ഇഎസ്‌ഐ ശമ്പളപരിധി കൂട്ടാതെ എട്ടുവർഷം,തൊഴിൽമന്ത്രിയുടെ ഉറപ്പും നടപ്പായില്ല

#ഷൈൻ മോഹൻ
പ്രതീകാത്മക ചിത്രം | ചിത്രം: അജി വി.കെ., മാതൃഭൂമി
പ്രതീകാത്മക ചിത്രം | ചിത്രം: അജി വി.കെ., മാതൃഭൂമി

ന്യൂഡൽഹി: അംഗങ്ങളുടെ പ്രധാന പ്രശ്നങ്ങളൊന്നും അജൻഡയിലുൾപ്പെടുത്താതെ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസിന്റെ (ഇഎസ്‌ഐ) 196-ാമത് യോഗം വെള്ളിയാഴ്ച നടക്കും. ഇഎസ്‌ഐ പദ്ധയിൽ അംഗമാകാനുള്ള കൂടിയ ശമ്പളപരിധി എട്ടുവർഷം മുൻപ് നിശ്ചയിച്ച 21,000 രൂപയിൽനിന്ന് ഗണ്യമായി വർധിപ്പിക്കണമെന്ന ദീർഘകാല ആവശ്യംപോലും അജൻഡയിലില്ല.

ശമ്പളപരിധി വർധിപ്പിക്കുന്നത് അടുത്ത യോഗത്തിൽ പരിഗണിക്കാമെന്ന് കഴിഞ്ഞവർഷം ഒക്ടോബറിൽ നടന്ന 194-ാമത് ഇഎസ്‌ഐ കോർപ്പറേഷൻ യോഗത്തിനുശേഷം തൊഴിലാളി യൂണിയൻ പ്രതിനിധികൾക്ക് കേന്ദ്ര തൊഴിൽമന്ത്രി ഉറപ്പുനൽകിയിരുന്നു. എന്നാൽ, ഡിസംബറിൽ നടന്ന അടുത്ത യോഗത്തിൽ ഇക്കാര്യം പരിഗണിച്ചില്ല. മാത്രവുമല്ല, വെള്ളിയാഴ്ച ഷിംലയിൽ നടക്കാനിരിക്കുന്ന യോഗത്തിന്റെ അജൻഡയിലും ഇതുൾപ്പെടെ അംഗങ്ങളെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളൊന്നുമില്ലെന്ന് അറിയുന്നു.

പ്രതിവർഷം പത്തുലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്ന ഇഎസ്‌ഐ പദ്ധയിൽ അംഗമാകാനുള്ള പരമാവധി ശമ്പളം 21,000 രൂപയാക്കിയത് 2017-ലാണ്. അതിനുശേഷം ശമ്പളം വർധിച്ചതുവഴി 80 ലക്ഷത്തിലേറെപ്പേർ അംഗത്വത്തിൽനിന്ന് പുറത്തായി. വേതന പരിധി 30,000 രൂപയാക്കി ഉയർത്തണമെന്ന് ഇഎസ്‌ഐയുടെ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ ശുപാർശ ചെയ്തെങ്കിലും ബോർഡ് തീരുമാനമെടുത്തിട്ടില്ല.

ശമ്പള പരിധി 42,000 രൂപയാക്കി ഉടൻ വർധിപ്പിക്കണമെന്ന് ബിഎംഎസ് ആവശ്യപ്പെടുന്നു. ഇഎസ്‌ഐ ആശുപത്രികളുടെ ശോചനീയാവസ്ഥ പരിഹരിക്കൽ, ജീവനക്കാരുടെ ഒഴിവ് നികത്തൽ തുടങ്ങിയ വിഷയങ്ങളും തൊഴിലാളി യൂണിയൻ പ്രതിനിധികൾ യോഗത്തിൽ ഉന്നയിക്കും.

ഇഎസ്‌ഐ ആശുപത്രിയിലെത്തുന്ന രോഗികളെ അവിടെ സൗകര്യമില്ലെങ്കിൽ സർക്കാർ ആശുപത്രികളിലേക്കു മാത്രമേ റഫർ ചെയ്യാവൂ എന്ന് കാട്ടി 2022-ൽ കോർപ്പറേഷൻ ഇറക്കിയ നിർദേശം പിൻവലിക്കണമെന്നും ആവശ്യപ്പെടും.

ബോർഡ് തീരുമാനിക്കാത്ത കാര്യം നിർദേശിച്ച ഉദ്യോഗസ്ഥർക്കെതിരേ നടപടി ആവശ്യപ്പെടുമെന്ന് ഇഎസ്‌ഐ കോർപ്പറേഷൻ അംഗവും ബിഎംഎസ് പ്രതിനിധിയുമായ എസ്. ദുരൈരാജ് പറഞ്ഞു. വിവിധ വിഷയങ്ങളിൽ മറ്റ് സിഐടിയു, എഐടിയുസി, യുടിയുസി തുടങ്ങിയ യൂണിയനുകളുടെ സഹകരണവും തേടുമെന്ന് അദ്ദേഹം അറിയിച്ചു.

Content Highlights: ESI Meeting Ignores Key Issues: Salary Cap Hike Needed