എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് പന്നി ഫാം തുടങ്ങി; 27-കാരിയുടെ ഇപ്പോഴത്തെ മാസവരുമാനം ലക്ഷങ്ങൾ

ഭൂമിയില്‍ നിന്ന് എത്രയോ ഉയരത്തിലുള്ള, അതീവ ഗ്ലാമറസായ ജോലിയാണ് എയര്‍ ഹോസ്റ്റസുകളുടേത് എന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍, ആ ജോലി ഉപേക്ഷിക്കുകയും തികച്ചും വ്യത്യസ്തമായ ജോലിയിലൂടെ വലിയ തുക സമ്പാദിക്കുകയും ചെയ്യുകയാണ് ചൈനയിലെ ഈ 27-കാരി. ആകാശത്തുനിന്നിറങ്ങി മണ്ണില്‍ ചവിട്ടി നിന്ന ഈ യുവതി ഇപ്പോള്‍ സമ്പാദിക്കുന്നത് ലക്ഷങ്ങളാണെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 

ചൈനയിലെ ഹെയ്‌ലോങ്ജിയാങ് പ്രവിശ്യയിലെ സാധാരണ ഗ്രാമീണ കുടുംബത്തിലാണ് യാങ് യാങ്ഷി ജനിച്ചത്. ഉന്നതവിദ്യാഭ്യാസം നേടിയശേഷം ഷാങ്ഹായിയില്‍ ഫ്‌ളൈറ്റ് അറ്റന്റന്റായി ജോലിയില്‍ പ്രവേശിച്ചു. അഞ്ചുവര്‍ഷം അവര്‍ അവിടെ എയര്‍ ഹോസ്റ്റസായി ജോലി ചെയ്തു. ഇതിനിടെ യാങ്ങിന്റെ ശമ്പളം 32,000 രൂപയോളമായി (2800 യുവാന്‍) കുറഞ്ഞു. 

ഷാങ്ഹായിയില്‍ താമസിക്കവെ മാതാപിതാക്കളില്‍നിന്ന് പണം വാങ്ങിയാണ് യാങ് തന്റെ പല ആവശ്യങ്ങളും നിറവേറ്റിയത്. തന്നെ സഹായിക്കാനായി മാതാപിതാക്കള്‍ സ്വന്തം ചെലവുകള്‍ വെട്ടിക്കുറയ്ക്കുകയും ഒരുപാട് കടം വാങ്ങുകയും ചെയ്തുവെന്ന് യാങ് വൈകിയാണ് അറിഞ്ഞത്. ഒടുവില്‍ 2022 ഒക്ടോബറില്‍ തന്റെ മാതാവിന്റെ സാരമായ ആരോഗ്യപ്രശ്‌നത്തിനുള്ള ചികിത്സയെ കുറിച്ച് അറിഞ്ഞതോടെ യാങ് എയര്‍ ഹോസ്റ്റസ് ജോലി രാജിവെക്കുകയായിരുന്നു. 

'എന്റെ മാതാപിതാക്കള്‍ എല്ലായ്‌പ്പോഴും എന്നോട് നല്ല വാര്‍ത്തകള്‍ മാത്രം പറഞ്ഞു. മോശം കാര്യങ്ങള്‍ അവര്‍ എന്നില്‍നിന്ന് മറച്ചുവെച്ചു. ഇപ്പോള്‍ എനിക്ക് അവരോടൊപ്പം നില്‍ക്കണം. വീട്ടില്‍നിന്ന് ദൂരേക്ക് പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല', യാങ് പറഞ്ഞു. 

മാസങ്ങള്‍ക്ക് ശേഷം 2023 ഏപ്രിലിലാണ് യാങ് ബന്ധുവിന്റെ പന്നിഫാം ഏറ്റെടുക്കുന്നത്. തുടര്‍ന്ന് ഫാമിലെ വിശേഷങ്ങള്‍ യാങ് യൂട്യൂബ് പോലെ ചൈനയിലെ ജനകീയമായൊരു വീഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചു. ചുരുങ്ങിയ സമയംകൊണ്ട് യാങ്ങിന് 12 ലക്ഷത്തോളം ഫോളോവര്‍മാരെയാണ് ലഭിച്ചത്. പന്നികള്‍ക്കുള്ള ഭക്ഷണം തയ്യാറാക്കുന്നതും അവയെ പരിചരിക്കുന്നതും ഫാം നോക്കിനടത്തുന്നതുമെല്ലാം യാങ്ങിന്റെ വീഡിയോകളില്‍ കാണാം. 

'പന്നിഫാമില്‍ ഞാന്‍ വളരെയധികം കഠിനാധ്വാനം ചെയ്യുന്നു. അതിനാല്‍ എനിക്ക് എല്ലാ ദിവസവും പുറത്തും അരക്കെട്ടിലും വേദനയാണ്. ഒരുദിവസത്തെ ജോലി അവസാനിക്കുമ്പോള്‍ എന്നില്‍നിന്ന് ദുര്‍ഗന്ധം വമിക്കും', യാങ് പറഞ്ഞു. 

പന്നിഫാമിനൊപ്പം സാമൂഹികമാധ്യമങ്ങളില്‍ നിന്നുകൂടിയാണ് യാങ് വരുമാനം നേടുന്നത്. കഴിഞ്ഞ രണ്ട് മാസത്തെ യാങ്ങിന്റെ വരുമാനം 22.8 ലക്ഷം രൂപയാണ് (200,000 യുവാന്‍). തന്റെ ഫാം വിപുലീകരിക്കാനാണ് യാങ്ങിന്റെ ഇപ്പോഴത്തെ ആലോചന. ഭാവിയില്‍ ഒരു ഹോട്ടല്‍ തുടങ്ങാനും യാങ്ങിന് പദ്ധതിയുണ്ട്.

Content Highlights: Flight attendant turns pig farmer after quitting job, earns over ₹22 lakh in 2 months