ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഒരേസമയം പഠിക്കാം;MOOCs അഥവാ 'മൂക്കിന്‍' തുമ്പത്തെ കോഴ്സുകള്‍

Representational Image | Photo: freepik.com
Representational Image | Photo: freepik.com

വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മനസ്സില്‍ ആദ്യം വരുന്നത് സ്‌കൂളിലും, കോളേജിലുമൊക്കെയുള്ള ഔപചാരിക വിദ്യാഭ്യാസമാണ്,എന്നാല്‍ പരമ്പരാഗത വിദ്യാഭ്യാസ രീതിയില്‍ ഹൈസ്‌കൂള്‍ തലത്തിനപ്പുറം പുതിയ കോഴ്സുകള്‍ പഠിക്കുക എന്നത് പലര്‍ക്കും പ്രയാസകരമാണ്. ജീവിതസാഹചര്യങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍, ദൂരം തുടങ്ങി പല കാരണങ്ങള്‍. ഇതിനൊരു പരിഹാരമായാണ് ലോകമെമ്പാടുമുള്ള സര്‍വകലാശാലകള്‍ വിദ്യാര്‍ഥികള്‍ക്ക് MOOCs അഥവാ Massive Open Online Courses കളുടെ രൂപത്തില്‍ അവരുടെ വെര്‍ച്വല്‍ വാതിലുകള്‍ തുറന്നു വെക്കുന്നത്.

എന്താണ് MOOCs?

പതിനായിരക്കണക്കിനോ ലക്ഷക്കണക്കിനോആളുകള്‍ക്ക് (Massive) ഒരേ സമയം ഒരു കോഴ്‌സ് ഒരേ പ്രാധാന്യത്തോടെ പഠിക്കാനാവുക, ഏതൊരാള്‍ക്കും അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പങ്കെടുക്കാനുള്ള തുറന്നതും തുല്യവുമായ അവസരങ്ങള്‍ (Open) ഉണ്ടാവുക, ഇതാണ് Massive Open Online Course എന്നതുകൊണ്ടുദ്ദേശിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ എണ്ണമോ പ്രായമോ പ്രശ്‌നമല്ല, ആര്‍ക്കും 'ഓണ്‍ലൈന്‍' ആയി ഒരുപാട് പേര്‍ക്ക് ഒരേ സമയം പഠിക്കാം. ഇന്റര്‍നെറ്റ് സൗകര്യം വേണമെന്ന് മാത്രം. ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ 'ഒന്നിച്ചാണ്' പഠിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും സാങ്കേതികമായി പുരോഗമിച്ച അന്താരാഷ്ട്ര റിയല്‍-ടൈം സഹപാഠികള്‍ !

UGC യുടെ പുതിയ നയങ്ങളില്‍ ഹൈബ്രിഡ് കോഴ്സുകള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്.  കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ MOOCsന്  വളരെയധികംപ്രചാരം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. 2022 ലെ കണക്കുകള്‍ പ്രകാരം 950 യൂണിവേഴ്‌സിറ്റികളില്‍ നിന്നായി 19,000 ത്തില്‍ പരം MOOCs ഉണ്ടെന്നാണ് പറയുന്നത് (Source: Class Central: MOOC Report 2022). പഠിച്ചിറങ്ങിയ വിഷയത്തില്‍ ഇനിയും ആഴത്തില്‍ പഠിക്കാനും അനുബന്ധ കാര്യങ്ങള്‍ അറിയാനും MOOC സഹായകമാണ്. ജോലിക്കായി തയ്യാറെടുക്കുന്നവര്‍ക്കും റെഗുലര്‍ കോളേജുകളില്‍ പോയി പഠിക്കാന്‍ അവസരം ലഭിക്കാത്തവര്‍ക്കും ലോകോത്തര യൂണിവേഴ്‌സിറ്റികളുടെ കോഴ്സുകള്‍ ചെയ്യാനുള്ള അവസരമാണ് MOOCs നല്‍കുന്നത്. 

എന്തിന് MOOCs?

ഒരു ജോലിയിലേക്ക് ഒരേ യോഗ്യത ഉള്ള ഒരുപാട് പേര്‍ അപേക്ഷകരായിട്ടുണ്ടെങ്കില്‍ ആ ജോലിയിലേക്ക് ഇന്റര്‍വ്യൂവിനു അവസരമുണ്ടാവാനും, ജോലി ലഭിക്കാനും, അതല്ലെങ്കില്‍ നിലവിലെ ജോലിയിലെ പ്രൊമോഷന്‍ സാധ്യതകള്‍ക്കും ഏറ്റവും കൂടുതല്‍ സഹായകമാവുന്ന ഒന്നാണ് അധികമായി നാം നേടിയ കോഴ്സുകളും സര്‍ട്ടിഫിക്കേഷനുകളും. സാധാരണ കോഴ്സുകള്‍ക്കപ്പുറം ലോകോത്തര യൂണിവേഴ്‌സിറ്റികളുടെ ഒരു കോഴ്സോ സര്‍ട്ടിഫിക്കറ്റോ, അല്ലെങ്കില്‍ സ്വന്തമായി പഠിച്ചെടുത്ത കഴിവുകളോ ഉണ്ടെങ്കില്‍ അവരുടെ തട്ട് താഴ്ന്ന് തന്നെയിരിക്കും. ഏതൊരു മേഖലയിലും കൂടുതല്‍ പഠിക്കാനും, കഴിവുകളും, സര്‍ട്ടിഫിക്കറ്റുകളും നേടാനും അവസരമൊരുക്കുകയാണ് MOOCs അഥവാ മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍

എന്തൊക്കെ കോഴ്‌സുകളാണ് MOOCs ഇല്‍ ഉള്ളത്?

മിനിറ്റുകളെടുത്ത് കൊണ്ട് ചെയ്യാവുന്ന ക്രാഷ് കോഴ്സുകള്‍ മുതല്‍ മാസങ്ങളെടുക്കുന്ന വലിയ കോഴ്സുകള്‍ വരെ MOOCs ഇല്‍ ലഭ്യമാണ്. ഇഷ്ടമുള്ള സമയത്തിരുന്ന് നമ്മുടെ വേഗതക്കും സൗകര്യത്തിനും പഠിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ക്വാണ്ടം ഫിസിക്‌സോ, എഞ്ചിനീയറിങ്ങോ, സാഹിത്യമോ, ഡിസൈനിങ്ങോ, പ്രൊജക്റ്റ് മാനേജ്മെന്റോ എന്തുമാവട്ടെ അതിന് ലോകപ്രസിദ്ധ യൂണിവേഴ്‌സിറ്റികളായ Stanford, MIT, Harward പോലുള്ള യൂണിവേഴ്‌സിറ്റികളുടെ കോഴ്സുകള്‍ മുതല്‍ ഇന്ത്യയില്‍ നിന്നുള്ള IIM, IIT, IISC പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള കോഴ്സുകള്‍ വരെ ഇവിടെയുണ്ട്.

ലോകപ്രശസ്ത യൂണിവേഴ്‌സിറ്റികളിലെ അതിവിദഗ്ധരായ അധ്യാപകരുടെ അല്ലെങ്കില്‍ ഓരോ വിഷയത്തിലെയും ഏറ്റവും വിദഗ്ധരുടെ ക്ലാസ്സുകള്‍ ഇവിടെ ലഭിക്കും, കോഴ്സുകള്‍ക്ക് ഒരു പഞ്ഞവുമില്ല, ഏതു മേഖലയിലെ കോഴ്‌സ് വേണമെങ്കിലും പഠിക്കാം.ക്ലാസ്സിനിടക്ക് നമ്മുടെ അഭിപ്രായങ്ങള്‍ ഷെയര്‍ ചെയ്യാനുള്ള കമ്മ്യൂണിറ്റികളും, ചോദ്യങ്ങള്‍ ചോദിക്കാനും, ചില കോഴ്സുകളില്‍ അധ്യാപകരുമായി സംസാരിക്കാനും അവസരങ്ങളുണ്ട്, അതുപോലെത്തന്നെ ഒരേ കോഴ്‌സ് പഠിക്കുന്നവരുമായി നെറ്റ്വര്‍ക്കുണ്ടാക്കാനുള്ള അവസരങ്ങളുമുണ്ട്. ചില കോഴ്സുകള്‍ക്ക് കോഴ്‌സിന്റെ കൂടെയുള്ള വായനയും, ടാസ്‌ക്കുകളും, അസൈന്‍മെന്റുകളും, പ്രൊജക്റ്റുകളും ചെയ്യേണ്ടി വരും.

പരീക്ഷകള്‍ എങ്ങിനെ?

കൂടുതല്‍ MOOC-കളും വിദ്യാര്‍ഥികളോട് പരീക്ഷ എഴുതാന്‍ ആവശ്യപ്പെടുന്നില്ല. എന്നാല്‍ കഴിവുകളും, അറിവും വളര്‍ത്തിയെടുക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കാന്‍ രൂപകല്‍പന ചെയ്ത വിവിധ പഠന പ്രവര്‍ത്തനങ്ങളാണ് മിക്ക കോഴ്‌സിലും ഉള്‍പ്പെടുത്തുന്നത്. അതുപോലത്തന്നെ ക്ലാസുകള്‍ക്കിടയില്‍ ചെറിയ അസൈന്‍മെന്റുകള്‍ നിര്‍ദ്ദേശിക്കപ്പെടാം, പക്ഷേ മിക്കപ്പോഴും അവ നിര്‍ബന്ധിതമല്ല. അസൈന്‍മെന്റുകള്‍ വിദ്യാര്‍ഥികള്‍ അവരുടെ കഴിവുകളും പ്രാവീണ്യവും വളര്‍ത്തിയെടുക്കാനും പഠിപ്പിച്ച പാഠഭാഗങ്ങള്‍ മനസ്സിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും, ആ കോഴ്‌സിലൂടെ ഉദ്ദേശിക്കുന്ന കഴിവുകള്‍ അവര്‍ നേടിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്താനുമാണ്.

സ്വയം പഠിച്ചെടുക്കാന്‍
 
പ്രയാസമേറിയ ഭാഗങ്ങള്‍ പഠിതാക്കള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന രീതിയില്‍ വീഡിയോകളും, ഗ്രാഫിക്സുകളും, അനിമേഷനുകളുമെല്ലാം ഉപയോഗിച്ചാണ് പഠന സൗകര്യമൊരുക്കിയിട്ടുള്ളത്. മിക്ക കോഴ്സുകള്‍ക്കും പഠിതാക്കള്‍ക്ക് യാതൊരു ചെലവും വരുന്നില്ല, എന്നാല്‍ പണം കൊടുത്തും, സര്‍ട്ടിഫിക്കറ്റിന് മാത്രം പണം കൊടുത്തുമെല്ലാം പഠിക്കാന്‍ കഴിയുന്ന കോഴ്സുകളും MOOC ഇല്‍ ഉണ്ട്.

MOOC പ്ലാറ്റ് ഫോമുകള്‍ (വെബ്‌സൈറ്റിനു പുറമെ ഇവയുടെയെല്ലാം ആപ്പുകളും മൊബൈലില്‍ ലഭ്യമാണ്)

MOOC ന്റെ ചില ഇന്ത്യന്‍ പ്ലാറ്റ്‌ഫോമുകള്‍

പുതിയ കോഴ്‌സുകള്‍ പഠിക്കുക, അറിവുകള്‍ നേടുക, കഴിവുകള്‍ ആര്‍ജ്ജിക്കുക എന്നത് ഇന്നത്തെ കാലത്ത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണെന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തിന്റെ അനന്ത സാധ്യതയാണ് MOOCs തുറന്നു വെക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ  MOOCs വിപണിയാണ് ഇന്ത്യ. മൂന്ന് കോടി ഇന്ത്യന്‍ പഠിതാക്കളാണ് MOOC-കളില്‍ ചേര്‍ന്നത്. (SWAYAM വെബ്‌സൈറ്റ്). ഒരു കോളേജില്‍ പോയി 100 പേര്‍ക്ക് ചേരാവുന്ന ഒരു കോഴ്‌സ് ഒറ്റയടിക്ക് ലക്ഷക്കണക്കിന് ആളുകള്‍ക്ക് സ്വയം പഠിക്കാനുള്ള അവസരമാണ് MOOC തുറന്നിടുന്നത്. 

Content Highlights: Massive Open Online Courses, edX, Best MOOC Courses, khamarudheen kp