എൻജിനീയറിങ്, സയൻസ് വിദ്യാർത്ഥികൾക്ക് ഓറിയന്റേഷൻ കോഴ്സ്, പരിശീലനം കഴിഞ്ഞാൽ സയന്റിഫിക് ഓഫീസർ നിയമനം

#ഡോ. എസ്. രാജൂകൃഷ്ണൻ
പ്രതീകാത്മകചിത്രം | ഫോട്ടോ: CANVA
പ്രതീകാത്മകചിത്രം | ഫോട്ടോ: CANVA

സയൻസ്, എൻജിനിയറിങ്, ടെക്നോളജി മേഖലകളിൽ മികച്ച കരിയർ ആഗ്രഹിക്കുന്നവർക്കായി ഭാഭാ ആറ്റമിക് റിസർച്ച് സെൻറർ (ബാർക്) ട്രെയിനിങ് സ്കൂൾ നടത്തുന്ന രണ്ടു പരിശീലനപദ്ധതികളിലേക്ക് അപേക്ഷിക്കാം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഡിപ്പാർട്ട്മെന്റ് ഓഫ് ആറ്റമിക് എനർജി (ഡി.എ.ഇ.) യൂണിറ്റുകളിലൊന്നിലോ ആറ്റമിക് എനർജി റെഗുലേറ്ററി ബോർഡിലോ (എ.ഇ.ആർ.ബി.) സയന്റിഫിക് ഓഫീസർ 'സി' തസ്തികയിൽ നിയമനം ലഭിക്കും.

പദ്ധതികൾ

  • ഓറിയന്റേഷൻ കോഴ്സ് ഫോർ എൻജിനിയറിങ് ഗ്രാജ്വേറ്റ്സ് ആൻഡ് സയൻസ് പോസ്റ്റ് ഗ്രാജ്വേറ്റ്സ് (ഒ.സി.ഇ.എസ്.)

ഒരുവർഷം ദൈർഘ്യമുള്ള ഒ.സി.ഇ.എസ്., മുംബൈ, ഹൈദരാബാദ് എന്നീ ബാർക് ട്രെയിനിങ് സ്കൂളുകളിൽ നടത്തും. പരിശീലനത്തിന് എൻറോൾ ചെയ്യപ്പെടുന്ന ട്രെയിനി സയൻറിഫിക് ഓഫീസർമാരിൽ, ഓരോ വിഷയത്തിലും കുറഞ്ഞത് 35-ഉം മൊത്തത്തിൽ 50-ഉം ശതമാനം മാർക്കോടെ പരിശീലനം പൂർത്തിയാക്കുന്നവർ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയതായി കണക്കാക്കും. അവരെ 12 ഡി.എ.ഇ. യൂണിറ്റുകളിലൊന്നിൽ സയൻറിഫിക് ഓഫീസറായി നിയമിക്കും.

പരിശീലനത്തിൽ നിശ്ചിതനിലവാരം പുലർത്തുന്നവർക്ക് എച്ച്.ബി.എൻ.ഐ. (ഹോമി ഭാഭ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്) യുടെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയ്ക്ക് അർഹതയുണ്ടാകും. അവർ എച്ച്.ബി.എൻ.ഐ. എം.ടെക്./പിഎച്ച്.ഡി. പ്രോഗ്രാമിൽ ചേർന്നാൽ ക്രെഡിറ്റുകൾ ലഭിക്കാം.

  • ഡി.എ.ഇ. ഗ്രാജ്വേറ്റ് ഫെലോഷിപ്പ് സ്കീം ഫോർ എൻജിനിയറിങ് ഗ്രാജ്വേറ്റ്സ് (ഡി.ജി.എഫ്.എസ്.)

ദൈർഘ്യം രണ്ടുവർഷം. ബാർക് ട്രെയിനിങ് സ്കൂൾ പ്രോഗ്രാം ഇൻറർവ്യൂവിൽ മികവുകാട്ടിയ, ഒ.സി.ഇ.എസ്. സെലക്‌ഷൻ നേടിയ അതേ അക്കാദമികവർഷംതന്നെ, നിശ്ചിത സ്ഥാപനങ്ങളിലും (ഐ.ഐ.ടി. മദ്രാസ്/ബോംബെ) സവിശേഷമേഖലകളിലും, സ്വന്തമായി എം.ടെക്. പ്രോഗ്രാമിന് പ്രവേശനം നേടിയവർക്ക്, ഡി.എ.ഇ. നിയമനം നിലനിർത്തിക്കൊണ്ട് എം.ടെക്. പഠനത്തിന് സ്റ്റൈപ്പൻഡ്, ട്യൂഷൻഫീസ് എന്നിവ ലഭിക്കും. ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷത്തെ കോഴ്സ് വർക്ക് പൂർത്തിയാക്കിയശേഷം, ഡി.ജി.എഫ്.എസ്. ഫെലോകൾ, ഡി.എ.ഇ. നൽകുന്ന പ്രോജക്ട് വർക്ക് ചെയ്യണം. ഡി.എ.ഇ.യുടെയും ഡി.ജി.എഫ്.എസ്‌. ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ഗൈഡുമാർ സംയുക്തമായി ഇത് സൂപ്പർവൈസ് ചെയ്യും. എം.ടെക്. കോഴ്സ് കാലയളവിൽ ടീച്ചിങ് അപ്രൻറീസ്ഷിപ്പ് പ്രോഗ്രാമിലും പങ്കെടുക്കണം. ഡി.എ.ഇ.യിൽ ചേർന്നശേഷം ഡി.ജി.എഫ്.എസ്. ഫെലോസിന് എച്ച്.ബി.എൻ.ഐ.ൽ പിഎച്ച്.ഡി. ചെയ്യാൻ അവസരം ലഭിക്കാം.

ആനുകൂല്യങ്ങൾ

ഒ.സി.ഇ.എസ്. ടി.എസ്.ഒ.മാർക്കും ഡി.ജി.എസ്.എഫ്. ഫെലോസിനും പരിശീലനകാലയളവിൽ പ്രതിമാസം 74,000 രൂപ സ്റ്റൈപ്പൻഡ് അനുവദിക്കും. ഒ.സി.ഇ.എസ്. ടി.എസ്.ഒ.മാർക്ക് ബുക്ക് അലവൻസായി ഒറ്റത്തവണത്തേക്ക് 30,000 രൂപയും നൽകും. ഡി.ജി.എഫ്.എസ്. ഫെലോസിന് എം.ടെക്. കോഴ്സ് ട്യൂഷൻ ഫീസ് തിരികെനൽകും.

കൂടാതെ പ്രോജക്‌ടുമായി ബന്ധപ്പെട്ട ചെലവുകൾക്കായി പ്രതിവർഷം ഒറ്റത്തവണ കണ്ടിൻജൻസി ഗ്രാൻറായി 60,000 രൂപവീതം രണ്ടുവർഷത്തേക്ക് ലഭിക്കും. എം.ടെക്. പ്രോജക്ട് പൂർത്തീകരണത്തിനു വേണ്ട ഉപകരണങ്ങൾ, കൺസ്യൂമബിൾസ് എന്നിവയ്ക്കായി പരമാവധി നാലുലക്ഷം രൂപ വരെ അനുവദിക്കാം.

അർഹമായ വിഷയങ്ങൾ, യോഗ്യതാബിരുദം

  • എൻജിനിയറിങ് ബ്രാഞ്ചുകൾ: മെക്കാനിക്കൽ, കെമിക്കൽ, മെറ്റല്ലർജിക്കൽ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്സ്, കംപ്യൂട്ടർ സയൻസ് ഇൻസ്ട്രുമെന്റേഷൻ, സിവിൽ

യോഗ്യത: ബ്രാഞ്ചിനനുസരിച്ച് നിശ്ചിത ബ്രാഞ്ചിൽ/അനുബന്ധ ബ്രാഞ്ചിൽ ബി.ഇ./ബി.ടെക്./ബി.എസ്‌സി. (എൻജിനിയറിങ്)/അഞ്ചുവർഷ ഇൻറഗ്രേറ്റഡ് എം.ടെക്.

  • സയൻസ് ഡിസിപ്ലിനുകൾ: ഫിസിക്സ്, കെമിസ്ട്രി, ബയോസയൻസ്, ജിയോളജി.

യോഗ്യത: ഡിസിപ്ലിൻ അനുസരിച്ച് നിശ്ചിത വിഷയത്തിൽ/ബ്രാഞ്ചിൽ എം.എസ്‌സി./ഇൻറഗ്രേറ്റഡ് എം.എസ്‌സി./ബി.ടെക്./ ബി.ഇ./ബി.എസ്‌സി.(ടെക്.)/ ഇൻറഗ്രേറ്റഡ് എം.ടെക്.

പ്രായം (1.8.2025-ന്): കുറഞ്ഞത് 18 വയസ്സ്. പരമാവധി 26 വയസ്സ്. ഒ.ബി.സി. എൻ.സി.എൽ. -29, പട്ടികവിഭാഗം -31. മറ്റു ചില വിഭാഗക്കാർക്കും ഇളവുണ്ട്. 2024-25-ൽ യോഗ്യത നേടുമെന്നു പ്രതീക്ഷിക്കുന്നവർ, യോഗ്യതാപരീക്ഷ അന്തിമ ഫലം കാത്തിരിക്കുന്നവർ എന്നിവർക്കും അപേക്ഷിക്കാം. യോഗ്യതയുടെ വിശദാംശങ്ങൾ ഇൻഫർമേഷൻ ബ്രോഷറിൽ ലഭിക്കും.

തിരഞ്ഞെടുപ്പ്

രണ്ടുഘട്ടങ്ങൾ ഉണ്ടാകും. ഷോർട്ട്‌ ലിസ്റ്റിങ്ങിനുള്ള സ്ക്രീനിങ്ങും ഷോർട്ട്‌ ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കുള്ള സെലക്‌ഷൻ ഇന്റർവ്യൂവും.

മൂന്നു സ്ക്രീനിങ് ചാനലുകൾ ഉണ്ടാകും.

  1. മാർച്ച് എട്ടിനും ഒൻപതിനും 12 വിഷയങ്ങളിൽ നടത്തുന്ന ഓൺലൈൻ സ്ക്രീനിങ് പരീക്ഷ (എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവയും പരീക്ഷാകേന്ദ്രങ്ങളാണ്)
  2. ഗേറ്റ് സ്കോർ അടിസ്ഥാനമാക്കിയുള്ളത് (2023/2024/2025 സ്കോർ)
  3. സി.ഇ.ബി.എസ്. മുംബൈ/നൈസർ ഭുവനേശ്വർ എന്നീ സ്ഥാപനങ്ങളിൽനിന്ന്‌ ബയോസയൻസ്/ഫിസിക്സ്/കെമിസ്ട്രി മാസ്റ്റേഴ്സ് ബിരുദം (2023- 24/2024-25 അക്കാദമിക് വർഷത്തിൽ) കുറഞ്ഞത് 7.5 സി.ജി.പി.എ. സ്കോറോടെ നേടിയവരെ ഇന്റർവ്യൂഘട്ടത്തിലേക്ക് നേരിട്ട് തിരഞ്ഞെടുക്കും

ഇൻറർവ്യൂവിന് ഷോർട്ട്‌ ലിസ്റ്റ് ചെയ്യപ്പെടുന്നവരുടെ പട്ടിക ഏപ്രിൽ ആദ്യവാരം സൈറ്റിൽ ലഭ്യമാക്കും. ഇൻറർവ്യൂ മേയ് 19-നും ജൂൺ 13-നും ഇടയ്ക്കായിരിക്കും. ഇൻറർവ്യൂ മികവു പരിഗണിച്ചായിരിക്കും അന്തിമ സെലക്‌ഷൻ. ഒ.സി.ഇ.എസ്. ഓഗസ്റ്റ് ഒന്നിന് തുടങ്ങും. പദ്ധതികളിലേക്ക് അപേക്ഷിക്കുന്നവരെ വ്യവസ്ഥകൾക്കു വിധേയമായി ഗാന്ധിനഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ റിസർച്ച് നേരിട്ടുള്ള നിയമനത്തിന് പരിഗണിച്ചേക്കാം.

Content Highlights: BARC Training Programs: Science & Engineering Careers