ജോലി ഇഷ്ടപ്പെട്ടില്ല, ആദ്യദിനം തന്നെ രാജിവെച്ച് ജീവനക്കാരന്‍; എച്ച്ആർ മാനേജരുടെ അനുഭവക്കുറിപ്പ്

നോയിഡ ആസ്ഥാനമായുള്ള ഒരു കമ്പനിയിലെ എച്ച്.ആര്‍ പ്രൊഫഷണല്‍ ഖുഷി ചൗരസ്യ പങ്കുവെച്ച ലിങ്ക്ഡ്ഇന്‍ പോസ്റ്റ് ഇപ്പോള്‍ വൈറലാണ്. പുതിയതായി ജോലിക്ക് പ്രവേശിച്ച ഒരാള്‍ കൃത്യമായ വിശദീകരണം കൂടാതെ ആദ്യ ദിവസം തന്നെ രാജിവെച്ചതിനെക്കുറിച്ചുള്ള അനുഭവമാണ് പോസ്റ്റില്‍ പങ്കുവെച്ചത്.
സെയില്‍സ് റോളില്‍ പ്രവേശിച്ച ആ ഉദ്യോഗാര്‍ഥി ആദ്യത്തെ ജോലി ദിവസം അവസാനിച്ചതിനുശേഷം തനിക്കൊരു സന്ദേശമയച്ചതിനെക്കുറിച്ച് ഖുഷി ചൗരസ്യ പറയുന്നു. ''എനിക്ക് ഈ ജോലി ഇഷ്ടപ്പെട്ടില്ല'' എന്നു മാത്രമായിരുന്നു ആ സന്ദേശം.
ജോലി വെല്ലുവിളി നിറഞ്ഞതാണെന്ന് ചൗരസ്യ സമ്മതിച്ചെങ്കിലും, ഓഫര്‍ നല്‍കുന്നതിന് മുന്‍പ് എല്ലാ വിശദാംശങ്ങളും വ്യക്തമായി ചര്‍ച്ച ചെയ്തിരുന്നെന്നും ചൗരസ്യ പറഞ്ഞു.
'ഒറ്റ രാത്രി കൊണ്ട് എന്താണ് മാറിയത്? ഒരു ജോലിയും ഒറ്റ ദിവസം കൊണ്ട് പൂര്‍ണ്ണമാവില്ല. ഒരു കമ്പനിക്കും 24 മണിക്കൂറിനുള്ളില്‍ എല്ലാം തെളിയിക്കാന്‍ കഴിയില്ല. നിങ്ങള്‍ അതിന് നിങ്ങളുടെ സമയവും ഊര്‍ജ്ജവും മാനസികാവസ്ഥയും നല്‍കുന്നത് വരെ ഒരു റോളും ഒരിക്കലും 'സുഖകരമായി' അനുഭവപ്പെടില്ല,'' അവര്‍ കൂട്ടിച്ചേര്‍ത്തു.
അഭിമുഖങ്ങളില്‍ ചോദ്യങ്ങള്‍ ചോദിക്കാനും, ഓഫറുകള്‍ സ്വീകരിക്കുന്നതിന് മുന്‍പ് തീരുമാനമെടുക്കാന്‍ സമയമെടുക്കാനും ചരസ്യ പറയുന്നു. ഒഴിവാക്കാന്‍ തീരുമാനിക്കുമ്പോള്‍ പോലും പ്രൊഫഷണലായി ആശയവിനിമയം നടത്താനും ചൗരസ്യ ഉദ്യോഗാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചു.
പോകാന്‍ തീരുമാനിച്ച പുതിയ ജീവനക്കാരനുമായുള്ള സംക്ഷിപ്ത സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ടുകളും അവരുടെ പോസ്റ്റിനൊപ്പം ഉണ്ടായിരുന്നു.
പോസ്റ്റിന് താഴെ നിരവധി പേര്‍ കമന്റുകളുമായി എത്തി. സമ്മിശ്ര പ്രതികരണങ്ങളാണ് ഉയര്‍ന്ന് വന്നത്. പറ്റില്ലെന്ന് മനസിലായതും തൊഴിലാളി ആരെയും ബുദ്ധിമുട്ടിക്കാതെ പോയെന്നാണ് ഒരുകൂട്ടരുടെ പക്ഷം.
'സൂപ്പര്‍വൈസര്‍ ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലൂടെ പുതുതായി ചേര്‍ന്ന വ്യക്തിക്ക് ഒരു അടുപ്പം തോന്നിപ്പിക്കണമായിരുന്നു. ഒരുപക്ഷേ ഒന്നാം ദിവസം യുക്തിരഹിതമായ പ്രതീക്ഷകള്‍ വെച്ചിരിക്കാം,'' ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
ഏതൊരു പുതിയ റോളിലും പ്രൊഫഷണലിസവും ക്ഷമയും വളരെ വേണ്ട കാര്യമാണെന്ന് ഒരുകൂട്ടര്‍ പറഞ്ഞു.
Content Highlights: Employee Quits After 1st Day: HR Pro`s Viral LinkedIn Post