ഗോപയ്ക്ക് സ്നേഹപൂര്‍വ്വം...

#രമ ദിലീപ്
ലെഫ്. കേണല്‍ ഡോ. സോണിയ ചെറിയാന്‍, നോവലിന്റെ കവര്‍ പേജ്‌ | ഫോട്ടോ: കെ.കെ. സന്തോഷ്‌
ലെഫ്. കേണല്‍ ഡോ. സോണിയ ചെറിയാന്‍, നോവലിന്റെ കവര്‍ പേജ്‌ | ഫോട്ടോ: കെ.കെ. സന്തോഷ്‌

സോണിയ ചെറിയാന്റെ സ്‌നോ ലോട്ടസ് എന്ന പുസ്തകത്തിന്റെ വായനാനുഭവം 

ഗോപാ.....

Missing എന്നെഴുതി അടിവരയിട്ട പട്ടാളക്കാരനായ, പൈലറ്റായ അച്ഛനെത്തേടിയുള്ള നിന്റെ യാത്രയായേ ആദ്യമാദ്യം തോന്നിയുള്ളൂ. നിന്നെ അറിയും തോറും അദ്ഭുതമായിരുന്നു, ഒരു മകള്‍ അച്ഛനെത്തേടി മാത്രം പട്ടാളക്കാരിയാവുമോ, അച്ഛന്‍ പറന്നു പോയിടത്തു തന്നെ പോസ്റ്റിംഗ് വാങ്ങുമോ, ഒരുറപ്പും ഇല്ലാതെ അച്ഛനെത്തേടി ഇത്ര ദൂരം നടക്കുമോ, മലകള്‍ കയറുമോ, മഞ്ഞു പുതയ്ക്കുമോ എന്നൊക്കെ ഓര്‍ത്ത് നിന്നെ തന്നെ നോക്കിയിരിക്കുകയായിരുന്നു.
ഒരിക്കല്‍, തെയ്യം ഏട്ടന് കാലു പൊള്ളുമേ എന്ന് അച്ഛന്റെ തോളത്തിരുന്ന് നിലവിളിച്ച ഗോപ മുകുന്ദ് എന്ന ആ പാവം പെണ്‍കുട്ടിയുടെ മനസ്സിത്ര കല്ലിച്ചു പോയത് എങ്ങനെയെന്ന് അറിഞ്ഞു തുടങ്ങിയപ്പോഴും അച്ഛനെത്തേടിയുള്ള യാത്ര മാത്രമായിരുന്നു ഗോപാ എനിക്കിത്.

പക്ഷേ നീ ചവിട്ടിക്കയറിയത് ഒരു നാടിന്റെ ചരിത്രത്തിലേക്കും ആ നാടിന്റെ  സമകാലികതയിലേക്കും ആയിരുന്നല്ലോ എന്നറിയുമ്പോള്‍ കണ്ണ് നിറഞ്ഞു പോകുന്നു. വായിച്ചു മാത്രമറിഞ്ഞ ഒരു നാട്, വായിച്ചുപോലും മുഴുവനറിയാത്ത ആ നാടിന്റെ ചരിത്രം, ഒട്ടും പരിചിതമല്ലാത്ത സ്ഥലരാശി, ചിന്തിക്കാന്‍ പോലും പറ്റാത്ത വേദനകള്‍
എല്ലാം കൂടി... എനിക്ക് വല്ലാതെ തണുക്കുന്നു ഗോപാ..
നിന്നെ വായിക്കാന്‍ തുടങ്ങിയതു മുതല്‍ എനിക്കു ചുറ്റും ഒരിക്കലും ഡിസംബര്‍ തരാത്ത മഴയുണ്ട്.
മഴയ്ക്കൊപ്പം പെയ്തിറങ്ങുന്ന മഞ്ഞും.
ഇന്ന് ഏറ്റവും കഠിനമായ മഞ്ഞു മരുഭൂമിയും ചതുപ്പാഴവും ഞാന്‍ താണ്ടിയത് സ്വെറ്റര്‍ ഇട്ടാണ്.
വല്ലാത്ത തണുപ്പ്.
ഒരു നാട് ഇത്രയേറെ അനുഭവിച്ചോ എന്നോര്‍ത്ത് ഞാനിന്ന് കരഞ്ഞു ഗോപാ...

നാടു നഷ്ടമായവന്റെ ദുഃഖം നിനയ്ക്കും ദാവയ്ക്കും വലിയലാമയ്ക്കും അങ്ങനെ ഓരോരുത്തര്‍ക്കുമെന്ന പോലെ എന്നെയും വിഴുങ്ങാറുണ്ട്.
നീ ഒടുക്കം തീരം തേടിയല്ലോ. കഴിയാതെ പോകുന്നവരുടെ അങ്കലാപ്പ് മറവിയുടെ ക്ഷതങ്ങളേല്‍പ്പിച്ച് അടങ്ങുമെന്ന് കരുതിയ യൗവ്വനവും അവസാനിക്കാറായി. വലിയൊരു മലമുകളില്‍ കയറി നിന്ന്  നാടിന്റെ ദിക്കു നോക്കി നില്‍ക്കുമ്പോള്‍ ഉള്ളിലാര്‍ക്കുന്ന കൊടുങ്കാറ്റ് നിന്റെ വഴിയില്‍ നീയേറെ കണ്ടതല്ലേ... നഷ്ടമാകുന്നത് സ്വത്വമാണെന്ന ചിന്തയാണ് കൂടുതലും.

ഗോപാ...
ദാവ തരുന്ന തെളിച്ചം, സമാധാനം, ആത്മാവിന്റെ സന്തോഷം അതാ നാടും തന്നില്ലേ നിനക്ക്. നിന്നെ മാടി വിളിച്ച് വഴി നടത്തി മരണത്തിന്റെ വാതിലുകളില്‍ നിന്ന് വലിച്ചെടുത്ത് എത്തിച്ചത് ആ നാടു തന്നെയല്ലേ.. പ്രാര്‍ത്ഥനയുടെ, സമാധാനത്തിന്റെ, സന്തോഷത്തിന്റെ മഴവില്ലുകള്‍ വിരിയുന്ന ആ നാട്..
ദാവ ആ നാടു തന്നെയായിരുന്നു,
നിന്റെ മനസ് കാത്ത നാട്.
പോയി മടങ്ങുമ്പോള്‍ മനസില്‍ നീ ചേര്‍ത്തു വച്ച സരിര പേള്‍, നിനക്കു നിനക്കു ചുറ്റും വിരിഞ്ഞ മഞ്ഞുതാമരകള്‍, നിന്നെ കാത്ത മന്ത്രങ്ങള്‍
അതെ, ഗോപാ...
നിന്നെ വിളിച്ചതും നടത്തിയതും കൂടെ നടന്നതും ആ നാടായിരുന്നു.

ചിലപ്പോള്‍ കൊതിപ്പിക്കുന്ന ഭൂപ്രകൃതി
ചിലപ്പോള്‍ ഭയപ്പെടുത്തി ശ്വാസം മുട്ടിക്കുന്ന പ്രകൃതി,
ചിലപ്പോള്‍ മരുന്നു മണക്കുന്ന കാറ്റ്
ചിലപ്പോള്‍ വിഷം നിറച്ച കാറ്റ്...

ഗോപാ സൂക്ഷിക്കണേ എന്ന് ഞാന്‍ പറഞ്ഞുകൊണ്ടേയിരുന്നു, ദാവ നിന്റെയൊപ്പം ഉണ്ടായിട്ടും....

നന്ദി ഗോപാ മുകുന്ദ്...
തെയ്യക്കോലങ്ങളുടെ നാട്ടില്‍ നിന്ന്
ടിബറ്റോളം എത്തിയില്ലേ നെഞ്ചിലെ കനലും പേറി.
നിന്നെ മറക്കാന്‍ വയ്യ.
മനസില്‍ വിരിഞ്ഞ മഞ്ഞുതാമരകളെ
ഞാനിനി കരിയിച്ചു കളയില്ല.
ഓരോ വായനയും
എന്നിലെ ശരിയായ എന്നെ കൂടുതല്‍ ശാന്തയാക്കുന്ന പോലെ ഗോപാ...
കാലുവെന്ത് നടക്കുന്ന ആ നാട്ടുകാരെ പോലെയാണ് ഞാനും...
ചില ആലിപ്പഴങ്ങള്‍ ഇടയ്ക്ക് പൊഴിയട്ടെ.
കുറച്ച് ബുദ്ധമന്ത്രങ്ങള്‍ ഇടയില്‍ കേള്‍ക്കട്ടെ.
മനസിന്റെ സമാധാനമാണല്ലോ ഗോപാ ഏറ്റവും വലുത്.
നന്ദി....

അനുഭവങ്ങളുടെ കൊടുമുടികളില്‍ മഞ്ഞു തലപ്പാവുകള്‍ അണിഞ്ഞ് അമ്പരപ്പിച്ചതിന്, കന്ദാലിപ്പൂവുകളുടെ മാസ്മരികത മണപ്പിച്ചതിന്, മഞ്ഞുതാമരയുടെ ഇതളുകള്‍ തീറ്റിച്ച് വിശപ്പടക്കി തന്നതിന്, ടിബറ്റിന്റെ  വേദനകളെ പകര്‍ത്തി തന്നതിന്...
നന്ദി..

Content Highlights: snow lotus novel lt colonel sonia cherian mathrubhumi books