ഉരഗം; മനുഷ്യമനസ്സുകളുടെ സങ്കീർണമായ അവസ്ഥകളെ തുറന്നു കാട്ടുന്ന രചന

#മുജീബ് ആര്‍. അഹ്‌മദ്
പുസ്തകത്തിന്റെ കവര്‍ പേജ്
പുസ്തകത്തിന്റെ കവര്‍ പേജ്

സുരേന്ദ്രൻ മങ്ങാട്ട് രചിച്ച ഉരഗം എന്ന നോവലിനെക്കുറിച്ചുള്ള കുറിപ്പ് വായിക്കാം.

മുമ്പ് എവിടെയോ വായിച്ചതായി നേർത്തൊരോർമയുണ്ട്, സിഗ്മണ്ട് ഫ്രോയിഡ് മനുഷ്യമനസ്സുകളുടെ സങ്കീർണമായ ഈഡിപ്പൽ അവസ്ഥകളെ കുറിച്ച് പ്രബന്ധങ്ങൾ തയ്യാറാക്കാൻ അവലംബമാക്കിയത് ഫ്യോഡർ ദസ്തയെവസ്‌കിയുടെ അവസാന നോവലായ കാരമസോവ് ബ്രദേഴ്‌സിലെ കഥാപാത്രങ്ങളെയും കഥാ പരിസരങ്ങളെയും ആണെന്ന്. അന്ന് പരിമിതമായ വായനാപരിസരത്തു നിന്നുകൊണ്ട് സാഹിത്യസൃഷ്ടികളിൽ നിന്ന് മനഃശാസ്ത്രപരമായ സിദ്ധാന്തങ്ങൾ കണ്ടെത്തുന്നത് എങ്ങനെയെന്ന് അത്ഭുതം പൂണ്ടിരുന്നു.

തീർച്ചയായും അതിശയോക്തി കലർന്നൊരു വാചകമായിരിക്കാം, പറയാൻ തുടങ്ങുന്നത്. എങ്കിലും സുരേന്ദ്രൻ മങ്ങാട്ട് എന്ന എഴുത്തുകാരന്റെയും ഓരോ രചനകളും മനുഷ്യ മനസ്സുകളുടെ സങ്കീർണമായ അവസ്ഥകളെ തുറന്നു കാട്ടാൻ ശ്രമിക്കുന്നുണ്ട്. ബോധപൂർവം ആണെങ്കിലും തീർത്തും യാദൃശ്ചികമാവാം എങ്കിലും, അദ്ദേഹത്തിന്റെ എഴുത്തുകളിൽ അത് സംഭവിക്കുന്നുണ്ട്. ഓരോ രചനയിലെയും ഒരു കഥാപാത്രം തന്നെ എങ്കിലും മനുഷ്യ മനസ്സുകളുടെ വല്ലാത്ത അവസ്ഥകളെ പ്രതിനിധാനം ചെയ്യാറുണ്ട്. തീമരങ്ങളാവട്ടെ, രാജമുദ്ര കേസ് ഡയറി ആവട്ടെ ഏതൊന്നും ഉദാഹരിക്കാൻ എമ്പാടുമുണ്ട്, എളുപ്പമാണ് താനും. ഇത്തവണ അദ്ദേഹത്തിന്റെ പുതിയ സൃഷ്ടിയായ ഉരഗവും, ഭൂപൻ എന്ന നായക കഥാപാത്രവും മേൽപറഞ്ഞ സംഗതികൾക്ക് അടിവര ചാർത്തുന്നുണ്ട്.

നോവലിലുടനീളം നിറഞ്ഞു നിൽക്കുന്ന ഭൂപൻ എന്ന നായക കഥാപാത്രത്തെ വ്യാഖ്യാനിക്കാൻ, അയാളുടെ മാനസിക അവസ്ഥകളെ കുറിച്ച് പറയാൻ നെടുനീളൻ ഖണ്ഡികകളോ, നീണ്ടു നിവർന്ന കഥാപരിസരമോ ഉപയോഗിക്കാതെ ഏറ്റവും ലളിതവും സരസവുമായ വാചകങ്ങളും പ്രയോഗങ്ങളും കൊണ്ട്, വളരെ എളുപ്പത്തിൽ അത് സാധിച്ചെടുത്ത സുരേന്ദ്രൻ മങ്ങാട്ട് എന്ന എഴുത്തുകാരന്റെ കയ്യൊതുക്കം തന്നെയാണ് 'ഉരഗം' എന്ന നോവൽ വായനയ്ക്ക് നമ്മെ പ്രേരിപ്പിക്കുന്ന ആദ്യത്തെ ഘടകം.

ഒമ്പതരയ്ക്ക് മുമ്പ് സ്‌കൂളിലെത്താൻ വേണ്ടി വീട്ടിൽ നിന്നും ഇറങ്ങുന്ന സഹോദരി ഭാമ, ഭൂപനെ കാണുമ്പോൾ ചോദിക്കുന്ന പുച്ഛം കലർന്ന ചോദ്യം, ഇന്ന് നേരത്തെയാണല്ലോ എന്നാണ്. സഹോദരിയും മകളും സ്‌കൂളിലേക്ക് പോകുന്നത് അയാൾ കാണാറെയില്ല.

ആറു മാസത്തിലധികമായി താമസിക്കുന്ന വീടിനടുത്ത്, പ്രത്യേകിച്ചൊരു തൊഴിലും ഇനിയും സ്വന്തമായിട്ടില്ലാത്ത അയാൾ, ഒരു കടൽ ഉണ്ടോ എന്നും അവിടേക്കുള്ള വഴിയും അന്വേഷിക്കുമ്പോൾ ഭൂപന്റെ അമ്മ സഹതാപത്തോട് കൂടിയാണ് അയാളെ നോക്കുന്നതും, വഴി പറയുന്നതും.

അയാളുടെ അലസത കാരണം സ്വന്തം വീട്ടിലേക്ക് ഇറങ്ങി, ഒരു ജോലിക്ക് പോകുന്ന ഭാര്യ ചാരുവിനെ കാണുമ്പോൾ അവർ അയാളോട് പറയുന്ന ആദ്യത്തെ വാചകങ്ങൾ. (അതെത്രയോ ചുരുങ്ങിയതും ലളിതവും ആണ്.)

'വെറുതെ നട്ടെല്ല് ചുരുട്ടി, നേരാനേരങ്ങളിൽ ഉറവയന്വേഷിക്കാതെ, കിട്ടുന്ന ഭക്ഷണം കഴിച്ച് വെറുതെ ജീവിക്കുന്ന ജീവികളെ ഞാൻ അപൂർവമായി കാണുകയാണ്.''

വായനക്കാരന്റെ മുന്നിൽ തന്റെ നായകന്റെ സഞ്ചാരപഥങ്ങൾ കൃത്യമായി വരച്ചു കാണിക്കാൻ, സുരേന്ദ്രൻ മങ്ങാട്ട്ന്ന് ഏറെയൊന്നും പണിപ്പെടേണ്ടി വരുന്നില്ല. തുടർന്നങ്ങോട്ട് ഈ പറഞ്ഞു വച്ചതിന്റെ വിശദീകരണങ്ങളോ, വ്യാഖ്യാനങ്ങളോ മാത്രമല്ല ഉരഗം നമ്മോട് പറയുന്നത്.

അടച്ചിട്ട ഒരു മുറിയിൽ അയാളെ മാത്രം തേടിയെത്തുന്ന, കറുത്ത വസ്ത്രം ധരിച്ച, മറ്റെവിടെയും കേട്ടു കേൾവി പോലുമില്ലാത്ത ഗോത്ര സംസ്‌കൃതിയും പാരമ്പര്യവും ഉൾകൊള്ളുന്ന ആഗതൻ ആരാണെന്ന് കണ്ടെത്താൻ നമുക്ക് ഏറെയൊന്നും പണിപ്പെടേണ്ടി വരുന്നില്ല. എന്നാൽ കഥയുടെ നിർണായക ഘട്ടത്തിലെല്ലാം അകത്തേക്ക് മാത്രം തുറക്കാനാവുന്ന ജാലകവാതിൽ തുറന്നു ഭൂപനെ തേടിയെത്തുന്ന പേരറിയാത്ത ആ ആഗതൻ അയാളെ എവിടെ കൊണ്ടെത്തിക്കുന്നു എന്നറിയാൻ, അവസാന വരികൾ വരെ വായിച്ചെത്താൻ നമ്മെ വല്ലാതെ പ്രേരിപ്പിക്കും.

ഭൂപന്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന ഓരോ അവസ്ഥയിലും കൃത്യമായി വന്നെത്തുകയും, അഭിപ്രായ നിർദേശങ്ങൾ അറിയിക്കുകയും ചെയ്യുന്ന, എന്തിന് സഹോദരി ഭാമയുടെ ഡയറി താളുകളിൽ ഭൂപൻ വായിച്ചെടുക്കുന്ന കവിതാ ശകലങ്ങൾ എന്താണെന്ന് അനുമാനിക്കാൻ പോലും അയാളെ സ്വാധീനിക്കുന്നത് ഈ ആഗതൻ ആണ്. പലപ്പോഴും ഭൂപൻ ആഗതനെ കാത്തിരിക്കുന്നു.

തന്റെ ജീവിതം സ്വയം നിർണായിക്കാനാവാതെ ആഗതന്റെ ഇച്ഛയ്ക്കനുസരിച്ചാണ് അയാൾ തീരുമാനിക്കുന്നത്. അച്ഛൻ, സ്വന്തം തൊഴിൽ, വളർച്ച എല്ലായിടത്തും ആഗതൻ വന്നെത്തുന്നു. ഭൂപന്റെ ഈ അവസ്ഥാ വിശേഷത്തെ ഭാമയുടെ സുഹൃത്ത് ധീരജ് മനഃശാസ്ത്രപരമായ സിദ്ധാന്തങ്ങളാൽ, വിശ്വൽ ഹാലുസിനേഷൻ എന്ന മസ്തിഷ്‌ക ഉദ്ദീപനങ്ങൾ സംഭവിക്കുന്ന മനുഷ്യാവസ്ഥ എന്ന് വ്യാഖ്യാനിക്കുന്നുണ്ടെങ്കിലും കഥയെഴുത്തിന്റെ കാല്പനിക ഭാവങ്ങളാൽ, അടക്കത്തിലും ഒതുക്കത്തിലും അതിമനോഹരമായി സുരേന്ദ്രൻ മങ്ങാട്ട് അത് വിവരിക്കുമ്പോൾ ഡോക്യുമെന്റഷൻ തലത്തിലേക്ക് വഴുതി വീഴാൻ സാധ്യത ഏറെയുള്ള ഒരു മനഃശാസ്ത്ര വിഷയം നമുക്ക് മുന്നിൽ ഒറ്റയിരുപ്പിൽ ഗൗരവമായി വായിച്ചു പോകാവുന്ന ഒരു നോവലായി പരിണമിക്കുകയാണ്. ഇവിടെ ഭൂപനെന്ന വ്യക്തിയോടൊപ്പം ഒരു ദേശത്തിന്റെ പരിണാമങ്ങളുടെ സഞ്ചാരം കൂടി വരച്ചു തീർക്കുന്നുണ്ട് നോവലിസ്റ്റ്.

മനുഷ്യ മനസ്സുകളുടെ സങ്കീർണമായ അവസ്ഥകളിലൂടെ വെറുപ്പിന്റെ വ്യാപനത്തെ ആഴത്തിൽ തൊട്ടുകൊണ്ട് മലയാള നോവൽ -സാഹിത്യ സങ്കേതങ്ങളിൽ, അദ്ദേഹം അതിമനോഹരമായി തന്റെ കൈയ്യൊപ്പ് പതിപ്പിച്ചിരിക്കുന്നു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഉരഗം ഒരു വായനക്കാരനെന്ന നിലയിൽ നമ്മെ തൃപ്തിപ്പെടുത്തും എന്ന് മാത്രമല്ല വായിച്ചു മടക്കിയ പുസ്തകത്തിന്റെ അകത്താളുകളിൽ നിന്ന് ഉള്ളിൽ കുടിയേറിയ ഭൂപനും അയാളുടെ അവസ്ഥയും നമ്മെ വല്ലാതെ അസ്വസ്ഥരാക്കികൊണ്ട് നമ്മോട് ചോദിച്ചു കൊണ്ടേയിരിക്കും, ഇതിലെവിടെയോ ഞാനില്ലേ...

Content Highlights: Analyzes the complex psychological state of the protagonist Bhupan., Examines Surendran Mangatt's unique narrative style and character development., Explores themes of visual hallucinations and existential crisis., Highlights the intersection of personal struggle and societal evolution., Provides an insightful critique of the novel published by Mathrubhumi Books.