ഫാന്റസിക്കഥ ആര്‍ക്കും മെനയാം, പക്ഷേ ചരിത്രത്തെ കൂട്ടുപിടിക്കുമ്പോള്‍ ഇങ്ങനെയായിരിക്കണം!

#വിജയപ്രഭ
'ബി.സി. 261' എന്ന നോവലിന്റെ കവര്‍, രചയിതാക്കളായ ലിജിന്‍ ജോണ്‍, രഞ്ജു കിളിമാനൂര്‍ എന്നിവര്‍.
'ബി.സി. 261' എന്ന നോവലിന്റെ കവര്‍, രചയിതാക്കളായ ലിജിന്‍ ജോണ്‍, രഞ്ജു കിളിമാനൂര്‍ എന്നിവര്‍.

രഞ്ജുകിളിമാനൂരും ലിജിന്‍ജോണും ചേര്‍ന്നെഴുതിയ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച  ബി.സി 261 എന്ന നോവല്‍ വിജയപ്രഭയുടെ വായനയില്‍. 

ചില പുസ്തകങ്ങള്‍ വായിച്ചു കഴിഞ്ഞാല്‍ അതിലെ കഥയും കഥാപാത്രങ്ങളുമെല്ലാം മനസ്സില്‍ നിന്ന് പോകാന്‍ മടിച്ച് കൂടെകൂടാറുണ്ട്.
ചിലരെയൊക്കെ സന്തോഷത്തോടെ തന്നെ കൂടെ കൊണ്ടുനടക്കാറുണ്ട്. മറ്റൊന്നിലേക്ക് കടക്കാന്‍ കഴിയാത്ത വിധം കൂടെകൂടിയ ചിലരോട്, 'ഒന്ന് പോയിത്തരാമോ മാത്താ?'എന്ന് കാലുപിടിച്ചു പറയാറുമുണ്ട്. പറഞ്ഞുവരുന്നത് അത്തരമൊരനുഭവമുണ്ടായ ഒരു പുസ്തകത്തെക്കുറിച്ചാണ്.

വായനക്കാരെ 2,300 വര്‍ഷം പുറകിലേക്കും വര്‍ത്തമാനകാലത്തേക്കുമൊക്കെ ഇട്ടുതട്ടിക്കളിക്കുന്നൊരു പുസ്തകം ആദ്യമായിട്ടാണ് വായിക്കുന്നത്.
അവസാന പേജ് വരെ ത്രില്ലടിപ്പിച്ച് കൂടെ കൊണ്ടുനടക്കുന്നൊരു പുസ്തകം. രഞ്ജു കിളിമാനൂരും, ലിജിന്‍ജോണും ചേര്‍ന്നെഴുതിയ മാതൃഭൂമി ബുക്ക്‌സ് പ്രസിദ്ധീകരിച്ച ബി.സി 261 എന്ന നോവല്‍.

ഈ കഥയിലെ കഥാപാത്രങ്ങളെല്ലാം തന്നെ കുറേക്കാലം എന്റെ കൂടെയുണ്ടാകുമെന്നുറപ്പാണ്. അത്രയും ഭംഗിയായി കഥാപാത്രങ്ങളെ വരച്ചുവച്ചിട്ടുണ്ട് പുസ്തകത്തില്‍. പുസ്തകത്തിന്റെ പേര് കണ്ടപ്പോള്‍ ആര്‍ക്കും തോന്നുന്നത് പോലെ, 'ദൈവമേ ചരിത്രം...!' എന്നൊരു നെടുവീര്‍പ്പാണെനിക്കും തോന്നിയത്. എന്നാല്‍ പുസ്തകം കയ്യില്‍ കിട്ടിയപ്പോള്‍, വായനയെ ഇഷ്ടപ്പെടുന്നവരെല്ലാം മനസ്സില്‍ കൊണ്ടുനടക്കുന്ന രണ്ടു മഹാപ്രതിഭകളുടെ സാക്ഷ്യപത്രം പുസ്തകത്തിന്റെ പുറം ചട്ടയില്‍ കിടക്കുന്നത് കണ്ടപ്പോള്‍ സന്തോഷമായി.  

ചരിത്രവും മിത്തുകളും വര്‍ത്തമാനവും കയ്യിലിട്ട് അമ്മാനമാടുന്ന, അക്ഷരങ്ങള്‍ കൊണ്ട് ആരെയും ആവാഹിക്കാന്‍ കഴിയുന്ന ആനന്ദ് നീലകണ്ഠനും ടി.ഡി രാമകൃഷ്ണനും 'മികച്ച രചന' എന്ന് ഒരേ സ്വരത്തില്‍ പറഞ്ഞൊരു പുസ്തകം എങ്ങനെ മോശമാകാനാണെന്ന ചിന്തയില്‍ തന്നെയാണ് വായന തുടങ്ങിയത്. അവതാരികയില്‍, ഇന്ദുഗോപനും കൂടി ഫുള്‍ എ പ്ലസ് കൊടുത്തിരിക്കുന്നത് കണ്ടപ്പോള്‍ വീണ്ടും സന്തോഷം കൂടി. എന്നാല്‍ പുസ്തകത്തിലെ ആദ്യ വാചകം കണ്ടപ്പോള്‍ത്തന്നെ ശരിക്കും ഞെട്ടി.

മഗധ, ബി.സി 261...

ഉള്ളിലെവിടെയോ ഒരു ചൂരലിന്റെ ശീല്‍ക്കാരം, 'എന്തിനാണോ എല്ലാ എണ്ണവും രാവിലെതന്നെ കെട്ടിയൊരുങ്ങി പഠിക്കാനെന്നും പറഞ്ഞിങ്ങോട്ട് വന്നിരിക്കുന്നത്' എന്നൊരു അശരീരി.

ചൂരല്‍ നൃത്തമടുത്തെത്തും മുന്‍പ് ഉത്തരം കണ്ടുപിടിക്കാനായി പേജുകള്‍ മറിയുന്ന ധൃതതാളം...
ഒരൊറ്റ നിമിഷം, അത്രമാത്രം. അടുത്ത നിമിഷം പുസ്തകമെന്നെ അതിനുള്ളിലേക്ക് പിടിച്ചു വലിച്ചിട്ടു. ഇത്ര രസകരമായി ചരിത്രം പറയാന്‍ കഴിയുമോ എന്നൊരു അത്ഭുതഭാവത്തില്‍ ആ അധ്യായം മുഴുവന്‍ വായിച്ചു തീര്‍ത്തു. 

അടുത്ത അദ്ധ്യായം മുതല്‍ കഥ നമ്മുടെ കാലത്താണ് എന്നുകണ്ടപ്പോള്‍ ചരിത്രം തീര്‍ന്നുപോയല്ലോ എന്നൊരു സങ്കടമാണ് മനസ്സില്‍ വന്നത്. ശേഷം കഥ നടക്കുന്നത് മുഴുവന്‍ ഈയൊരു കാലഘട്ടത്തിലാണ്. ഇടയ്ക്ക് ചരിത്രം ചെറുതായി പ്രത്യക്ഷപ്പെട്ടു പോകുന്നുവെന്ന് മാത്രം. 

ശരിക്കും പുസ്തകത്തില്‍ പറയുന്നതൊക്കെ സംഭവിച്ചത് തന്നെയാണോ? പുസ്തകത്തില്‍ പറയുന്നതുപോലെ മഹാരഹസ്യങ്ങളുടെ ഒരു കലവറ നമുക്ക് ചുറ്റും നമ്മുടെ പൂര്‍വ്വികര്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ടോ? ദുഷ്ടശക്തികളുടെ കയ്യിലകപ്പെടാതെ ആ മഹാരഹസ്യത്തിന്റെ ചെപ്പുകള്‍ നമ്മളിലാരുടെയെങ്കിലും വരവിനായി മോചനം കാത്തുകഴിയുന്നുണ്ടോ? അതോ ഇതെല്ലാം രണ്ടു മനുഷ്യന്‍മാരുടെ ഭാവനയില്‍ വിരിഞ്ഞ കഥകള്‍ മാത്രമാണോ? 

വായിക്കുന്നവരെ ആകെ ആശയക്കുഴപ്പത്തിലാക്കുംവിധം അത്രയും സൂക്ഷ്മാംശങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഈ പുസ്തകമെഴുതപ്പെട്ടിരിക്കുന്നത്. ചരിത്രത്തില്‍ നിന്നും കുറച്ചു മനുഷ്യരെയും സന്ദര്‍ഭങ്ങളും അടര്‍ത്തിയെടുത്ത് അതില്‍ വര്‍ത്താനകാലത്തിലെ കുറച്ചുമനുഷ്യരെ ഒട്ടും മുഴച്ചുനില്‍ക്കാത്ത വിധം കൂട്ടിക്കെട്ടിവച്ചിട്ടുണ്ട് പുസ്തകത്തില്‍.  

വരദനെന്ന മാധ്യമപ്രവര്‍ത്തകനും അവിചാരിതമായി അയാളുടെ ജീവിതത്തിലേക്ക് വന്നുചേരുന്ന രണ്ടു ചെറുപ്പക്കാരും അനുഭവിക്കേണ്ടി വരുന്ന സ്വപ്നസമാനമായ അനുഭവങ്ങളുടെ കഥയാണ് ബി.സി 261 പറയുന്നത്. 

ജീവന്‍ പോലും നഷ്ടപ്പെട്ടുപോയേക്കാവുന്ന ഒരു ദൗത്യത്തിലേക്കവര്‍ ഇറങ്ങിപ്പുറപ്പെടുമ്പോള്‍ അവര്‍ക്ക് കൂട്ടാകാന്‍ വരദന്റെ ഭാര്യയായ ജ്യോതിയും നിര്‍ബന്ധിതയാകുന്നു. പക്ഷേ, ജ്യോതിയും കൂടി ചേര്‍ന്നെങ്കില്‍ മാത്രമേ ആ സംഘം പൂര്‍ണ്ണമാകുമായിരുന്നുള്ളൂവെന്ന് കഥ, വഴിയേ നമുക്ക് കാട്ടിത്തരുന്നുണ്ട്.

അന്വേഷിച്ചുപോകുന്ന ലക്ഷ്യത്തിലെത്താന്‍ ജ്യോതിയും അവളുടെ അറിവുകളുമായിരുന്നു അവരുടെ വഴികാട്ടി. ഒരു ഫാന്റസിക്കഥ മെനഞ്ഞെടുക്കാന്‍, കഥ പറയാനറിയുന്ന ആര്‍ക്കും കഴിയും.

എന്നാല്‍ അതിനെ യാഥാര്‍ത്ഥ്യത്തിനോടും ചരിത്രത്തോടും കൂട്ടിക്കെട്ടുമ്പോള്‍, വായനക്കാരുടെ നെറ്റിചുളിയാത്ത വിധം അത് പറഞ്ഞുഫലിപ്പിക്കാന്‍ നല്ല സൂക്ഷ്മബുദ്ധി വേണം. 

ശ്രദ്ധയോടെ, ചരിത്രമുടയാത്ത വിധം അതിനെ അടുക്കിവെക്കണമെങ്കില്‍ ആത്മാര്‍ത്ഥതയോടെ പണിയെടുക്കണം. ഇവിടെ ഇങ്ങനെയൊരു സബ്ജക്ടിനെ വായനക്കാരെ തൃപ്തിപ്പെടുത്തും വിധം മനോഹരമായൊരു നോവലാക്കി മാറ്റാന്‍ എഴുത്തുകാര്‍ എടുത്തിരിക്കുന്ന എഫര്‍ട്ട് അഭിനന്ദനമര്‍ഹിക്കുന്നു. 

ഭാഷയിലും വാക്കുകളിലും വാചകങ്ങളിലും ഒട്ടും മുഷിവ് തോന്നാത്ത രീതിയില്‍ കഥ പറയാനവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അവസാന പേജുവരെ ആകാംഷ നിറച്ചുവച്ചിരിക്കുന്ന, വായിക്കുന്നവരുടെ മനസ്സില്‍ മികവോടെ ദൃശ്യങ്ങള്‍ തെളിഞ്ഞുവരും വിധമുള്ള എഴുത്ത്. ഈ കഥ സിനിമയായെങ്കില്‍ എന്നൊരാഗ്രഹം ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. 

എഴുത്തിലെ അതേ മികവോടെ ഇതിലെ സംഭവങ്ങള്‍ സിനിമയിലേക്ക് വന്നാല്‍, മലയാളത്തിലെ എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന ഒരു സിനിമയാകുമതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പുസ്തകത്തിനെക്കുറിച്ചുപറയുമ്പോള്‍ അതിന്റെ പുറംചട്ടയെക്കുറിച്ച് പറയാതിരിക്കാന്‍ വയ്യ.

എന്തൊക്കെയോ ഗൂഢരഹസ്യങ്ങള്‍ ഉള്ളിലൊളിപ്പിച്ചുവെച്ചിട്ടുണ്ട് എന്ന് ഒറ്റ നോട്ടത്തില്‍ എടുത്തുപറയുന്ന രീതിയില്‍, പുസ്തകം വായിക്കുന്നവര്‍ക്ക് മാത്രം ഡീക്കോഡ് ചെയ്യാന്‍ പറ്റുന്ന രീതിയില്‍ കഥയെ അത്രമേല്‍ ഉള്‍ക്കൊണ്ടു തന്നെയാണ് ജോസ്‌മോന്‍ ഇതിന്റെ കവര്‍ ചെയ്തിരിക്കുന്നത്.

അതിനൊരു പ്രത്യേക കയ്യടി കൊടുക്കാതെ വയ്യ. വായനയുടെ ഒരു ഘട്ടത്തില്‍ പുസ്തകം മടക്കി നമ്മളാ പുറംചട്ട നോക്കിയിരിക്കുമെന്നുള്ളതും തര്‍ക്കമില്ലാത്ത കാര്യമാണ്. ചുരുങ്ങിയ വാക്കുകളില്‍ നമ്മള്‍ വായിക്കുന്ന കഥയുടെ കാതലാണ് പുസ്തകത്തിന്റെ കവറെന്ന് നിസ്സംശയം പറയാം. 

വായനക്കാരെ ഒരു വരിയില്‍ പോലും നിരാശപ്പെടുത്തുന്നില്ല ബിസി 261. പകരം അടുത്തതെന്ത് എന്നൊരു ഉദ്വേഗത്തോടെ ഓരോ പേജിലും കൈപിടിച്ച് നടത്തുകയാണ്. 


 

Content Highlights: Ranju Kilimanoor, Lijin John, Vijayaprabha, MathrubhumiBooks