം തോന്നിയിരുന്നില്ല. ചോദ്യങ്ങൾക്കെല്ലാം ആത്മവിശ്വാസത്തോടെയായിരുന്നു മറുപടി പറഞ്ഞതും. ഫിലോസഫിയാണ് ഓപ്ഷണൽ വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്. ഫോറിൻ സർവീസ് വേണമെന്നാണ് ആഗ്രഹം. അടുത്ത പരിശ്രമം ഫോറിൻ സർവീസ് നേടാനാണെന്നും ഗോപിക പറയുന്നു. ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് എൻജിനിയറിങ്ങിലാണ്‌ ബിരുദം നേടിയത്. ആനയറ കല്ലുംമൂട് വൃന്ദാവനത്തിൽ ആർ.എൽ. ഗോപകുമാറിന്റെയും എസ്.ആർ. ബിന്ദുവിന്റെയും മകളാണ്.

Content Highlights: B. Gopika, an electrical engineer, left her IT job to pursue her dream of civil service.