മമ്മൂട്ടിക്ക് പറ്റിയ കഥയുണ്ട്‌

#കെ എൻ പ്രശാന്ത്
മമ്മൂട്ടിക്ക് പറ്റിയ കഥ എന്ന പുസ്തകത്തിന്റെ കവറും എഴുത്തുകാരൻ വി സുധീഷ് കുമാറും
മമ്മൂട്ടിക്ക് പറ്റിയ കഥ എന്ന പുസ്തകത്തിന്റെ കവറും എഴുത്തുകാരൻ വി സുധീഷ് കുമാറും

മലയാളകഥാസാഹിത്യമുണ്ടായ കാലംമുതൽക്കുതന്നെ വ്യത്യസ്ത പ്രാദേശിക കഥാപരിസരങ്ങൾ പ്രകടമാക്കുകയും പ്രാദേശിക ഭാഷാഭേദം എടുത്തുകാട്ടുകയും ചെയ്തിട്ടുണ്ട്. വേങ്ങയിലിന്റെ കഥകൾതന്നെയാണ് അതിന് ഉദാഹരണം. അദ്ദേഹത്തിന്റെ ‘മേനോക്കിയെ കൊന്നതാര്?’ എന്ന കഥയുടെ പരിസരം പയ്യന്നൂരിനടുത്തുള്ള മാതമംഗലം മുതൽ തളിപ്പറമ്പ് കൂവേരി വരെയുള്ള ദേശങ്ങളും വഴികളുമാണ്.
അതിൽ വളരെക്കുറച്ചെങ്കിലും ഉപയോഗിച്ചിട്ടുള്ള സംസാരഭാഷയും തികച്ചും പ്രാദേശികമാണ്. ‘വന്നിനി’, ‘പോയ്‌നി’, ‘ഊയ്, എന്റെ ഏഡ്കൻസ്റ്റെപ്രേ’ പോലുള്ള വടക്കൻ മലബാറിന്റെ സംസാരഭാഷ ആ കഥയിലെ കഥാപാത്രങ്ങൾ പറയുന്നതു കേൾക്കാം. വേങ്ങയിലിന്റെ മറ്റുകഥകളിൽനിന്ന് ഈ കഥയെ വ്യത്യസ്തമാക്കുന്നതിന്റെ കാരണവും അതുതന്നെയായിരിക്കണം. സ്വന്തം പരിസരവും ഭാഷയും എഴുതുമ്പോൾ എഴുത്തുകാരന് അസാമാന്യ ആത്മവിശ്വാസവും കൈയടക്കവും വരുന്നുണ്ടെന്ന് ആ ശ്രേണിയിലുള്ള കഥകൾ വായിച്ചാൽ മനസ്സിലാകും. താൻ ജനിച്ചുവളർന്ന, സ്വന്തം ഓർമ്മകൾ ഉരുവംകൊണ്ട, ആദ്യ അതിശയങ്ങളും കാഴ്ചകളും ഉണ്ടായ ഇടത്തെക്കുറിച്ച് എഴുതുമ്പോഴുള്ള മിഴിവായിരിക്കാമത്.
ലോകത്തെല്ലായിടത്തെയും വലിയ എഴുത്തുകാർ അവരുടെ പരിസരത്തെയാണ് എന്നും കഥകളിലുപയോഗിച്ചത്. മാർക്വേസും മൊയാനും കസാൻദ്‌സാക്കീസും എസ്. ഹരീഷുമൊക്കെ അവരുടെ പ്രാദേശികാനുഭവങ്ങളെ മറ്റുള്ളവർക്കുകൂടി അനുഭവവേദ്യമാക്കുന്നു.

ആ പ്രാദേശികാനുഭവങ്ങളെ ലോകത്തെല്ലായിടത്തുമുള്ള മനുഷ്യർക്ക് അവരുടെ ഓർമ്മയോട്, അനുഭവങ്ങളോട്, രാഷ്ട്രീയത്തോട് ഒക്കെ ചേർത്തുവെക്കാൻ കഴിയുമ്പോഴാണ് ഉത്തമസാഹിത്യം പിറക്കുന്നത്. മനുഷ്യാനുഭവങ്ങൾക്ക് പ്രാദേശികമെന്നോ അന്തർദ്ദേശീയമെന്നോ ഇല്ല. അത് മനുഷ്യവികാരങ്ങൾപോലെ എല്ലായിടത്തും ഒരുപോലെ സംവേദനം ചെയ്യപ്പെടുന്നതാണല്ലോ. മലയാള പുതുകഥയിൽ ശ്രദ്ധേയനായ എഴുത്തുകാരൻ സുധീഷ്കുമാറിന്റെ ഈ കഥകൾ അതിനുള്ള പ്രത്യക്ഷമായ തെളിവാണ്. ഒരേസമയം കാവ്യാത്മകമായ വിവരണഭാഷയും സംഗീതാത്മകമായ തുളുനാടൻ സംസാരഭാഷയും കഥയിലെഴുതാൻ സുധീഷിനു കഴിയുന്നുണ്ട്. ഇത് എളുപ്പമുള്ള കാര്യമല്ല. നൈസർഗ്ഗികത ചോരാതെ, ഉടനീളം ആ രീതി നിലനിർത്താൻ എല്ലാ കഥകളിലും അദ്ദേഹത്തിനു സാധിക്കുന്നുണ്ട്.
ഒരേസമയം കഥകളുടെ ആകസ്മികതകൾകൊണ്ട് ഉണ്ടാക്കുന്ന വന്യസൗന്ദര്യവും അത് കെട്ടിയുണ്ടാക്കുന്ന ഭാഷയുടെയും കഥാപാത്രങ്ങളുടെ സംസാരഭാഷയുടെ സംഗീതാത്മകതയും ഈ കഥകളിൽ കാണാൻ കഴിയും. വ്യത്യസ്തവും രസകരവും ആകസ്മികതകൾ നിറഞ്ഞവയും മിക്കവാറും സംഭവബഹുലവുമാണ് ഈ കഥകൾ. സിനിമയുടെ സ്വാധീനമുള്ള, എന്നാൽ ഭാഷയിൽ ഒട്ടും കുറയാത്ത കഥകളാണ് ഇതിലെ ചില കഥകളെങ്കിലും. എന്നാൽ, തെല്ലും ദുരൂഹമോ ദുർഗ്രാഹ്യമോ അല്ല. പറയുന്ന കഥകളെക്കുറിച്ചുള്ള തെളിഞ്ഞ ബോധവും വായനക്കാരനെ കഥയുടെ കൂടെ നടത്താനുള്ള കഴിവും ഈ എഴുത്തുകാരനുണ്ട്.

ആദ്യ കഥയായ ‘മമ്മൂട്ടിക്ക് പറ്റിയ കഥ’ നോക്കുക. സിനിമാമോഹിയായ ചെറുപ്പക്കാരനും മലയാളികളുടെ വികാരമായ സിനിമാനടൻ മമ്മൂട്ടിയുടെ പഴയ പരിചയക്കാരനായ നാടകക്കാരൻ ലോനപ്പനുമാണ് ഇതിലെ മുഖ്യകഥാപാത്രങ്ങൾ. മലയാളിചെറുപ്പക്കാരുടെ സിനിമാമോഹവും സിനിമാനടന്മാരുടെയും മറ്റും പൂർവ്വകാലജീവിത്തെക്കുറിച്ചുള്ള നിറംപിടിപ്പിച്ച കഥകളുമൊക്കെ പ്രമേയമാകുന്നതാണ് ഈ കഥ. അഭിനയമെന്ന തന്റെ സപര്യയെ മുറുകെപ്പിടിച്ച് അതിനുവേണ്ടി ശ്രമങ്ങൾ നടത്തി വിജയിച്ച മമ്മൂട്ടി എന്ന ചെറുപ്പക്കാരനെയും നാടകത്തിനുവേണ്ടി സർവ്വവും വിറ്റുപെറുക്കിയിട്ടും തോറ്റുപോയ ലോനപ്പനെയും നമുക്ക് ഈ കഥയിൽ വായിക്കാം.

ഒരു പരിധിവരെ ഇതിലെ മമ്മൂട്ടി സ്വന്തം പാഷനു പിറകേ ആകുലതയോടെ നടക്കുകയും നിരാശയിൽ തളരാതെ മുന്നോട്ടുതന്നെ സഞ്ചരിക്കുകയും ചെയ്യുന്ന, വിജയിക്കുംവരെ നിസ്സഹായനായ കഥാപാത്രമാണ്. ആകസ്മികതകളും ഉദ്വേഗങ്ങളുംകൊണ്ട് തരിപ്പിക്കുന്നതാണ് ‘ചൊമാറു’ എന്ന കഥ. അതേസമയംതന്നെ കഥപറച്ചിലുകാരന്റെ രാഷ്ട്രീയം ഈ കഥയിൽ ഉജ്ജ്വലമായി തലയുയർത്തിപ്പിടിച്ച് നിൽക്കുന്നു. തുളുനാടൻകഥകളുടെ വന്യസൗന്ദര്യമുള്ള കഥയാണിതെന്നുപറയാം.

മാറ്റിനിർത്തപ്പെട്ട, ചൂഷണം ചെയ്യപ്പെട്ട, ഇരയാക്കപ്പെട്ട മനുഷ്യരുടെ തീക്ഷ്ണമായ നോട്ടവും പകയോടെയുള്ള കിതപ്പും വായിച്ചുകഴിഞ്ഞും ഈ കഥയിൽനിന്നും ഉയരുന്നുണ്ട്. പശ്ചിമഘട്ടത്തിന്റെ താഴ്‌വാരം മുതൽ ഇടനാടൻ ചെങ്കൽക്കുന്നുകൾ വരെയുള്ള ആദിവാസി ഊരുകളിലൂടെ നടക്കുന്ന പ്രതീതിയാണ് ഈ കഥ തരുന്നത്.


സുധീഷിന്റെ കഥാപാത്രങ്ങളെല്ലാം ജീവിക്കാനുള്ള, ജീവൻ നിലനിർത്താനുള്ള പലതരം ശ്രമങ്ങളിലാണെന്നു കാണാം. മമ്മൂട്ടിയിലെ ലോനപ്പൻ, തന്റെ സർഗ്ഗാത്മകതയാണ് തന്നെ ജീവിപ്പിക്കുന്നത് എന്ന് തിരിച്ചറിയുന്നതുപോലെ ചൊമാറുവും പോലീസുകാർ തല്ലിക്കൊന്ന ഐത്തപ്പുവും തങ്ങളുടെ പ്രതികാരമാണ് തങ്ങളെ നിലനിർത്തുന്നത് എന്നു തിരിച്ചറിയുന്നുണ്ട്. അത് പൂർത്തീകരിക്കുന്നതോടെ തങ്ങൾ ഇല്ലാതാകുമെന്നും മോക്ഷം നേടുമെന്നും അവർക്കുമറിയാം.

‘ജർമനി’യെന്ന കഥയിലെ അപ്പിച്ചായിക്ക് ജീവിതാസക്തി എന്നത് കാൽപ്പന്തുകളിയും ലഹരിയും തമ്പാച്ചനോടുള്ള സൗഹൃദവുമാണ്. ‘ഐസിഞ്ഞാന്റെ അധോലോകം’ എന്ന കഥയിലെത്തുമ്പോൾ ആ പരക്കംപാച്ചിൽ ജീവിപ്പിക്കാനുള്ളതു കൂടിയാകുന്നുണ്ട്. തന്റെ പ്രിയപ്പെട്ടവന്റെ ജീവൻ കൈയിൽപ്പിടിച്ചോടുന്ന കാസർകോട്ടെ തളങ്കരക്കാരിയായ ഐസിഞ്ഞയാണ് ഈ കഥയുടെ കേന്ദ്രം. തികച്ചും പ്രാദേശികാനുഭവമാകേണ്ടിയിരുന്ന ഒരു കഥയെ തന്റെ ഭാവനയുടെയും ഭാഷയുടെയും കരുത്തുകൊണ്ട് കഥാകൃത്ത് എങ്ങനെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നു എന്ന് ഈ കഥയിൽ കാണാവുന്നതാണ്. കള്ളക്കടത്തിലെ പൊന്നു തേടിവന്ന ദാവൂദ് ഇബ്രാഹിമിന്റെ ആളുകളെ നക്ഷത്രം നിറഞ്ഞ ആകാശം കാണിച്ച് ഐസിഞ്ഞ പറയുന്നു, ‘‘പൊന്നെല്ലം ഓറ് പൊടിപൊടി ആക്കീനിച്ചാ. എന്നിറ്റോറത് ഒണക്കാനിട്ടു. ഒണക്കാനിട്ടത് ബൈന്നേരം ഞാന് ബാരാൻ മറന്നോയി. നോക്കിച്ച പൊന്നിന്റെ പൊടി.’
‘മഞ്ചക്കൽ’ എന്ന കഥയിൽ കൂട്ടുകാരുടെ കുസൃതികാരണം മരണപ്പെട്ട ജോസഫും കൗമാരചാപല്യങ്ങളുടെ ഇരയായി കൊല്ലപ്പെട്ട ശോശന്നയും നിസ്സഹായരായ മനുഷ്യപ്രതീകങ്ങൾ തന്നെയാണ്.

ഓർമ്മയുടെ തീവ്രമായ ഇടങ്ങളിൽനിന്നും വിട്ടുപോരാൻ അവരുടെ ആത്മാവുകൾക്ക് കഴിയുന്നില്ല. പുറമേ ലളിതമായിരിക്കുമ്പോഴും എത്ര സങ്കീർണ്ണമാണ് ചിലപ്പോഴൊക്കെ മനുഷ്യാവസ്ഥ! പ്രണയസാഫല്യത്തിനു തൊട്ടുമുൻപ് കിണറിൽ വീണുപോയ പിത്തനരാജനും (സ്വപ്‌നകൂപം), ആറ്റുനോറ്റുണ്ടായ ചക്ക കൊണ്ടുപോയ കള്ളനെ തിരഞ്ഞുനടക്കുന്ന കുഞ്ഞിക്കിട്ടനും ഭാര്യ സരോജിനിയും (മങ്കുർണ്ണി), പ്രണയത്തിന്റെ പേരിൽ കടലിലെറിയപ്പെടുന്ന നരുന്തും പ്രണയപ്പകകയറി അന്ധനായ എളപ്പും (എളപ്പ്) ഒരേ സമയം ലളിതവും അത്രതന്നെ സങ്കീർണ്ണവുമായ ഈ മനുഷ്യാവസ്ഥകളുടെ ഉത്തമമായ പ്രതീകങ്ങൾതന്നെ.

കഥാപരിസരങ്ങളുടെ സൂക്ഷ്മവും രസകരവുമായ വിവരണമാണ് ഈ കഥകളുടെ മറ്റൊരു പ്രത്യേകത. തെളിഞ്ഞുകാണാത്ത, എന്നാൽ വരികൾക്കിടയിൽ വായിച്ചാൽ വെളിവാകുന്ന രാഷ്ട്രീയവും സമകാലികജീവിതങ്ങളുടെ നരച്ചതും മുരുത്തതുമായ മറുവശവും ഈ കഥകൾ വെളിവാക്കുന്നുണ്ട്.

ഇത് ഒരു അവതാരികയൊന്നുമല്ല. ആഖ്യാനത്തിന്റെ ചാരുതയും കഥകളുടെ കരുത്തുംകൊണ്ട് തനിച്ചു നിൽക്കാനുള്ള കെൽപ്പ് ഈ പുസ്തകത്തിലെ കഥകൾക്കുണ്ട്. ഫിക്ഷനിൽ പരസ്പരം മാനിക്കുന്ന എന്നാൽ, അപരിചിതരായ രണ്ടുപേരിൽ ഒരാൾ മറ്റേയാളിന്റെ ഭാവനാലോകത്തെക്കുറിച്ച് ചിലത് പറഞ്ഞു എന്നുമാത്രം. ഞാൻ പറഞ്ഞതിനെക്കാൾ എത്രയോ അധികം ഇതു വായിക്കുന്ന നിങ്ങൾക്ക് പറയാനുണ്ടാകും എന്നു തീർച്ചയാണ്. സുധീഷ്കുമാർ കഥയിൽ ചെയ്യുന്നത് വായനക്കാർ കാണാതെപോകില്ല എന്ന് വിശ്വസിക്കുന്നു.

Content Highlights: Exploration of regional settings and native dialects in Malayalam fiction., Analysis of characters driven by survival, passion, and vengeance., Blending of cinematic elements with poetic and musical narrative styles., Depiction of marginalized lives and subtle political undertones.