'കുത്തിക്കൊലയുടെ കലാരഹസ്യങ്ങളിലെ' കാര്യവിചാരങ്ങള്‍

#പ്രസീത മനോജ്
പുസ്തകത്തിന്റെ കവര്‍
പുസ്തകത്തിന്റെ കവര്‍

എല്ലാ കഥയും ചരിത്രമാണ്. എല്ലാ ചരിത്രവും കഥയും. ഈയൊരു ചേര്‍ച്ചയിലൂടെയാണ് ബിജു സി.പി.യെന്ന കഥയെഴുത്തുകാരന്റെ സൂക്ഷ്മസഞ്ചാരം. വായനക്കാരന്റെ വഴിനടത്തങ്ങളില്‍ അന്വേഷണത്തിന്റെ വഴി തുറന്നിടാനുള്ള ശ്രമമാണ് ഓരോ കഥയും. വ്യത്യസ്ത വിജ്ഞാനമേഖലകളിലൂടെ നടന്നുകയറി പുതിയ ആഖ്യാനത്തിന്റെ അത്ഭുതങ്ങള്‍ സൃഷ്ടിയ്ക്കാന്‍ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. ഗൗരവമുള്ള ആശയതലങ്ങളും നര്‍മ്മഭാവനയുണ്ടാക്കുന്ന രസങ്ങളും ഒരേ തരത്തില്‍ ചാലിച്ചെടുത്ത് പുതിയ പണിപ്പുരയിലെ ആയുധങ്ങള്‍ തേച്ചുമിനുക്കി വായനക്കാരനില്‍ വിസ്മയമുണ്ടാക്കുകയാണ് ബിജു.സി.പി. പൊതുവെ കേരളത്തിന്റെ സാംസ്‌കാരിക-സാമൂഹിക-ചരിത്രസങ്കല്പങ്ങളെ വിമര്‍ശിക്കുകയെന്നതിനപ്പുറം, തേഞ്ഞു പഴകിയ എഴുത്തിന്റെ രീതിശാസ്ത്രത്തെയും ആശയമണ്ഡലത്തേയും വിമര്‍ശനാത്മകമായി സമീപിക്കുന്ന ബോധപൂര്‍വ്വമായ ശ്രമങ്ങളില്‍ എഴുത്തുകാരന്‍ വിജയിക്കുന്നു. വൈദേശിക, രചനകള്‍, എഴുത്തുകാര്‍, ചരിത്രപുരുഷന്മാര്‍, കേരളത്തിന്റെ ഐതിഹ്യശില്പികള്‍, ചരിത്രനിര്‍മ്മാണത്തിന്റെ കുന്നിന്‍ ചരിവുകള്‍ എല്ലാം കഥയുടെ നിറക്കൂട്ടുകളില്‍ മിശ്രണം ചെയ്തിരിക്കുന്നു. മലയാളസാഹിത്യചരിത്രത്തെയാകെ പ്രതിക്കൂട്ടിലാക്കുന്ന കഥയെന്നാണ്  'നിത്യാര്‍ത്തവാംബികയുടെ കഥ'യെ എന്‍.ശശിധരന്‍ ആമുഖത്തില്‍ അടയാളപ്പെടുത്തുന്നത്. അഞ്ചുവര്‍ഷം കൊണ്ട് കഥാകാരനൊരുക്കിയ കഥക്കൂട്ടില്‍ നിന്നും കടഞ്ഞെടുക്കുന്ന സത്തയാണീ കഥകള്‍.

ഒന്നാമത്തെ കഥയായ കടലോടികള്‍ ചരിത്രവിവരണം പോലെ നീണ്ടുനിവര്‍ന്ന് കാലമടയാളപ്പെടുത്തുന്നു. ചരിത്രഗവേഷകന്റെ പുരാവസ്തു വിദഗ്ദ്ധന്റെ കയ്യൊപ്പ് പതിഞ്ഞ അന്വേഷണങ്ങള്‍ കടലോടിയെ കഥയായി വായനക്കാരന് കാണാന്‍ കഴിയാതെ കൂടുതല്‍ തിരയാനുള്ള ഉള്‍ക്കടലിലേക്ക് നീന്തിനീന്തിപ്പോകാനുള്ള വഴിയായി പരിണമിക്കുന്നു. പരിവര്‍ത്തനത്തിന്റെ അപരിചിതമായൊരു മാര്‍ഗ്ഗമാണിവിടെ പരിചയപ്പെടുത്തുന്നത്. ഡോ. ജൂഡിയുടെ കണ്ടെത്തലുകള്‍ അതിപുരാതന മിത്തുകളില്‍നിന്നും ജീവിതത്തിന്റെ നൈരന്തര്യം രേഖപ്പെടുത്തിയ യൂണിയന്‍പരികല്പനകളെ ഓര്‍മ്മിപ്പിയ്ക്കും. കരമനുഷ്യരും കടലോടികളുമായി അതിപുരാതന ബന്ധത്തിന്റെ അബോധസ്മൃതികളുമായി ചേര്‍ന്നുവന്നത് നരവംശശാസ്ത്രത്തിന്റെ പ്രധാന സവിശേഷതയാണ്. കഥയുടെ സ്വഭാവത്തെ തെല്ലൊന്ന് വഴിമാറ്റി, വിവരണാത്മകതയുടെ ആഖ്യാനതന്ത്രങ്ങള്‍ പരീക്ഷിക്കുന്നതും എഴുത്തിന്റെ ചിട്ടയായ ആസൂത്രണം കൊണ്ടുതന്നെ. 

വിചിത്രമായ സ്വപ്നത്തില്‍ നിന്നാണ് സസ്യങ്ങളുടെ സാമൂഹ്യശാസ്ത്രം എന്ന കഥ വികസിക്കുന്നത്. മാക്‌സ് ഗ്രെവാള്‍ഡ് എന്ന സായ്പിന്റെ പ്രതികാരത്തിന്റെ കൂര്‍ത്തമുനയില്‍ നിന്നു ചരിത്രത്തിന്റെ ചോരത്തുള്ളില്‍ ഊറിയൂറിയുതിരുന്നത് ആകാംക്ഷയോടെയോ വായിക്കുവാനാകൂ. അധികാരിയുടേയും അടിയാളന്റേയും രൂപപ്പെടലിന്റെ സൂക്ഷ്മമനഃശാസ്ത്രം, ചരിത്രത്തിന്റെ ഉള്ളടരുകളില്‍ ആരും കാണാതെ പോയ മനുഷ്യമനസ്സിന്റെ അനക്കങ്ങള്‍. അതൊട്ടും ചെറിയ ചലനമല്ല, വലിയ ശബ്ദങ്ങളിലേക്ക് സമൂഹത്തെ നയിച്ച കാരണങ്ങള്‍ കൂടിയാണത്. കടല്‍ കടന്നെത്തിയ അധികാരത്തിന്റെ ദുരയുടെ രതിയുടെ ശക്തിയുടെ ആക്കങ്ങളില്‍ തേഞ്ഞുപോയ നാട്ടുമനുഷ്യരുടെ ജീവിതം. അവരുടെ സ്വപ്നം-പക-തകര്‍ച്ചകള്‍. ഇത് ചരിത്രമാണ്. ഗ്രെവാള്‍ഡ് സായ്പിന്റേയും ദൈാരൈസാമിയുടേയും-ജീവിതം-തലമുറകളിലൂടെ പകര്‍ന്ന് കേരളത്തിന്റെ സാമൂഹ്യചരിത്രത്തിന്റെ ചുവരുകളില്‍ പതിഞ്ഞുകിടന്നു. ചരിത്രത്തിലെ കാണാക്കഥകള്‍ ചികയുന്നതില്‍ കഥാകാരനുള്ള മിടുക്ക് മുദ്രയിടുന്ന കഥകൂടിയാണ് ഇത്.

പുസ്തകം വാങ്ങാം

പൂഴിക്രിക്കറ്റ് കൊച്ചിക്കരയുടെ സാധാരണക്കാരുടെ ജീവിതഗാഥയാണ്. അനേകമനേകം ആളുകളുടെ സ്വപ്നങ്ങള്‍ ചില തീരങ്ങളില്‍ ദഹിക്കാതെ കുടുങ്ങിക്കിടക്കും. കൊച്ചിക്കടലോരത്തെ ജീവിതം മാറിമറിയുന്ന ചില കാഴ്ചകള്‍ ഒപ്പിയെടുത്തിരിക്കുകയാണ്. ഒരു കളിയിടത്തില്‍നിന്നും അടര്‍ന്നുവീണ ജീവിതത്തിന്റെ കഥ.

പുസ്തകത്തിലെ മാസ്റ്റര്‍പീസായ കുത്തിക്കൊലയുടെ കലാരഹസ്യങ്ങള്‍, പ്രൊഫസര്‍ തോമസ് എന്ന ക്രിമിനോളജിസ്റ്റിന്റെ ജീവിതത്തിലെ ക്രിമിനല്‍ വഴികള്‍ ആരെയും ഭയപ്പെടുത്തും. പതിയെ പതിയെ കാതുകൂര്‍പ്പിച്ച് ഒരു വലിയ ഒച്ചയില്‍ ഞെട്ടിത്തരിക്കുന്നതുപോലെ. പ്രൊഫസര്‍ തോമസ് വായനക്കാരനിലേക്ക് വളരുന്നു. ജേര്‍ണലിസ്റ്റിന്റെ അന്വേഷണബുദ്ധിയ്ക്കുമപ്പുറം വളരന്ന കൊലപാതകിയുടെ കൈവിരുതിന്റെ കണ്‍കെട്ടിന്റെ ഇന്ദ്രജാലമാണ് ഈ കഥ. ഒടുവില്‍ ഏത് തെറ്റിന്റേയും വലിയ ശിക്ഷപോലെ ഇല്ലാതാകുന്ന ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാറില്ല എന്നതുപോലെ, പ്രൊഫ.തോമസിന്റെ വഴിതെറ്റിയ യാത്രയുടെ കാരണങ്ങള്‍ അജ്ഞാതമായിത്തന്നെ അവശേഷിക്കും. 

'നിത്യാര്‍ത്തവാംബിക' കൊട്ടാരത്തിന്റെ ശങ്കുണ്ണിയെന്ന ഐതിഹ്യമാലാകാരനോടുള്ള സംവാദം പോലെയാണ്. ഇവിടെയാണ് ആവര്‍ത്തിക്കുന്ന ചില ഐതിഹ്യകഥകളെ വിമര്‍ശനാത്മകമായി സമീപിക്കാനുള്ള ആര്‍ജ്ജവം എഴുത്തുകാരന്‍ കൈക്കൊള്ളുന്നു. ജാതിയും സമൂഹവും എന്നും ഒരേ താളത്തില്‍ പറയാന്‍ ശ്രമിച്ച എഴുത്തുകാരന്റെ കൈകുറ്റത്തേയും പരിഹസിക്കാന്‍ മടിക്കുന്നില്ല. 

'ചിരികളിപാതിരി' പേരുപോലെ കൗതുകക്കാഴ്ചയാണ്. ഗുണ്ടര്‍ട്ടും, ഡോ.സക്കറിയയും ജര്‍മ്മന്‍ സര്‍വ്വകലാശാലയുമെല്ലാം കഥാപാത്രങ്ങളാകുന്ന വ്യത്യസ്തമായ കഥ. ചരിത്രവും വര്‍ത്തമാനവും ഇടകലര്‍ന്ന് സംസാരിക്കുമ്പോള്‍ പോലും എഴുത്തിന്റെ വഴക്കങ്ങള്‍ നഷ്ടമാകാതെ ചേര്‍ത്തുവയ്ക്കാനും കഴിയുന്നുണ്ട്. സാഹിത്യചരിത്രവും ചരിത്രനിര്‍മ്മാതാക്കളുമെല്ലാം അണിനിരക്കുന്ന കഥയില്‍, ചരിത്രത്തില്‍ വിസ്മരിക്കുന്ന, നഷ്ടമായ ചില മുദ്രകളെ തെളിയിച്ചെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അങ്ങനെയും ചിലതുണ്ടെന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ കഥ.

ഒരു പോലീസ് ഓഫീസറുടെ ജീവിതത്തിലെ അസാധാരണ സംഭവവും ഇവിടെ കഥയാകുന്നു. ചില വാര്‍ത്തകളില്‍ നിന്നും നഷ്ടമാകുന്ന ജീവിതം കണ്ടെത്താനുള്ള കഥാകാരന്റെ ശ്രമം അഭിനന്ദനാര്‍ഹമാണ്.

'കുറ്റവും ശിക്ഷയും' സാക്ഷാല്‍ ദസ്തയേവ്‌സ്‌കിയുടെ കഥാലോകത്തെ ചരിത്രത്തില്‍ നിന്നും ഉണര്‍ത്തിയെടുക്കുകയാണ്. വിശ്വസാഹിത്യകാരന്റെ കഥയും അക്കാലത്തെ ചിത്രവും ചരിത്രവും, ഒരു പെണ്‍കുട്ടിയുടെ വായനാവഴിയിലെ അത്ഭുതമായി തെളിയുന്ന ഒതുക്കമുള്ള കഥയാണ് കുറ്റവും ശിക്ഷയും.

നീലവാവ്, കാലപ്പഴക്കം കൊണ്ട് മാഞ്ഞ് പോകാന്‍ തുടങ്ങിയ ഓര്‍മ്മകളാണ്. സ്‌കൂള്‍ ജീവിതത്തിന്റെ തിരുശേഷിപ്പുകള്‍ വാരിയെടുക്കുന്ന, രീയൂണിയനുകള്‍ അതിഭാവുകത്വത്തിന്റേയും ആഹ്ലാദത്തിന്റേയും പതിവുരസങ്ങളില്‍നിന്നും നഗ്‌നമായ യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് വായനക്കാരനെ എത്തിക്കുക.

തോതാ മേരീസ് നാടന്‍ അടുക്കള യഥാര്‍ത്ഥമായ ചില അടുക്കള ചരിത്രമാണ്. രുചിയുടെ ഓര്‍മ്മകള്‍ കോര്‍ത്തിണക്കിയ അടുക്കള, കേരളത്തിന്റെ പഠനവും, വിദേശത്തേയ്ക്കുള്ള കുടിയേറ്റങ്ങളും അവയുടെ കാരണങ്ങളും, ചില കോട്ടയം കഥകളും കോര്‍ത്തിണക്കിയ കഥക്കൂട്ടാണ്.

ഓരോ കഥയും ഭാഷയുടെയും ചരിത്രത്തിന്റേയും പുത്തനടരുകളെ പരിചയപ്പെടുത്തിക്കൊണ്ടും ചിന്തിപ്പിച്ചുകൊണ്ടും മുന്നേറുന്നു. എഴുതി തഴക്കം വന്ന മൂര്‍ച്ചയേറിയ ശൈലി കഥകളെ വ്യത്യസതമാക്കുന്നു. മലയാളകഥയുടെ ചരിത്രത്തിലേക്ക് പതിഞ്ഞുചേരുന്ന തൂവലായി ഈ കഥാസമാഹാരം ചേര്‍ത്തുവയ്ക്കാം. 

Content Highlights: praseetha manoj reviews the book kuthikkolayude kalarahasyangal by biju c.p