സത്യനെന്ന ക്രൂരനായ പോലീസ് ഇൻസ്‌പെക്ടർ

നാടാർ ഇൻസ്പെക്ടറുടെ ഇടി കൊണ്ടവരാരും അയാളെ ജന്മത്ത് മറക്കില്ലെന്ന് ആലപ്പുഴക്കാരിപ്പോഴും പറയും...പക്ഷെ ആ ഇടി കൊണ്ടിട്ടില്ലാത്തവരും അയാളെ മറന്നിട്ടില്ല...മലയാളി ഉള്ള കാലത്തോളം മറക്കുകയുമില്ല...കാരണം അയാളുടെ വെള്ളിത്തിരയിലെ പേര് സത്യൻ എന്നായിരുന്നു...അനശ്വര നടൻ സത്യൻ…
സത്യന്റെ ജീവിതം അടിസ്ഥാനമാക്കി രാജീവ് ശിവശങ്കരൻ എഴുതിയ നോവലാണ് സത്യം... തിരുവനന്തപുരത്തെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു ദാരിദ്ര്യം കാരണം പഠനം പാതിയിൽ ഉപേക്ഷിച്ചു അധ്യാപകനായി,പട്ടാളക്കാരനായി,പൊലീസുകാരനായി ,നാടകനടനായി പിന്നീട് മലയാള സിനിമയെ ഒറ്റയ്ക്ക് ചുമലിലേറ്റിയ അനശ്വര നടനായ കഥ ഒരു സിനിമാക്കഥയെക്കാൾ വിചിത്രം…
സത്യന്റെ ജീവിതമെന്നാൽ അത് മലയാള സിനിമയുടെ ചരിത്രം കൂടിയാണ്. അവിടെ ചിറയിൻകീഴുകാരനായ അബ്ദുൽഖാദർ പ്രേം നസീറായ കഥയുണ്ട്.യേശുദാസ് എന്ന ചെറുപ്പക്കാരൻ ഗന്ധർവ്വഗായകനായ കഥയുണ്ട്.മലയാള സിനിമ ബ്‌ളാക്ക് ആൻഡ് വയറ്റിൽ നിന്നും കളറായ കഥയും ഉദയയുടെയുടെയും മെരിലാൻഡിന്റെയും മത്സരങ്ങളുടെ കഥയുമുണ്ട്. സത്യൻ എന്ന ഭർത്താവ്,അച്ഛൻ,സഹോദരൻ എന്നിങ്ങനെ നമുക്കറിയാത്ത അയാളുടെ ജീവിതം കൂടി നോവലിലുണ്ട്. പ്രശസ്തിയുടെ പരകോടിയിൽ നിൽക്കുമ്പോഴും അഭിനയിക്കാനുള്ള ദാഹം തുടരുമ്പോഴും സ്വന്തം രോഗവിവരം മറച്ചു വെച്ച് അഭിനയിച്ചു കൊണ്ടേയിരുന്ന മൂന്ന് മക്കളുടെയും അന്ധതയിൽ വേദനിച്ച സത്യനേശൻ നാടാർ എന്ന സത്യന്റെ കഥ അറിയാൻ സ്വാഗതം സത്യം.