അമ്മയെ പരിചരിക്കണം, ജീവനക്കാരിക്ക് ഒരു മാസത്തെ ശമ്പളത്തോട് കൂടിയ അവധി; കുറിപ്പ് പങ്കുവെച്ച് സംരംഭകൻ

പ്രതീകാത്മക ചിത്രം | Photo: istockphoto
പ്രതീകാത്മക ചിത്രം | Photo: istockphoto

രോഗബാധിതയായ അമ്മയെ പരിചരിക്കേണ്ടി വന്ന ജീവനക്കാരിക്ക് ഒരു മാസത്തെ ശമ്പളത്തോട് കൂടിയ അവധി നൽകി ഇന്ത്യൻ സംരഭകൻ. ടെക് കമ്പനിയായ Bingelabs-ന്റെ സഹസ്ഥാപകനായ ദിവ്യേ അഗർവാളാണ് തന്റെ ജീവനക്കാരിക്ക് അവധി നൽകിയതിനെ കുറിച്ച് ലിങ്ക്ഡ്ഇന്നിൽ കുറിപ്പ് പങ്കുവെച്ചത്. ഈ അവധിക്കുശേഷം ജീവനക്കാരി കൂടുതൽ ഊർജത്തോടെ ജോലിയിലേക്ക് തിരിച്ചെത്തിയെന്നും അദ്ദേഹം പറയുന്നു.

'കഴിഞ്ഞ വർഷം ടീമിലെ ഒരാൾക്ക് ഒരു മാസം അവധി ആവശ്യമായി വന്നു. അവരുടെ അമ്മയ്ക്ക് സുഖമില്ലായിരുന്നു. പൂർണമായ പരിചരണം ആവശ്യമായിരുന്നു. വൈകുന്നേരങ്ങളിൽ ജോലി ചെയ്യാമെന്ന് അവർ പറഞ്ഞു. അത് എങ്ങനെ സാധ്യമാകുമെന്ന് അവർ വിശദീകരിക്കാൻ തുടങ്ങി. എന്നാൽ യാതൊരു നിബന്ധനകളുമില്ലാതെ ഒരു മാസം അവധിയെടുക്കാമെന്ന് ഞാൻ അവരോട് പറഞ്ഞു. ഇതുകേട്ട് അവർ അത്ഭുതപ്പെട്ടു. ഈ അവധി കാരണം അവരുടെ രണ്ട് പ്രൊജക്ടുകൾ വൈകി. ഞങ്ങൾ അതിന് അനുസരിച്ച് ജോലികൾ ക്രമീകരിച്ചു. എന്നാൽ അവധിക്കുശേഷം ജോലിയിൽ തിരിച്ചെത്തിയ അവർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.'-ദിവ്യേ അഗർവാൾ പറഞ്ഞു.

ഇതിന് താഴെ ഒട്ടേറെപ്പേരാണ് ദിവ്യയെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. പ്രതിസന്ധി ഘട്ടത്തിൽ മാനേജ്‌മെന്റ് കൂടെ നിൽക്കുമ്പോൾ ജീവനക്കാർ കൂടുതൽ പ്രചോദനം ലഭിക്കുമെന്ന് ചിലർ കുറിച്ചു.

Content Highlights: entrepreneur grants one month paid leave to employee to care for ailing mother