‘നമ്മക്ക് പേടിച്ചും പിഴയ്ക്കാം, പേടികൊണ്ടും പിഴയ്ക്കാം. ഗോവിന്ദൻ എങ്ങനാ പിഴയ്ക്കാൻ പോണതെന്ന് ഗോവിന്ദൻ തന്നെ നിരീക്കണം.’.

ചില നോവലുകൾ വായിച്ചു കഴിഞ്ഞാലും അതിലെ കഥാപാത്രങ്ങൾ നമ്മെ വിട്ടുപോകാൻ കൂട്ടാക്കില്ല. അവരുടെ ജീവിതം നമ്മുടെ ഓർമകളിൽ ഇടംപിടിക്കുകയും വേദനകൾ നമ്മുടെ അനുഭവങ്ങളോട് ചേർന്നുനിൽക്കുകയും ചെയ്യും. അവർ ജീവിച്ച കാലത്തെക്കുറിച്ച് നമ്മൾ വീണ്ടുംവീണ്ടും ആലോചിക്കേണ്ടിവരും. ജോജി ചന്ദ്രശേഖരൻ എഴുതിയ ‘ഒരു ഗുസ്തിക്കാരന്റെ ആത്മകഥ’ അത്തരമൊരു വായനാനുഭവമാണ്. അക്ഷരങ്ങൾ തീർക്കുന്ന മൂർച്ചയിൽ പോയകാലത്തിന്റെ കാഴ്ചകൾ നമ്മെ മുറിപ്പെടുത്തും. നോവലിലെ മഹാമാന്ത്രികനായ നാരായണമേനോനെ പോലെ അക്ഷരങ്ങളുടെ മാന്ത്രികവടിയെടുത്ത് ജോജി ചന്ദ്രശേഖരൻ എന്ന എഴുത്തുകാരൻ നമ്മെ കേരളത്തിന്റെ ചരിത്രഭൂമികയിലേക്ക് വലിച്ചുകൊണ്ടുപോകും.
ഒരു ഗുസ്തിക്കാരന്റെ ആത്മകഥയെന്നാണ് പേരെങ്കിലും ഈ നോവൽ ഒരു ഗുസ്തിക്കാരന്റെ ജീവിതകഥ മാത്രമല്ല. സമൂഹത്തിന്റെ കഥകൂടിയാണ്. ഗോദ ഇവിടെ ഒരു കളിസ്ഥലം മാത്രമല്ല, ജീവിതം തന്നെയാണ്. ഓരോ മനുഷ്യനും അവന്റെ എതിരാളികളോട് പൊരുതേണ്ടിവരുന്നു. ചിലർ വാഴുന്നു, ചിലർ വീഴുന്നു. ചിലർ വീണിടത്തുനിന്ന് എഴുന്നേൽക്കുന്നു. ആ വീഴ്ചകളുടെയും എഴുന്നേൽപ്പുകളുടെയും ഇടയിലാണ് ജോജിയെന്ന എഴുത്തുകാരൻ തന്റെ കഥാപാത്രങ്ങളെ കണ്ടെത്തിയിരിക്കുന്നത്. നോവലിലെ ഗോവിന്ദനുണ്ണി അതുകൊണ്ടുതന്നെ മറക്കാനാവാത്ത കഥാപാത്രമായി മാറുന്നു.
നാരായണമേനോൻ എന്ന മാടമ്പിയുടെ കൺമുന്നിൽ ഗോവിന്ദനുണ്ണി വളരുകയാണ്, ഒരു നാടിനെ മുടിപ്പിക്കുന്ന ജന്മിത്തത്തിനുമുന്നിൽ പുതിയ പ്രത്യയശാസ്ത്രമെന്നപോലെ. തന്റെ കൺമുന്നിൽ വളരുന്ന ആ കുഞ്ഞിനോട് പുച്ഛമാണ് നാരായണമേനോന്. ഒരിക്കൽ തന്റെ വഴിയിൽ ഇവൻ മുള്ളായി മാറുമോ എന്നു സംശയിക്കുന്ന നാരായണമേനോൻ ആ പുതിയ ആശയത്തെ പലപ്പോഴും വെല്ലുവിളിക്കുന്നതും കാണാം. ഒരിക്കൽ അവന്റെ ചെറുത്തുനിൽപ്പിൽ അടിതെറ്റിവീഴുന്ന നാരായണമേനോൻ ഗോവിന്ദനുണ്ണിയെ ഇല്ലാതാക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. ഒട്ടും അനുകൂലമല്ലാത്ത ഒരു സാമൂഹിക അന്തരീക്ഷത്തിലുള്ള ഗോവിന്ദനുണ്ണിയുടെ വളർച്ച ഒരു പുതിയ പ്രത്യയശാസ്ത്രത്തിന്റെ വളർച്ചകൂടിയാണെന്നു തിരിച്ചറിയുന്ന നിമിഷം അക്ഷരങ്ങളുടെ മാന്ത്രികത തിരിച്ചറിഞ്ഞ്, വായനയുടെ പാതിവഴിയിൽ നമ്മൾ അന്തംവിട്ടുനിന്നുപോകും.
ഒരു സന്ദർഭത്തിൽ പേടിച്ചു നിൽക്കുന്ന കൊച്ചു ഗോവിന്ദനുണ്ണിയോട് കാളിവല്യമ്മ പറയുന്നുണ്ട്– ‘നമ്മക്ക് പേടിച്ചും പിഴയ്ക്കാം, പേടികൊണ്ടും പിഴയ്ക്കാം. ഗോവിന്ദൻ എങ്ങനാ പിഴയ്ക്കാൻ പോണതെന്ന് ഗോവിന്ദൻ തന്നെ നിരീക്കണം.’. അതു കേൾക്കുമ്പോൾ ഗോവിന്ദനുണ്ണിയുടെ ചിന്തകൾ – ചുരുട്ടിപ്പിടിച്ച ഒരു മുഷ്ടിപോലെ അവന്റെ ഹൃദയത്തിൽ ഫണമുയർത്തിനിന്നുവെന്നാണ് പറയുന്നത്. അതൊരു വളർച്ചയുടെ പടിയായി മാറുകയായിരുന്നു. ജന്മിയായ നാരായണമേനോന്റെ ചെയ്തികൾക്ക് എതിരുനിൽക്കുന്ന അമ്മയും ആ കാലത്തിന്റെ പ്രതീകമാണ്. ഇത്തരത്തിൽ എത്രയെത്ര കഥാപാത്രങ്ങൾ.
ഗോവിന്ദനുണ്ണിയുടെ ജീവിതത്തിലൂടെ കടന്നുപോകുമ്പോൾ കേരളത്തിന്റെ സാമൂഹിക ചരിത്രത്തിലെ പല അടഞ്ഞ വാതിലുകളും തുറക്കപ്പെടും. ഇതൊരു ചരിത്ര പുസ്തകമോ, രാഷ്ട്രീയ പുസ്തകമോ അല്ല. എന്നാൽ ഈ ഘടകങ്ങളെല്ലാം മനുഷ്യജീവിതത്തിന്റെ ആന്തരിക സംഘർഷങ്ങളുമായി ചേർത്തുവച്ചിരിക്കുകയാണ്. വ്യവസ്ഥയുടെ സുരക്ഷിതമായ ദൂരത്തുനിന്ന് ജീവിതത്തെ നോക്കിയല്ല ഈ എഴുത്ത് രൂപപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിലെ മനുഷ്യരുടെ വേദനയ്ക്ക് അസ്വസ്ഥതയുണ്ട്, സ്വപ്നങ്ങൾക്ക് ചൂടുണ്ട്, പരാജയങ്ങളിൽ നിശ്ശബ്ദമായ നിലവിളിയുണ്ട്. എഴുത്തുകാരന്റെ ഭാഷയും ഈ അനുഭവത്തിന് ഒപ്പമാണ് സഞ്ചരിക്കുന്നത്. വലിയ പ്രഖ്യാപനങ്ങളെക്കാൾ ജീവിതത്തിന്റെ ചെറിയ ചലനങ്ങളിലാണ് അദ്ദേഹം എഴുത്തിന്റെ ശക്തി കണ്ടെത്തുന്നത്. ഒരു കാലത്തെ രേഖപ്പെടുത്തുക എന്നതും ഒരു കാലത്തോട് കണക്കുചോദിക്കുക എന്നതും രണ്ടാണ്. ‘ഒരു ഗുസ്തിക്കാരന്റെ ആത്മകഥ’ രണ്ടാമത്തേതിലേക്കുകൂടി നീങ്ങുന്ന നോവലാണ്. അതുകൊണ്ടുതന്നെ ഇതു വായിച്ചു മടക്കി അലമാരയിൽ വയ്ക്കാനുള്ള പുസ്തകമല്ല. വീണ്ടും തുറക്കേണ്ടി വരും. ചില കഥാപാത്രങ്ങളെ വീണ്ടും കാണാൻ. ചില സംഭവങ്ങളെ അടുത്തറിയാൻ. ക്ലാസിക്കുകളെ കാലം തീരുമാനിക്കുന്നത് അവ പ്രസിദ്ധീകരിച്ച വർഷം കൊണ്ടല്ല, കാലം മാറിയിട്ടും അവ നമ്മോട് സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ടോ എന്നതുകൊണ്ടാണ്.
ആ അർത്ഥത്തിൽ ‘ഒരു ഗുസ്തിക്കാരന്റെ ആത്മകഥ’യ്ക്ക് മുന്നിൽ നീണ്ടൊരു വായനാജീവിതമുണ്ട്. തീർച്ചയായും മലയാള നോവൽ സാഹിത്യത്തിന്റെ സമ്പന്നമായ പാരമ്പര്യത്തിൽ നിധിപോലെ സൂക്ഷിച്ചുവയ്ക്കാവുന്ന നോവലാണിത്.