‘വാക്കോളം’; ‘വായനക്കാരനും എഴുത്തുകാരനും കൂട്ടായി മാറുന്ന മികച്ച ലേഖനസമാഹാരം’

#സുസ്മേഷ് ചന്ത്രോത്ത്
ജയകൃഷ്ണന്‍, പുസ്തകത്തിന്റെ കവര്‍ പേജ്
ജയകൃഷ്ണന്‍, പുസ്തകത്തിന്റെ കവര്‍ പേജ്

ജയകൃഷ്ണന്റെ 'വാക്കോളം' എന്ന പുസ്തകത്തെക്കുറിച്ച് സുസ്മേഷ് ചന്ത്രോത്ത് എഴുതിയ ലേഖനം വായിക്കാം... 

ഒരുവൻ വീടു വിട്ടുപോകുന്നു എന്നു കരുതുക. അയാൾ  നടന്നുകൊണ്ടേയിരിക്കുന്നു. പലതരം കാഴ്ചകൾ കാണുന്നു. ആളുകളെയും സന്ദർഭങ്ങളെയും നേരിടുന്നു. ചിലപ്പോൾ ആഹാരം കഴിക്കുന്നു. ചിലപ്പോൾ ബോധമറ്റുറങ്ങുന്നു. മറ്റുചിലപ്പോൾ ആർത്തലച്ച് കരയുന്നു. പുസ്തകവായന ഇങ്ങനെയാണെന്ന് തോന്നാറുണ്ട്. ഒരു പുസ്തകം തീരുമ്പോൾ മറ്റൊന്ന് തുറക്കുന്നു. ഒരു ദിവസം തീർന്ന് വേറൊരു ദിവസം ആരംഭിക്കുന്നതുപോലെ സാധാരണമാണത്. അടുത്തിടെ ഞാൻ വായിച്ചു തീർത്ത പുസ്തകം Jon Krakauer എഴുതിയ Into the Wild എന്ന പുസ്തകമായിരുന്നു. അത് തീർന്നപ്പോൾ Jhumpa Lahiri യുടെ Interpreter of Maladies കൈയിലെടുത്തു. രണ്ടുകഥകൾ വായിച്ചപ്പോൾ മേതിലിന്റെ 'സൂര്യവംശം' ഒന്നുകൂടി വായിക്കാൻ തോന്നി. അതുവായിച്ചു. വീടുവിട്ടുപോയ ഒരുവനെപ്പോലെയാണ് ഞാൻ പുസ്തകങ്ങളിലൂടെ കടന്നുപോകുന്നത്. എന്താണ് മുന്നിൽ വരികയെന്നറിയില്ല. ഏതാണ് പാതയോരത്ത് പിടിച്ചുനിർത്തുക എന്നും.

പുസ്തകങ്ങൾ ഒറ്റയടിക്ക് വായിച്ചുതീർക്കണമെന്നുണ്ടോ? പലപ്പോഴുമത് സാധിക്കുകയില്ല. ഒരു പുസ്തകം മിക്കവാറും മറ്റനേകം പുസ്തകങ്ങളിലേക്ക് നമ്മെ സ്വാധീനിക്കും. Into the Wild -ൽ ഞാനറിയുന്നതും അറിയാത്തതുമായ അനേകം എഴുത്തുകാരെക്കുറിച്ച് പരാമർശമുണ്ട്. അറിയാത്തവരെ തേടിപ്പോകാൻ തോന്നുന്നത് കൗതുകകരം. അതു ചിലപ്പോൾ വായിച്ചുവന്നതിനെ തടസ്സപ്പെടുത്തുകയും പുതിയതിലേക്ക് മുഴുകാൻ പ്രേരണ നൽകുകയും ചെയ്യും.

ജയകൃഷ്ണന്റെ 'വാക്കോളം' അങ്ങനെ ഇടയ്ക്കുവച്ച് വായന നിർത്തിപ്പോകാൻ പ്രേരിപ്പിക്കുന്ന പുസ്തകമല്ല. അതിൽ എമ്പാടും അതിനുള്ള അവസരമുണ്ടെങ്കിലും നമുക്കൊരിക്കലും അത് സാധിക്കുകയില്ല. ജയകൃഷ്ണൻ ഒരു പുസ്തകത്തെക്കുറിച്ച് എഴുതുമ്പോൾ കുറഞ്ഞത് നാലു പുസ്‌കകങ്ങളെക്കുറിച്ചെങ്കിലും അതിൽ പരാമർശിക്കുന്നുണ്ടാവും.

എന്നെപ്പോലൊരു ശരാശരി വായനക്കാരന് കേട്ടുകേൾവിയില്ലാത്തതാവും ആ പേരുകൾ മിക്കതും. പക്ഷേ ജയകൃഷ്ണന്റെ എഴുത്തുശൈലി വായനയെ മുറിക്കാൻ സമ്മതിക്കുകയില്ല. അത് വീടുവിട്ടലയുന്ന ഒരുവന്റെ കാണാകാഴ്ചകളിലുള്ള കൗതുകം പോലെ നമ്മെ നയിക്കും. അങ്ങനെ അറുപത്തഞ്ച് ലേഖനങ്ങൾ തീർന്ന് പുസ്തകം മടക്കിവയ്ക്കുമ്പോൾ നമ്മൾ നാടുവിട്ടലഞ്ഞ് തിരികെ വന്ന് സ്വസ്ഥനായ പ്രതീതിയും അനുഭവവുമുണ്ടാകും. വായനക്കാരനും എഴുത്തുകാരനും കൂട്ടായി മാറുന്ന മികച്ച ലേഖനസമാഹാരമാണ് വാക്കോളം. 327 പേജുകളിലായി വിന്യസിച്ചുകിടക്കുന്ന 65 ലേഖനങ്ങളും എഴുത്തുകാരുടെ 65 ഛായാപടങ്ങളും ചേർന്ന ഈ പുസ്തകം ഒരേസമയം വായനയുടെയും കാഴ്ചയുടെയും അനുഭവം പകരുന്നതാണ്. വാക്കുകൾ പകരുന്ന ആശയങ്ങളിലും അനുഭവവിവരണങ്ങളിലും ദൃശ്യകലയുടെയും സിനിമയുടെയും സ്വാധീനം കടുംനിറങ്ങളിൽ കൂറ്റൻ കാൻവാസിലെന്നതുപോലെ കിടക്കുന്നത് അറിയാനാവും.

ജയകൃഷ്ണന്റെ ഭാഷ വായിക്കുന്ന ഒരുവന്റെ ഭാഷയാണ്. അതുകൊണ്ട് അതിന് മിനുസവും ഒഴുക്കും ലാളിത്യവുമുണ്ട്. മറ്റൊന്ന് ജയകൃഷ്ണൻ കണ്ടെത്താൻ ശ്രമിക്കുന്നത് പുസ്തകത്തിനുള്ളിലെ കേവലമായ അനുഭൂതികൾ മാത്രമല്ല, രാഷ്ട്രീയമായി ആ പുസ്തകം എന്തിനെ അറിയാൻ ശ്രമിക്കുന്നു എന്ന അന്വേഷണം കൂടിയാണ്. അത് ജാഗ്രതയുള്ള വായനയായതിനാൽ ഗൗരവത്തോടെ ലോകത്തെയും പുസ്തകങ്ങളെയും ലോകരാഷ്ട്രീയത്തെയും അറിയാൻ ശ്രമിക്കുന്നവർക്ക് സഹായകമാകുകയും ചെയ്യും. ഏകാധിപതികളുടെ പതനത്തെയും ചെയ്തികളെയും പേർത്തും പേർത്തും ഓർമിപ്പിക്കാൻ ജയകൃഷ്ണൻ ഈ പുസ്തകത്തിലൂടെ ശ്രമിക്കുന്നത് ശ്രദ്ധേയമാണ്. ഇക്കാലത്ത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണത്. ചരിത്രത്തെ അറിയുന്ന, നിരന്തരം ചരിത്രസന്ദർഭങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരാൾക്ക് ഏകാധിപതികളുടെയും സമഗ്രാധിപതികളുടെയും നെറിയില്ലാത്ത പ്രവർത്തികളോർത്ത് ഒരേസമയം ചിരിക്കാനും കരയാനും കഴിയാത്ത സ്ഥിതിയുണ്ടാവുന്നത് സാധാരണമാണ്.

എന്നാൽ അതിലെ മനുഷ്യത്വവിരുദ്ധതയെ അടിവരയിട്ട് എടുത്തുകാണിച്ച് വായനക്കാരനെ ഉണർത്തുന്നതിൽനിന്നും ജയകൃഷ്ണൻ പിന്നോട്ടുമാറുകയേയില്ല. കാരണം വായന രാഷ്ട്രീയപ്രവർത്തനം കൂടിയാണെന്ന് മികച്ച വായനക്കാരനെന്ന നിലയിൽ നമ്മളെ ഓർമിപ്പിക്കാനുള്ള ഉത്തരവാദിത്തം കൂടി അയാൾക്കുണ്ട്. 'അധികാരം എന്ന അസംബന്ധനാടകം' എന്ന ലേഖനം ഈ വിഷയം ആഴത്തിൽ വിശദമാക്കുന്നു. അൽഫ്രെദ് ഷാറിയെക്കുറിച്ചാണ്. ജീവിതത്തിന്റെ അയുക്തികതയെക്കാൾ അധികാരത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും അശ്ലീലം നിറഞ്ഞ അസംബന്ധത നാടകങ്ങളിലാവാഹിച്ച 'ഉബുറോയി'യുടെ രചയിതാവ് അൽഫ്രെദ് ഷാറി. തങ്ങളുടെ ചെയ്തികളെ ന്യായീകരിക്കുന്നതിൽ ഏകാധിപതികൾ കാണിക്കാറുള്ള പാടവത്തെക്കുറിച്ച് നാടകങ്ങളിലൂടെ ലോകത്തോടു പറഞ്ഞ എഴുത്തുകാരൻ. വായനയിലെ തെരഞ്ഞെടുപ്പിന്റെ വ്യക്തിഗതസ്വാതന്ത്ര്യം നമ്മെ ഓർമ്മിപ്പിക്കുന്നത് നമ്മുടെ സ്വന്തം സമൂഹത്തോടുള്ള ഉത്തരവാദിത്തത്തെ തന്നെയാണ്.

നിക്കരാഗ്വോയിലെ ഏകാധിപതിയായിരുന്ന അനസ്താസ്യോ സൊമോസ സൂക്ഷിച്ചുവച്ചിരുന്ന ഒരു പുസ്തകത്തെക്കുറിച്ച് 'വാക്കോള'ത്തിൽ പറയുന്നുണ്ട്. 'ഗോസ്പൽ ഇൻ സൊളാന്തിനാമേ' എന്ന പുസ്തകമാണത്. നിക്കരാഗ്വേയിലെ സൊളെന്തിനാമേ ദ്വീപുകളിൽ ഏർണെസ്തോ കർദ്ദിനാളിന്റെ നേതൃത്വത്തിൽ നടന്ന സുവിശേഷവ്യാഖ്യാനങ്ങളുടെ സംഗ്രഹമായിരുന്നു ആ പുസ്തകം. കവിയും പുരോഹിതനും വിമോചന ദൈവശാസ്ത്രത്തിന്റെ വക്താവും പിൽക്കാലത്ത് സാൻഡിനിസ്ത സർക്കാരിലെ മന്ത്രിയുമായിരുന്നു ഏർണെസ്തോ കർദ്ദിനാൾ. ഏകാധിപത്യ ഭരണകൂടത്തിന്റെ പ്രതിനിധിയായി അനസ്താസ്യോ സൊമോസ തന്നെ നിരോധിച്ച 'ഗോസ്പൽ ഇൻ സൊളാന്തിനാമേ'യിൽ അങ്ങേര് അടിവരയിട്ടു വച്ചിരുന്ന ഭാഗം ഇതാണ്.

''സമഗ്രാധിപതികൾ സ്വയം ദൈവമെന്ന് കരുതുന്നു. അവർക്കു മീതെ പോകാൻ ആരെയും അവർ അനുവദിക്കുകയില്ല.'' ജനങ്ങൾക്ക് തന്നെപ്പറ്റിയുള്ള അഭിപ്രായമായിട്ടായിരിക്കാം ഈ വാക്കുകളെ സൊമോസ കണ്ടിട്ടുണ്ടാവുക എന്ന് ജയകൃഷ്ണൻ കൂട്ടിച്ചേർക്കുന്നു. ഏത് സ്വേച്ഛാധിപതിക്കും ഏകാധിപതിക്കുമാണ് ഇത് ചേരാത്തത്?

നമ്മൾ വായിക്കുന്ന നല്ല എഴുത്തുകാരെക്കുറിച്ചുള്ള നിർവചനം നിക്കി ജിയോവാനിയെ മുൻനിർത്തി ജയകൃഷ്ണൻ നടത്തുന്ന വിചിന്തനങ്ങളിൽ നിന്നും കണ്ടെത്താൻ സാധിക്കും. ''നിക്കി ജിയോവാനിയെ എങ്ങനെയാണ് നിർവ്വചിക്കുക? അവർ തന്റെ ആഫ്രിക്കൻ വേരുകളിലാണോ അഭിമാനം കൊണ്ടിരുന്നത്? അതോ താൻ ജനിച്ച അപ്പലേച്ചിയൻ ഭൂഭാഗത്തിന്റെ സവിശേഷതകളിലാണോ? അവർ അമേരിക്കയുടെ വിമർശകയായിരുന്നോ? അതോ തന്റെ രാജ്യം അത്രയൊന്നും കുഴപ്പം പിടിച്ചതല്ലെന്നാണോ കരുതിയിരുന്നത്? അവർ കവികളുടെ അപ്രമാദിത്തത്തിൽ അഹങ്കരിച്ചിരുന്നോ? അതോ അതിനെ പരിഹസിക്കുകയായിരുന്നോ? ആണെന്നും അല്ലെന്നും പറയാം. രണ്ടിനും അവരുടെ ജീവിതത്തിലും കവിതയിലും തെളിവുകളുണ്ട്. അതുകൊണ്ടുതന്നെ അവരെ അന്തരിക്കുന്നതുവരെ ഒരു കള്ളിയിലും ഒതുക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. ഇനി കഴിയുമെന്ന് തോന്നുന്നുമില്ല.'' പ്രശസ്ത ആഫ്രിക്കൻ അമേരിക്കൻ എഴുത്തുകാരായ ടോണി മോറിസൺ, സോറ നീൽ ഹട്സൺ, ആലീസ് വാക്കർ, മായ ആഞ്ചലോ എന്നിവർക്കൊപ്പം സാഹിത്യലോകം ബഹുമാനിക്കുന്ന നിക്കി ജിയോവാനി പറയുന്നു.

''സ്വയം മനസ്സിലാക്കിയില്ലെങ്കിൽ നിങ്ങൾക്ക് മറ്റാരെയും മനസ്സിലാക്കാനാവില്ല.''
മനുഷ്യരെ സ്വയം മനസ്സിലാക്കാൻ സഹായിക്കുന്നവയാണ് പുസ്തകങ്ങൾ. വാക്കോളത്തിലൂടെ ജയകൃഷ്ണൻ പരിചയപ്പെടുത്തുന്ന അറുപത്തഞ്ചോളം അധ്യായങ്ങൾ അതിന്റെ നാലിരട്ടിയോളം പുസ്തകങ്ങളെയും എഴുത്തുകാരെയും ഉൾക്കൊള്ളുന്നു. മുമ്പു പറഞ്ഞതുപോലെ ഒരു ലേഖനത്തിൽ നിന്നുതന്നെ അനേകം എഴുത്തുകാരിലേക്കും പുസ്തകങ്ങളിലേക്കും ആശയങ്ങളിലേക്കും വായനക്കാരന് വഴി തുറന്നുകിട്ടുന്നു. എഴുതിയ ലേഖനത്തിലൂടെ ഏതെങ്കിലും പുസ്തകത്തെ പരിചയപ്പെടുത്തുക മാത്രമല്ല ജയകൃഷ്ണൻ ചെയ്യുന്നത്, ആ എഴുത്തുകാരനെയും ഭാഷയെയും രാജ്യത്തെയും പരിചയപ്പെടുത്തുക കൂടിയാണ്. അതിന്റെ ചരിത്രത്തെയും പുരാവൃത്തങ്ങളെയും രാഷ്ട്രീയഗതികളെയും ഹ്രസ്വമായ വാക്കുകളിൽ വിവരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.

സമാനമായ ആശയമുള്ള എഴുത്തുകളെയും എഴുത്തുകാരെയും കൂട്ടത്തിൽ പരാമർശിക്കുന്നു. ഇങ്ങനെ സമഗ്രമായ വായനാനുഭവം നമുക്ക് പകരുന്നു. വിപുലമായി വായിക്കാൻ അവസരം കിട്ടാത്ത സാധാരണക്കാർക്കും എഴുത്തുകാർക്കും വാക്കോളം ഒരു 'ലൈബ്രറി' തന്നെയാണ്. എഴുതുന്നതിനായി നേരം കണ്ടെത്തുന്നതിനിടയിൽ പലപ്പോഴും മികച്ച പുസ്തകങ്ങളെ തേടിപ്പിടിക്കാൻ സാധിക്കാതെ പോകുന്ന എഴുത്തുകാരെ ഉദ്ദേശിച്ചാണ് ഇത് പറഞ്ഞത്. നമ്മുടെ ബുദ്ധിയെ ഉണർത്തുന്ന, ഉത്തേജിപ്പിക്കുന്ന, എഴുതാൻ പ്രേരണകൾ ഉത്പ്പാദിപ്പിക്കുന്ന പുസ്തകങ്ങളെ കണ്ടെത്തുക എന്നതുതന്നെ എഴുതുന്നതുപോലെ മുഷിപ്പനായ പണിയാണ്. ആ വിഷമം പിടിച്ച കർത്തവ്യമാണ് എഴുത്തുകാർക്കുവേണ്ടി എഴുത്തുകാരൻ കൂടിയായ ജയകൃഷ്ണൻ ഏറ്റെടുക്കുന്നത്. (ജയകൃഷ്ണന്റെ സ്വന്തം നോവൽ- ചിത്രകഥയിൽ അവന്റെ ഭൂതങ്ങൾ, പരിഭാഷ- പെദ്രോ പരാമോ, ലാറ്റിനമേരിക്കൻ നാടോടിക്കഥകൾ)

'വാക്കോളം' വായിക്കുമ്പോൾ അടുത്തതായി വായിക്കേണ്ടത് ഏത് പുസ്തകമാണെന്ന കാര്യത്തിൽ ഒരാൾക്ക് വ്യക്തത കിട്ടും. ഇതിലൂടെ വായിക്കാനുള്ള മികച്ച പുസ്തകം സംഘടിപ്പിക്കാനായി പാഴാക്കുന്ന സമയവും ഒരാൾക്ക് ലാഭിക്കാം. വാക്കോളത്തിൽ നിന്നും പുസ്തകത്തിന്റെ ഉള്ളടക്കം വിശദമായി കിട്ടുന്നതും എഴുത്തുകാർക്ക് ഉപകാരം തന്നെയാണ്. മറ്റൊരാൾ ഒരു വിഷയത്തെ ഏതുവിധം കൈകാര്യം ചെയ്തിരിക്കുന്നു എന്ന് പുസ്തകം വായിക്കാതെ തന്നെ ഗ്രഹിക്കാൻ സാധിക്കും. ഇത് എഴുത്തുകാർക്കുള്ള എളുപ്പവഴിയാണ്. വായനക്കാർക്കുള്ളതല്ല. എഴുത്തുകാരനെ ആകർഷിക്കാൻ കഴിയുന്ന പുസ്തകങ്ങൾ സമകാലിക സാഹിത്യത്തിൽ കുറവാണെന്ന് എനിക്ക് തോന്നിയിട്ടുള്ളത് മികച്ച പുസ്തകങ്ങൾ വായിക്കാൻ കിട്ടാതിരുന്നതുകൊണ്ടാണെന്ന് വാക്കോളം വായിച്ചതോടെ ഞാൻ തിരിച്ചറിയുന്നു. ജയകൃഷ്ണന് വായനയിൽ കള്ളമില്ല. അതിനെക്കുറിച്ച് പറയുന്നതിലും. എന്നാൽ പല എഴുത്തുകാരും അവരുടെ എഴുത്തുമേശയുടെ താഴെ ഒളിച്ചുവയ്ക്കുന്ന പുസ്തകങ്ങളെക്കുറിച്ച് പരസ്യമായി വായനക്കാരോട് പറയുകയില്ല.

ഗാസയിൽനിന്നും ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ സൈന്യം നിർദേശിച്ച പലസ്തീനിയൻ എഴുത്തുകാരൻ റെഫാത്ത് അലാരീർ, റഷ്യൻ എഴുത്തുകാരി ലുദ്മില പെത്രൂഷെ, ഐറിഷ് എഴുത്തുകാരൻ പോൾ ലിഞ്ച്, നോർവീജിയൻ എഴുത്തുകാരൻ യോൻ ഫോസ്സെ, പോളണ്ടിലെ പുതിയ തലമുറ എഴുത്തുകാരി ദൊറോത്ത മസ്വോസ്‌ക, ഈജിപ്തിലെ പുതിയ എഴുത്തുകാരിലൊരാളായ മാൻസൂറ ഈദി - എൽദിൻ, കൂടാതെ ഇന്ത്യൻ എഴുത്തുകാരായ ജയന്ത മഹാപത്ര, ബാനു മുഷ്താഖ് തുടങ്ങിയവരും ലേഖനങ്ങളിൽ നമുക്കായി പ്രത്യക്ഷപ്പെടുന്നു. പല പല ഭാഷകളിൽ നിന്നായി ഇംഗ്ലീഷിലേക്ക് വന്ന കഥകൾ, നോവലുകൾ, കവിതകൾ, നാടകങ്ങൾ, ലേഖനങ്ങൾ എന്നിവയെക്കുറിച്ചെല്ലാം വാക്കോളത്തിൽ ലേഖനങ്ങളുണ്ട്. സമൃദ്ധമായ അളവിൽ ചിത്രകലയെക്കുറിച്ചും സിനിമകളെക്കുറിച്ചും.

എടുത്തുപറയേണ്ടത്, പരിഭാഷകളെക്കുറിച്ചും പരിഭാഷകരുടെ മഹാദുർഗയായ ഈഡിത്ത് ഗ്രോസ്മനിനെക്കുറിച്ചുമുള്ള 'എന്നന്നേക്കും ചില പരിഭാഷകൾ' എന്ന ലേഖനമാണ്. സെർവാന്റിസ്, ഗബ്രിയേൽ ഗാർസിയ മാർക്വിസ്, മാരിയോ വർഗാസ് യോസ, അൽവാരോ മ്യൂതിസ് തുടങ്ങിയവരെ അവരുടെ കൃതികളുടെ അന്യാദൃശഭംഗികളെടെയും ആഴങ്ങളോടെയും ലോകത്തിന് പിരചയപ്പെടുത്തിയ പരിഭാഷകയാണല്ലോ ഈഡിത്ത് ഗ്രോസ്മൻ. അവരെഴുതിയ Why Translation Mttaers എന്ന പുസ്തകം പരിഭാഷകർ വേദപുസ്തകം പോലെ കണക്കാക്കുന്നതാണെന്ന് ജയകൃഷ്ണൻ പറയുന്നു. പരിഭാഷകർ ഒരുവിധത്തിലും രണ്ടാംതരക്കാരല്ലെന്ന തിരിച്ചറിവുള്ളതിനാലാണ് പുസ്തകങ്ങളുടെ പുറംചട്ടയിൽ എഴുത്തുകാരന്റെ പേരിന്റെ കൂടെ പരിഭാഷകരുടെ പേര് കൂടി ചേർക്കണമെന്ന് എഡിത്ത് ഗ്രോസ്മൻ നിർബന്ധം പിടിക്കാൻ കാരണം. ''ഞങ്ങൾ പരിഭാഷകർ സ്വകാര്യമായി സ്വയം എഴുത്തുകാർ തന്നെയാണെന്നാണ് കരുതുന്നത്. അങ്ങനെ ചെയ്യുന്നത് ശരിയാണെന്നും ഞങ്ങൾ കരുതുന്നു.'' എഡിത്ത് ഗ്രോസ്മനിന്റെ വാക്കുകൾ. പരിഭാഷകരെ രണ്ടാം തരക്കാരായി പരിഗണിക്കുന്നവരെ പരിഹസിക്കുന്ന മറ്റൊരു ഉന്നതനായ പരിഭാഷകൻ ഗ്രിഗറി റബ്ബാസയെക്കുറിച്ചും ജയകൃഷ്ണൻ ഈ ലേഖനത്തിൽ എഴുതുന്നുണ്ട്.

മലയാളത്തിൽ വള്ളത്തോൾ നാരായണമേനോന്റെ നിർദ്ദേശപ്രകാരം നാലപ്പാട്ട് നാരായണമേനോൻ വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ (1925) വിവർത്തനം ചെയ്തില്ലായിരുന്നെങ്കിൽ, പിന്നീട് ഇടപ്പള്ളി കരുണാകരമേനോനും എൻ. കെ ദാമോദരനും ദോസ്തോയ്വ്സ്‌കിയെ വിവർത്തനം ചെയ്തില്ലായിരുന്നെങ്കിൽ മലയാളഭാഷയിൽ മികച്ച കവിതകളും ഗദ്യസാഹിത്യവും ലഭിക്കാൻ അത്തരം പരിഭാഷകൾ വരുന്നതുവരെ കാത്തിരിക്കേണ്ടിവരുമായിരുന്നു എന്നത് നല്ല വായനക്കാർക്കറിയാം. അതായത് വെറും നൂറുവർഷമായിട്ടേയുള്ളൂ മലയാളഭാഷ വെളിച്ചമുള്ള കൃതികളെ ആഴത്തിൽ അറിയാൻ തുടങ്ങിയിട്ട്. (ഇന്ത്യൻ ക്ലാസിക്കുകളെയും സംസ്‌കൃതകൃതികളെയും മറന്നുകൊണ്ടല്ല ഈ വർത്തമാനം) അതിനാൽ പരിഭാഷ എന്നും എവിടെയും എപ്പോഴും ഉന്നതമായ കർമം തന്നെയാണ്. ഒരർത്ഥത്തിൽ ജയകൃഷ്ണൻ നിർവഹിക്കുന്നതും പരിഭാഷ തന്നെയാണ്.

താൻ വായിച്ച കൃതികളുടെ ഉള്ളടക്കം അതിന്റെ രാഷ്ട്രീയദൗത്യത്തോടെ മറ്റുള്ളവരിലേക്ക് പകരുന്ന മികച്ച ഇടനിലക്കാരനാവുകയാണ് ജയകൃഷ്ണൻ. 'വാക്കോളം' അതിനാൽ വെറുമൊരു കോളത്തിന്റെ സമാഹാരമെന്നോ പാശ്ചാത്യവായനകളുടെ സമാഹാരമെന്നോ നിസ്സാരമാക്കാൻ ആർക്കും സാധിക്കുകയില്ല. ഭാഷാപരമായ ദൗത്യം കൂടി തന്നാലാവും വിധം നിർവഹിച്ചുകൊണ്ട് മലയാളത്തിലെ ഭാവനകൾക്കും ചിന്തകൾക്കും തെളിച്ചവും മൂർച്ചയും നൽകുകയാണ് ജയകൃഷ്ണൻ ചെയ്യുന്നത്. ഒരു ലേഖനത്തിൽ ജയകൃഷ്ണൻ ഇങ്ങനെ എഴുതുന്നു:

''ചില എഴുത്തുകൾ അങ്ങനെയാണ്; അവ ജനങ്ങൾക്കുവേണ്ടി സംസാരിക്കുന്നു. പരുഷമായിരിക്കാം അവയുടെ ശബ്ദം; പക്ഷേ അവ തുറന്നുതരുന്നത് ഭാവിയിലേക്ക് ഭയരഹിതമായി സഞ്ചരിക്കാൻ പറ്റിയ ഒരു വഴിയാണ്, ഒരു വെളിച്ചം.''

അശ്രദ്ധയുണ്ടാക്കുന്ന വായനയിലെ വൈരസ്യത്തെക്കുറിച്ചും പറയേണ്ടതുണ്ട്. 'വഴി അവസാനിക്കുന്നു; ജീവിതത്തിലോ അതോ മരണത്തിലോ?' എന്ന ലേഖനത്തിൽ യൂൺ ഫൊസ്സെ എന്നും 'വാക്കുകൾ നിശബ്ദത മാത്രം എഴുതുന്നു' എന്ന ലേഖനത്തിൽ യോൻ ഫൊസ്സെ എന്നും രണ്ടുരീതിയിൽ Jon Fosse എന്ന പേര് കൊടുത്തിരിക്കുന്നത് എഴുത്തുകാരന്റെയോ പ്രസാധകന്റെയോ അശ്രദ്ധ? വിദേശ പേരുകളുടെ ഉച്ചാരണത്തിൽ ഏകീകരണം കൊണ്ടുവരുന്നത് ആശയക്കുഴപ്പമൊഴിവാക്കാൻ സഹായിക്കും. മികച്ച പുസ്തകങ്ങളുടെ പാരായണത്തിൽ വന്നുകൂടാൻ പാടില്ലാത്ത പിഴവുകളാണിത്.

Content Highlights: Explore Jayakrishnan`s `Vakolam,` a collection of essays reviewed by Sushmesh Chandroth.